22 December Sunday

തദ്ദേശ ഉപതെരഞ്ഞെടുപ്പ്‌ ; ജനകീയ അടിത്തറ ഉറപ്പിച്ച വിജയം

ദിനേശ്‌ വർമUpdated: Thursday Aug 1, 2024


തിരുവനന്തപുരം
ജനകീയ പ്രശ്‌നങ്ങൾ ഏറ്റെടുക്കുന്നതിൽ എന്നും മുന്നിൽനിൽക്കുന്ന ഇടതുപക്ഷത്തെ കേരളജനത വർധിത ആവേശത്തോടെ നെഞ്ചോട്‌ ചേർക്കുമെന്ന്‌ തെളിയിച്ച്‌ തദ്ദേശ ഉപതെരഞ്ഞെടുപ്പ്‌ ഫലം. 49 വാർഡിൽ 23ലും എൽഡിഎഫ്‌ വിജയിച്ചതിലൂടെ 2020ലെ തദ്ദേശ തെരഞ്ഞെടുപ്പിലെ അതേ ജനവികാരമാണ്‌ ഇപ്പോഴുമുള്ളതെന്ന്‌ വ്യക്തമാക്കുന്നു.

ഒരു ജില്ലാപഞ്ചായത്ത്‌ ഡിവിഷനടക്കം തിരുവനന്തപുരം ജില്ലയിൽ എട്ടിടത്ത്  മറ്റു മുന്നണികളിൽനിന്ന്‌ പിടിച്ചെടുത്ത വിജയത്തിന്‌ പത്തരമാറ്റ്‌ തിളക്കം. തിരുവനന്തപുരമടക്കം ചില ജില്ലകൾ ബിജെപി അപ്പാടെ പിടിച്ചെടക്കുമെന്ന്‌ വീമ്പിളക്കിയവർക്ക്‌ കണ്ണുതുറന്ന്‌ കാണാം ഈ ഫലം. ബിജെപി ക്കും യുഡിഎഫിനും കനത്ത പ്രഹരമാണ്‌ തിരുവനന്തപുരത്ത്‌ കിട്ടിയത്‌. നാലുവാർഡ്‌ ബിജെപിയിൽനിന്നും അത്രതന്നെ യുഡിഎഫിൽനിന്നും പിടിച്ചെടുത്തു.

കണ്ണൂരിൽ ഒരു നഗരസഭ ഡിവിഷനടക്കം മൂന്നിൽ മൂന്നും എൽഡിഎഫ്‌ നിലനിർത്തി. തൃശൂർ, ആലപ്പുഴ, കോട്ടയം, കണ്ണൂർ എന്നിവിടങ്ങളിലാണ്‌ കൂടുതൽ സീറ്റുകൾ ലഭിച്ചത്‌. തൃശൂർ ജില്ലയിൽ വെള്ളാങ്കല്ലൂർ ബ്ലോക്കിലും മുള്ളൂർക്കര പഞ്ചായത്തിലും സീറ്റ്‌ നിലനിർത്തി. പ്രാദേശിക തെരഞ്ഞെടുപ്പായതിനാൽ രാഷ്‌ട്രീയത്തോടൊപ്പം തദ്ദേശഭരണം, സ്ഥാനാർഥി തുടങ്ങിയ ഘടകങ്ങളും ജനങ്ങൾ വിലയിരുത്തുന്നു. ഈ മൂന്ന്‌ മേഖലയിലും ഭൂരിപക്ഷം വാർഡുകളിലും ജനങ്ങൾ എൽഡിഎഫിന്റെ നിലപാടിനെ പിന്തുണച്ചു.

കേന്ദ്ര ബിജെപി സർക്കാരിന്‌ എതിരായി ഉയർന്ന ശക്തമായ ജനവികാരം കോൺഗ്രസിന്‌ അനുകൂലമായി ഒഴുകിയതാണ്‌ ലോക്‌സഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽ സംഭവിച്ചതെന്ന്‌ വിലയിരുത്തപ്പെട്ടതാണ്‌. പരാജയം കനത്തതാണെന്നും വീഴ്‌ചകൾ തിരുത്തി മുന്നേറുമെന്നും ഒട്ടും ദുരഭിമാനമില്ലാതെ എൽഡിഎഫ്‌ തുറന്നു പറഞ്ഞിരുന്നു. ഇടതുപക്ഷമാകെ ഒലിച്ചുപോയി എന്ന വിലയിരുത്തൽ വസ്‌തുതാപരമല്ലെന്നും ഓർമിപ്പിക്കുന്നതാണ്‌ തെരഞ്ഞെടുപ്പ്‌ ഫലം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top