21 December Saturday

ഓണത്തിന്‌ കൈ നിറയെ

സ്വന്തം ലേഖകൻUpdated: Tuesday Sep 10, 2024

തിരുവനന്തപുരം പേരൂർക്കട ബാപ്പുജി ഗ്രന്ഥശാല ഓഡിറ്റോറിയത്തിൽ സൗജന്യ ഓണക്കിറ്റ് വിതരണത്തിന്റെ 
സംസ്ഥാന ഉദ്ഘാടനത്തിൽ കിറ്റ് വാങ്ങിയ അമ്മമാരുടെ ആഹ്ലാദം

തിരുവനന്തപുരം > കേന്ദ്രസർക്കാർ സാമ്പത്തികമായി ഞെരുക്കുമ്പോഴും  തൊഴിലാളികളുടെയും  സാധാരണക്കാരുടെയും ഓണം സമൃദ്ധമാക്കാൻ സർക്കാർ സഹായം. വയനാട്‌ ദുരന്തത്തിന്റെ പശ്‌ചാത്തലത്തിൽ  ആഘോഷം മാറ്റിവച്ചെങ്കിലും വിവിധ വിഭാഗക്കാർക്ക്‌ സാമ്പത്തിക ആനുകൂല്യങ്ങൾ നൽകി ഓണത്തിന്‌ കൂടുതൽ നിറം പകരുകയാണ്‌. ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിലെയും അയ്യൻകാളി നഗര തൊഴിലുറപ്പ്‌ പദ്ധതിയിലെയും തൊഴിലാളികൾ, പൂട്ടിക്കിടക്കുന്ന സ്വകാര്യ കയർ വ്യവസായ സഹകരണസംഘം തൊഴിലാളികൾ, സമ്പാദ്യപദ്ധതി ഏജന്റുമാർ, കയർത്തൊഴിലാളികൾ, കൈത്തറിത്തൊഴിലാളികൾ എന്നിവർക്ക്‌  ഉത്സവബത്ത  നൽകും.

ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതിത്തൊഴിലാളികൾക്കും നഗര തൊഴിലുറപ്പ്‌ പദ്ധതിത്തൊഴിലാളികൾക്കും 1000 രൂപവീതം നൽകുമെന്ന്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. കഴിഞ്ഞ സാമ്പത്തികവർഷം 100 പ്രവൃത്തിദിനം പൂർത്തിയാക്കിയ 5.69 ലക്ഷം ഗ്രാമീണ തൊഴിലുറപ്പ്‌ തൊഴിലാളികൾക്കും  5,929 നഗരതൊഴിലുറപ്പ്‌ തൊഴിലാളികൾക്കുമാണ്‌  ഉത്സവബത്ത നൽകുക.  57.49 കോടി രൂപയാണ്‌ ഇതിന്‌ ചെലവഴിക്കുക. കഴിഞ്ഞ സാമ്പത്തികവർഷം 100 ദിവസമെങ്കിലും തൊഴിലെടുത്ത പൂട്ടിക്കിടക്കുന്ന സ്വകാര്യ കയർവ്യവസായ സഹകരണസംഘം തൊഴിലാളികൾക്ക്‌ 2000 രൂപവീതം സഹായധനം അനുവദിച്ചു. 10,732 തൊഴിലാളികൾക്ക്‌ സഹായം കിട്ടും. 100 ക്വിന്റലിന്‌ താഴെ കയർ പിരിച്ചിരുന്ന, പൂട്ടിപ്പോയ സംഘങ്ങളിലുള്ളവർക്കാണ്‌ അർഹത. 2.15 കോടി രൂപയാണ്‌ അനുവദിച്ചത്‌.  

ദേശീയ സമ്പാദ്യ പദ്ധതിയിലെ ഒമ്പതിനായിരത്തോളം ഏജന്റുമാർക്ക്‌ ഒരുഗഡു പ്രതിഫലം നൽകാൻ 19.81 കോടിരൂപ അനുവദിച്ചു.  
ചെറുകിട കയർ സംഘങ്ങളിൽനിന്ന്‌ പരമ്പരാഗത കയറുൽപ്പന്നങ്ങൾ ശേഖരിച്ചതിന്റെ വിലയായി കയർ കോർപറേഷന്‌ 10 കോടിരൂപ അനുവദിച്ചു.
സർക്കാർ, എയ്‌ഡഡ്‌ സ്‌കൂളുകളിലെ എൽപി, യുപി വിദ്യാർഥികൾക്ക്‌ സൗജന്യ യൂണിഫോം നെയ്തുനൽകിയ കൈത്തറിത്തൊഴിലാളികൾക്കും കൂലിനൽകും. പദ്ധതിക്കായി 30 കോടിരൂപ അനുവദിച്ചു. അങ്കണവാടി സേവന പദ്ധതിക്കായി 87.13 കോടിരൂപ അനുവദിച്ചു. പൊതു, പട്ടിക വിഭാഗ സേവനങ്ങൾക്കായാണിത്‌.  
സർക്കാർ, സഹകരണ കയറുൽപ്പന്ന സ്ഥാപനങ്ങൾക്ക്‌ വിപണി വികസന ഗ്രാന്റായി 10 കോടിരൂപ അനുവദിച്ചു. കയർ മാറ്റ്‌സ്‌ ആൻഡ്‌ മാറ്റിങ്‌സ്‌ സംഘങ്ങൾ, ഫോം മാറ്റിങ്‌സ്‌ ഇന്ത്യ,  കയർ കോർപറേഷൻ, കയർഫെഡ്‌ എന്നിവയ്‌ക്കാണ്‌ തുക. ഇവയുടെ തൊഴിലാളികൾക്ക്‌ ഓണക്കാല ആനുകൂല്യങ്ങൾ ഉറപ്പാക്കാൻ ഗ്രാന്റ്‌ സഹായിക്കും. വിപണി വികസനത്തിന്‌ കേന്ദ്ര സർക്കാർ സഹായം ആറുവർഷമായി മുടങ്ങിയ സാഹചര്യത്തിലാണ്‌ സംസ്ഥാനം ഓണക്കാല സഹായം ഉറപ്പാക്കുന്നത്‌.  
നേരത്തേ 62 ലക്ഷം ഗുണഭോക്താക്കൾക്ക്‌ രണ്ടു ഗഡു ക്ഷേമപെൻഷൻ അനുവദിച്ചിരുന്നു. സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ബോണസും ഓണബത്തയും അഡ്വാൻസും അനുവദിച്ചിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top