04 December Wednesday

പാഠപുസ്തക സമരം : വിദ്യാര്‍ഥികളെ തല്ലിച്ചതച്ചു

സ്വന്തം ലേഖകര്‍Updated: Monday Jul 6, 2015

തിരുവനന്തപുരം/കോഴിക്കോട് /പാലക്കാട് > പാഠപുസ്തകം ചോദിച്ച് സമരംചെയ്ത വിദ്യാര്‍ഥികളെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൊലീസ് അതിക്രൂരമായി തല്ലിച്ചതച്ചു. എസ്എഫ്ഐ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രക്ഷോഭത്തിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ നിയമസഭയിലേക്കും കോഴിക്കോട് ഡിഡിഇ ഓഫീസിലേക്കും പാലക്കാട് കലക്ടറേറ്റിലേക്കും നടത്തിയ മാര്‍ച്ചുകള്‍ക്കു നേരെയായിരുന്നു ആക്രമണം. ഗ്രനേഡും ലാത്തിച്ചാര്‍ജും കണ്ണീര്‍വാതകവും ജലപീരങ്കിയും ഉപയോഗിച്ച് വിദ്യാര്‍ഥികളെ വേട്ടയാടി. കണ്ണീര്‍വാതകപ്രയോഗത്തിലും ലാത്തിയടിയിലും നിരവധി എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ഗ്രനേഡാക്രമണം നടത്തി തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിനെ പൊലീസ് യുദ്ധക്കളമാക്കി. വഴിയാത്രക്കാരെയും ആക്രമിച്ചു.

തിരുവനന്തപുരത്ത് എസ്എഫ്ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി രാഹുല്‍, ജില്ലാ പ്രസിഡന്റ് രാഹില്‍ ആര്‍ നാഥ്, ജില്ലാസെക്രട്ടറി പ്രതിന്‍ സാജ് കൃഷ്ണ, സംസ്ഥാന കമ്മിറ്റി അംഗം ശിവപ്രസാദ്, പ്രവര്‍ത്തകരായ അഖില്‍, അജിന്‍, മിഥുന്‍, ബാലസംഘം ജില്ലാ പ്രസിഡന്റ് അജയ് എന്നിവര്‍ക്ക് ഗുരുതര പരിക്കേറ്റു. മിഥുനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വി ശിവന്‍കുട്ടി എംഎല്‍എക്കും പരിക്കേറ്റു. ഇവരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോഴിക്കോട്ട് എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം എന്‍ നിധിന്‍ ഉള്‍പ്പെടെ 13 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാലക്കാട്ട് കണ്ണീര്‍വാതക ഷെല്‍ തട്ടി ചിറ്റൂര്‍ കോളേജിലെ മൃണാള്‍, ചെര്‍പ്പുളശേരി സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ഥി നന്ദകുമാര്‍, ചെര്‍പ്പുളശേരി ഐഡിയല്‍ കോളേജ് വിദ്യാര്‍ഥികളായ അമ്പിളി, എസ്എഫ്ഐ ജില്ലാ കമ്മിറ്റി അംഗം സബിത എന്നിവര്‍ക്ക്് പരിക്കേറ്റു.

പകല്‍ പതിനൊന്നോടെയാണ് തലസ്ഥാനത്ത് പൊലീസ് ആക്രമണം ആരംഭിച്ചത്. പ്രകടനമായി എത്തിയ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കുനേരെ ബാരിക്കേഡില്‍ എത്തുന്നതിനുമുമ്പുതന്നെ പൊലീസ് ആക്രമണം അഴിച്ചുവിട്ടു. യുദ്ധസ്മാരകത്തിനു സമീപം സ്ഥാപിച്ചിരുന്ന ബാരിക്കേഡിനു മുന്നില്‍ കുത്തിയിരുന്ന് സമരം തുടരാന്‍ ശ്രമിച്ച വിദ്യാര്‍ഥികളെ പൊലീസ് വളഞ്ഞിട്ടുതല്ലി. ഡിസിപി കെ സഞ്ജയ്കുമാര്‍ അടക്കമുള്ള ഉന്നത പൊലീസുദ്യോഗസ്ഥര്‍വരെ വിദ്യാര്‍ഥികള്‍ക്കുനേരെ കല്ലെറിഞ്ഞു.യൂണിവേഴ്സിറ്റി കോളേജിലേക്ക് പൊലീസ് നടത്തിയ ഗ്രനേഡാക്രമണത്തില്‍ ക്യാമ്പസ് യുദ്ധക്കളമായി മാറി. കോളേജിനുള്ളില്‍ കടന്ന് അതിക്രമം നടത്താന്‍ പൊലീസ് ശ്രമിച്ചതോടെ വിദ്യാര്‍ഥികള്‍ കോളേജിനു മുന്നില്‍ ശക്തമായി ചെറുത്തുനിന്നു. ആക്രമണമറിഞ്ഞ് നിയമസഭയില്‍നിന്ന് ഇ പി ജയരാജന്റെ നേതൃത്വത്തില്‍ എംഎല്‍എമാര്‍ എത്തിയതോടെയാണ് പൊലീസ് പിന്‍വാങ്ങിയത്. പൊലീസിന്റെ ആക്രമണം തടയാന്‍ ശ്രമിച്ചപ്പോഴാണ് വി ശിവന്‍കുട്ടി എംഎല്‍എക്ക് പരിക്കേറ്റത്.

