22 October Tuesday

സിഎഎ നടപ്പാക്കില്ല എന്നു പറഞ്ഞാല്‍ നടപ്പാക്കില്ല എന്നു തന്നെ; അമിത് ഷായ്‌ക്ക് മുഖ്യമന്ത്രിയുടെ മറുപടി

വെബ് ഡെസ്‌ക്‌Updated: Saturday Feb 13, 2021

ഉപ്പള > ഒരു കാരണവശാലും പൗരത്വ ഭേദഗതി നിയമം (സിഎഎ) കേരളത്തില്‍ നടപ്പാക്കില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് വാക്‌‌സിനേഷന് ശേഷം സിഎഎ രാജ്യവ്യാപകമായി നടപ്പാക്കുമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്‌താവനയ്‌ക്ക് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.

'തെരഞ്ഞെടുപ്പില്‍ വികസന പ്രശ്‌നങ്ങള്‍ക്ക് പകരം വര്‍ഗീയപ്രചരണം നടത്താനാണ് ചിലര്‍ ശ്രമിക്കുന്നത്. സിഎഎ നടപ്പാക്കുമെന്നാണ് ബിജെപി പറയുന്നത്. ഞങ്ങള്‍ ഒരു നിലപാട് എടുത്തിട്ടുണ്ട്. കേരളത്തില്‍ ഇതിനെ അനുകൂലിക്കില്ല. അതിന്റെ കൂടെ നില്‍ക്കുകയുമില്ല. നടപ്പാക്കുകയുമില്ല. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് എങ്ങനെ നടപ്പാക്കാതിരിക്കാനാകുമെന്ന് ചിലര്‍ ചോദിച്ചിരുന്നു. നടപ്പാക്കില്ല എന്നു പറഞ്ഞാല്‍ നടപ്പാക്കില്ല എന്നു തന്നെയാണ്.' മഞ്ചേശ്വരത്ത് നിന്ന് ആരംഭിച്ച എല്‍ഡിഎഫ് 'വികസന മുന്നേറ്റ ജാഥ' ഉദ്ഘാടനം ചെയ്‌ത് സംസാരിക്കവേ മുഖ്യമന്ത്രി പറഞ്ഞു.

വര്‍ഗീയമായി ആളുകളെ വികാരം കൊള്ളിച്ച് വികസന പ്രവര്‍ത്തനങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. വര്‍ഗീയത നാടിനാപത്താണ്. ആര്‍എസ്എസ് ചെയ്യുന്ന അതേ പ്രവര്‍ത്തിതന്നെയാണ് എസ്‌ഡിപിഐയും ജമാഅത്തെ ഇസ്ലാമിയും ചെയ്യുന്നത്. ന്യൂനപക്ഷ സംരക്ഷണമെന്നത് സ്വയം സംഘടിച്ച് വര്‍ഗീയ ശക്തികളെ നേരിടാനാകുന്ന ഒന്നല്ല. അത് ഇടതുപക്ഷത്തോടൊപ്പം ചേര്‍ന്ന് നടപ്പാക്കേണ്ട ഒരു കാര്യമാണ്. എല്ലാ ശക്തികളും എല്‍ഡിഎഫിന് എതിരാകുന്നത് എല്‍ഡിഎഫ് വര്‍ഗീയതയ്‌ക്കെതിരെ ആയതുകൊണ്ടാണ്. മതനിരപേക്ഷതയുടെ ഗ്യാരന്റി എല്‍ഡിഎഫാണ് നല്‍കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top