24 November Sunday

അബുദാബി ശക്തി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Jun 30, 2015

തിരുവനന്തപുരം > 2015ലെ അബുദാബി ശക്തി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ശക്തി-ടി കെ രാമകൃഷ്ണന്‍ പുരസ്കാരത്തിന് പ്രശസ്ത ചിന്തകനും എഴുത്തുകാരനുമായ പ്രൊഫ. വി അരവിന്ദാക്ഷന്‍ അര്‍ഹനായി. സാഹിത്യ-ധൈഷണികമേഖലയിലെ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്കാരമെന്ന് അവാര്‍ഡ് നിര്‍ണയസമിതി ചെയര്‍മാന്‍ പി കരുണാകരന്‍ എംപി, കണ്‍വീനര്‍ എ കെ മൂസ മാസ്റ്റര്‍, സമിതി അംഗങ്ങളായ ദേശാഭിമാനി ചീഫ് എഡിറ്റര്‍ വി വി ദക്ഷിണാമൂര്‍ത്തി, കവി പ്രഭാവര്‍മ്മ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 25,000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.

മാര്‍ക്സിസ്റ്റ് ചിന്തകന്‍, പ്രഭാഷകന്‍, വിമര്‍ശകന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനാണ് പ്രൊഫ. വി അരവിന്ദാക്ഷന്‍. മുന്‍ സാംസ്കാരികമന്ത്രി ടി കെ രാമകൃഷ്ണന്റെ സ്മരണാര്‍ഥമാണ് പുരസ്കാരം ഏര്‍പ്പെടുത്തിയത്. സാഹിത്യനിരൂപണത്തിനുള്ള ശക്തി-തായാട്ട് ശങ്കരന്‍ പുരസ്കാരത്തിന് ഡോ. എം എം ബഷീര്‍ അര്‍ഹനായി. "തിരിച്ചറിവുകള്‍' എന്ന കൃതിക്കാണ് പുരസ്കാരം. ഇതര സാഹിത്യ രചനകള്‍ക്കുള്ള എരുമേലി പുരസ്കാരത്തിന് ഇ എം രാധ അര്‍ഹയായി. "ഇ എം എസ് മകളുടെ ഓര്‍മകള്‍' എന്ന കൃതിക്കാണ് പുരസ്കാരം. 15,000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. തുടക്കംമുതല്‍ അവാര്‍ഡ് കമ്മിറ്റി അംഗമായും തുടര്‍ന്ന് കണ്‍വീനറായും പ്രവര്‍ത്തിച്ച അന്തരിച്ച വിദ്യാഭ്യാസവിചക്ഷണനും സാംസ്കാരികപ്രവര്‍ത്തകനുമായിരുന്ന എരുമേലി പരമേശ്വരന്‍പിള്ളയുടെ സ്മരണാര്‍ഥം ഇതര സാഹിത്യരചനയ്ക്കുള്ള അവാര്‍ഡ് ഇനി എരുമേലി പുരസ്കാരം എന്ന പേരിലാകും നല്‍കുക.

മികച്ച നോവലിനുള്ള അബുദാബി ശക്തി അവാര്‍ഡിന് സതീഷ്ബാബു പയ്യന്നൂര്‍ (ഉള്‍ഖനങ്ങള്‍) അര്‍ഹനായി. ചെറുകഥയ്ക്കുള്ള പുരസ്കാരം അശോകന്‍ ചരുവില്‍ (നോവെല്ലകള്‍), ഇ പി ശ്രീകുമാര്‍ (കറന്‍സി) എന്നിവര്‍ പങ്കിട്ടു. കവിതയ്ക്കുള്ള പുരസ്കാരം എസ് രമേശന്‍ (ഹേമന്തത്തിലെ പക്ഷി), ശരത്ചന്ദ്രലാല്‍ (ശരത്ചന്ദ്രലാലിന്റെ നാല് കാവ്യങ്ങള്‍) എന്നിവര്‍ പങ്കിട്ടു. വൈജ്ഞാനികസാഹിത്യത്തിനുള്ള പുരസ്കാരത്തിന് ദേശാഭിമാനി വാരിക ചീഫ് സബ് എഡിറ്റര്‍ ഷിബു മുഹമ്മദ് അര്‍ഹനായി. "ഉടലുകള്‍ പാടുമ്പോള്‍' എന്ന കൃതിക്കാണ് പുരസ്കാരം. രാജ്മോഹന്‍ നീലേശ്വരത്തിന്റെ "വെയിലിന്റെ നിറം' എന്ന കൃതിക്കാണ് നാടകത്തിനുള്ള പുരസ്കാരം. 15,000 രൂപയും ഫലകവും അടങ്ങുന്നതാണ് ഓരോ പുരസ്കാരവും. ബാലസാഹിത്യവിഭാഗത്തില്‍ എം എം സചീന്ദ്രന്റെ "നായാട്ട്' എന്ന കൃതിക്കാണ് പുരസ്കാരം. 10,000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. പുരസ്കാരങ്ങള്‍ ആഗസ്ത് രണ്ടാംവാരം കൊല്ലത്ത് നടക്കുന്ന ചടങ്ങില്‍ വിതരണംചെയ്യും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top