പന്ത്രണ്ടോടെയാണ് കോഴിക്കോട് ഡിഡിഇ ഓഫീസിലേക്ക് എസ്എഫ്ഐ ജില്ലാ സെക്രട്ടറി കെ അശ്വന്ത്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എന്‍ നിധിന്‍, ലിന്റോ ജോസഫ്, അഞ്ജലി കൃഷ്ണ എന്നിവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ പ്രകടനമായി എത്തിയത്. ഡിഡിഇ ഓഫീസിലേക്ക് കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്കുനേരെ പൊലീസ് ലാത്തിവീശി. തുടര്‍ന്നായിരുന്നു ജലപീരങ്കി പ്രയോഗം. പിന്നീട് ഒരു മണിക്കൂറോളം തെരുവില്‍ പൊലീസിന്റെ നായാട്ടായിരുന്നു. കണ്ണീര്‍വാതകം പ്രയോഗിച്ച് വിദ്യാര്‍ഥികളെ നേരിട്ട പൊലീസ് ഡിഡിഇ ഓഫീസ് മുതല്‍ ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍വരെ ഓടിച്ചിട്ട് അടിച്ചു. കസ്റ്റഡിയിലെടുത്ത എസ്എഫ്ഐ ജില്ലാ സെക്രട്ടറിയറ്റ് അംഗം അതുല്‍ദാസിനെ ലോക്കപ്പിലിട്ട് മര്‍ദിച്ചു. അടിവയറ്റില്‍ മര്‍ദനമേറ്റ അതുല്‍ദാസ് കുഴഞ്ഞുവീണു. ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം അഡ്വ. പി എ മുഹമ്മദ്റിയാസും ജില്ലാ സെക്രട്ടറി പി നിഖിലും സ്റ്റേഷനിലെത്തി ആവശ്യപ്പെട്ടതിനുശേഷമാണ് അതുലിനെ ആശുപത്രിയിലേക്ക് മാറ്റാന്‍ പൊലീസ് തയ്യാറായത്. ജില്ലാ സെക്രട്ടറി കെ അശ്വന്ത്, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ രാഹുല്‍രാജ്, വി കെ വിവേക്, ജില്ലാ കമ്മിറ്റി അംഗങ്ങളായ റിബിന്‍ കൃഷ്ണ, ടി സൂരജ്, അക്ഷയ്, പ്രവര്‍ത്തകരായ രാഹുല്‍, വി സി അമല്‍, മിഥുന്‍ദേവ്, അജയ് എന്നിവര്‍ക്കും പരിക്കേറ്റു.

എംഎല്‍എമാര്‍ക്കുനേരെയും ആക്രമണം; വി ശിവന്‍കുട്ടിക്ക് പരിക്ക്
തിരുവനന്തപുരം > നിയമസഭാ മാര്‍ച്ച് നടത്തിയ വിദ്യാര്‍ഥികളെ പൊലീസ് ആക്രമിക്കുന്നതറിഞ്ഞെത്തിയ ജനപ്രതിനിധികള്‍ക്കുനേരെയും പൊലീസ് അതിക്രമം. വിദ്യാര്‍ഥികളെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ച എംഎല്‍എമാരായ ഇ പി ജയരാജന്‍, വി ശിവന്‍കുട്ടി, പി ശ്രീരാമകൃഷ്ണന്‍, ബി സത്യന്‍, ടി വി രാജേഷ് എന്നിവര്‍ക്കുനേരെ പൊലീസ് ഗ്രനേഡും കണ്ണീര്‍വാതകവും പ്രയോഗിക്കുകയും കല്ലെറിയുകയും ചെയ്തു. വി ശിവന്‍കുട്ടി യുടെ കാലിന് സാരമായി പരിക്കേറ്റു. ഇദ്ദേഹത്തെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top