തിരുവനന്തപുരം
സംസ്ഥാനത്തെ 13 ജില്ലകളിലെ 49 തദ്ദേശസ്ഥാപന വാർഡുകളിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് മേൽക്കൈ. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ വെള്ളാർ ഡിവിഷൻ ഉൾപ്പെടെ 23 ഇടത്ത് എൽഡിഎഫ് വിജയിച്ചു. 19 വാർഡിൽ യുഡിഎഫും മൂന്നു വാർഡിൽ ബിജെപിയും നാലിടത്ത് സ്വതന്ത്രരുമാണ് ജയിച്ചത്. സിപിഐ എം– -20, സിപിഐ–- രണ്ട്, കേരള കോൺഗ്രസ് എം– ഒന്ന്, കോൺഗ്രസ്– -12, മുസ്ലിം ലീഗ്–-- ആറ്, കേരള കോൺഗ്രസ്–- ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. വെള്ളനാട് ജില്ലാ ഡിവിഷൻ യുഡിഎഫിൽനിന്ന് എൽഡിഎഫ് പിടിച്ചെടുത്തു. സിപിഐ എമ്മിലെ വെള്ളനാട് ശശി 1143 വോട്ടിനാണ് വിജയിച്ചത്. നാലു ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനിൽ രണ്ടിടത്ത് എൽഡിഎഫും രണ്ടിടത്ത് യുഡിഎഫും വിജയിച്ചു. ആറ് നഗരസഭാ വാർഡുകളിൽ മൂന്നു സീറ്റ് വീതം എൽഡിഎഫിനും യുഡിഎഫിനും ലഭിച്ചു.
യുഡിഎഫിൽനിന്ന് ഏഴും ബിജെപിയിൽനിന്ന് നാലും ഉൾപ്പെടെ 11 വാർഡ് എൽഡിഎഫ് പിടിച്ചെടുത്തു. ആറ്റിങ്ങൽ നഗരസഭയിലെ രണ്ടു വാർഡുകളും ബിജെപിക്ക് നഷ്ടമായവയിൽപ്പെടും.
ഉപതെരഞ്ഞെടുപ്പിലെ വിജയത്തോടെ ആലപ്പുഴ മാന്നാർ, തിരുവനന്തപുരം പെരിങ്ങമ്മല പഞ്ചായത്തിലും എൽഡിഎഫ് ഭരണമുറപ്പിച്ചു. കൊല്ലം ജില്ലയിലെ തൊടിയൂർ പഞ്ചായത്ത് ഭരണം യുഡിഎഫിന് ലഭിക്കും. തിരുവനന്തപുരം ജില്ലയിൽ ബിജെപി ഭരണത്തിലുള്ള കരവാരം പഞ്ചായത്തിലെ രണ്ടു വാർഡുകളും ബിജെപിയിൽനിന്ന് എൽഡിഎഫ് പിടിച്ചെടുത്തതോടെ അവർക്ക് ഭൂരിപക്ഷം നഷ്ടമായി. തലസ്ഥാന ജില്ലയിൽ തെരഞ്ഞെടുപ്പ് നടന്ന എട്ടുവാർഡിലും എൽഡിഎഫിനാണ് ജയം. നാലെണ്ണം യുഡിഎഫിൽനിന്നും നാലെണ്ണം ബിജെപിയിൽനിന്നും പിടിച്ചെടുക്കുകയായിരുന്നു.
തലസ്ഥാനം തൂത്തുവാരി
തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ തലസ്ഥാന ജില്ലയിൽ തെരഞ്ഞെടുപ്പുനടന്ന എട്ടിടത്തും എൽഡിഎഫ് വിജയിച്ചു. ഇതിൽ നാലെണ്ണം യുഡിഎഫിൽനിന്നും നാലെണ്ണം ബിജെപിയിൽനിന്നും പിടിച്ചെടുത്തതാണ്. തെരഞ്ഞെടുപ്പുനടന്ന ഏക ജില്ലാ പഞ്ചായത്ത് ഡിവിഷനായ വെള്ളനാട് യുഡിഎഫിൽനിന്ന് എൽഡിഎഫ് പിടിച്ചെടുത്തു. വെള്ളനാട് ശശി 1143 വോട്ടിന് വിജയിച്ചു. ആറ്റിങ്ങൽ നഗരസഭയിലെ രണ്ടു വാർഡുകൾ ബിജെപിയിൽനിന്ന് എൽഡിഎഫ് പിടിച്ചെടുത്തു. പെരിങ്ങമ്മല പഞ്ചായത്തിലെ മൂന്നു വാർഡുകളും യുഡിഎഫിൽനിന്നും കരവാരം പഞ്ചായത്തിലെ രണ്ടു വാർഡുകളും ബിജെപിയിൽനിന്നും പിടിച്ചെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..