05 November Tuesday

അഞ്ഞൂറ്റി നാല്‍പത്തിരണ്ടു പേര്‍ക്കിടയില്‍ അവര്‍ അഞ്ചുപേരുണ്ടാകും, അധ്വാനിക്കുന്നവനായി പോരാടാന്‍

വെബ് ഡെസ്‌ക്‌Updated: Saturday May 25, 2019

ഒറ്റപ്പെട്ടു പോയേക്കാം, പരിഹസിക്കപ്പെട്ടേക്കാം, ആ കുഞ്ഞു സംഘം അവഗണനയുടെ കയങ്ങളിലേക്ക് എറിയപ്പെട്ടേക്കാം. എന്നാലും കീഴടങ്ങില്ല, വിലക്കെടുക്കപ്പെടില്ല, ആക്രോശങ്ങള്‍ ഭയന്ന് വീട്ടിലിരിക്കില്ല.അഞ്ഞൂറ്റിനാല്‍പത്തി രണ്ടു പേര്‍ക്കിടയില്‍ അവര്‍ അഞ്ചു പേരുണ്ടാകും; നിതീഷ് നാരായണന്‍ എഴുതുന്നു

അഞ്ഞൂറ്റിനാല്‍പത്തി രണ്ടുപേര്‍ക്കിടയില്‍ അവര്‍ അഞ്ചു പേരുണ്ടാകും. അഞ്ച് കമ്യൂണിസ്റ്റുകാര്‍, അഞ്ച് വര്‍ഷവും.ഞങ്ങളില്‍ നിന്നും അത്ര പേരെ മാത്രമാണ് ഈ രാജ്യം തിരഞ്ഞെടുത്തത്. അല്ലെങ്കില്‍, ഞങ്ങളില്‍ അഞ്ചുപേരോടാണ് പാര്‍ലമെന്റിലേക്ക് പോകാന്‍ പറഞ്ഞത്. അവരവിടെ ഉണ്ടാകും.

അധികാരത്തിന്റെ കരുത്തില്‍ വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും വിഷപ്പുക പാര്‍ലമെന്റിനെ മൂടിയാലും തൊണ്ടക്കുഴല്‍ പൊട്ടുന്ന ഉച്ചത്തില്‍ അവരഞ്ചു പേര്‍ മതേതരത്വത്തിനും മണ്ണിലധ്വാനിക്കുന്നവനും സര്‍വോപരി ചൂഷണം ചെയ്യപ്പെടാത്തതും വെട്ടിമുറിക്കപ്പെടാത്തതുമായ മനുഷ്യവംശത്തിന്റെ സൃഷ്ടിക്കും വേണ്ടി ഒച്ചയെടുക്കും.

ഒറ്റപ്പെട്ടു പോയേക്കാം, പരിഹസിക്കപ്പെട്ടേക്കാം, ആ കുഞ്ഞു സംഘം അവഗണനയുടെ കയങ്ങളിലേക്ക് എറിയപ്പെട്ടേക്കാം. എന്നാലും കീഴടങ്ങില്ല, വിലക്കെടുക്കപ്പെടില്ല, ആക്രോശങ്ങള്‍ ഭയന്ന് വീട്ടിലിരിക്കില്ല.

അഞ്ഞൂറ്റി നാല്‍പ്പത്തി രണ്ട് പേരുടെ ഒരു ശതമാനം പോലുമല്ല. അതിന്റെ പേരില്‍ പരാജയപ്പെടുമെന്ന് ഉറപ്പുണ്ടെങ്കിലും പറയാനുള്ളത് അവര്‍ പറയാതിരിക്കില്ല. അനീതിയുടെ അട്ടഹാസങ്ങള്‍ പെരുമ്പറ മുഴക്കുമ്പോള്‍ നീതിയുടെ നക്ഷത്ര ശോഭയാര്‍ന്ന വെളിച്ചമാകാന്‍ ലഭിക്കുന്ന അര്‍ദ്ധാവസരങ്ങള്‍ പോലും അവര്‍ പാഴാക്കില്ല.

തിരഞ്ഞെടുത്തവരെ ഒറ്റുകൊടുക്കില്ല. അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം അവരെ കാണാന്‍ സംഘപരിവാരത്തിന്റെ കാര്യാലയത്തിലേക്ക് പോകേണ്ടി വരില്ല.ഇനി തോറ്റവര്‍ എന്തു ചെയ്യുമെന്നാണ്. തോറ്റു പോയത് നമ്മളില്‍ എത്ര പേരാണ് സുഹൃത്തേ? ഒരു രാജ്യത്തിന്റെ നിയമനിര്‍മാണ സഭ മനുഷ്യജീവിതത്തിലെ നാനാവിധ ആകുലതകളെക്കുറിച്ച്, വേദനകളെക്കുറിച്ച്, തൊഴിലിനെക്കുറിച്ച്, നീതിയെക്കുറിച്ച്, ജനാധിപത്യത്തെയും ഭരണഘനയെയും കുറിച്ച് ചര്‍ച്ച ചെയേണ്ട ഇടമായിരിക്കണം എന്ന് ആഗ്രഹിച്ച ഓരോരുത്തരും പരാജയപ്പെട്ടില്ലേ?

അക്കൂട്ടത്തില്‍ കേരളത്തില്‍ നിന്നും പരാജയപ്പെട്ട പത്തൊന്‍പത് സഖാക്കളും ഉണ്ട്. അവര്‍ വിജയിക്കണമെന്ന് ആഗ്രഹിച്ച മനുഷ്യര്‍ക്ക് എണ്ണമറ്റ സമരങ്ങള്‍ അവര്‍ തിരികെ നല്‍കും. ഇത്രമേല്‍ കെട്ട കാലത്തും മനുഷ്യരില്‍ വിശ്വസിക്കുന്നതില്‍ നിന്നും അവര്‍ വിരമിക്കില്ല.

ഫാസിസമാണ് അധികാരത്തില്‍. പാതിയില്‍ വച്ച അജണ്ടകളെല്ലാം അവര്‍ പൂര്‍ത്തിയാക്കാന്‍ ശ്രമിക്കും. വെറി പൂണ്ട കോര്‍പ്പറേറ്റ് താല്‍പര്യങ്ങളും ഭരണകൂടവും ചരിത്രത്തില്‍ സമാനതകളില്ലാത്ത വിധം ഇഴപിരിയും. ജാതിയുടെയും മതത്തിന്റെയും വേര്‍തിരിവുകള്‍ തീവ്രമാക്കി മനുഷ്യരുടെ സംഘടിത ശേഷിയെ ദുര്‍ബലമാക്കും, പകയുടെയും പോര്‍വിളിയുടെയും ഉത്മാദ ലഹരിയിലേക്ക് ഒരു ജനതയെ ഇറക്കി വിടും, പ്രത്യാശയുടെ തളിരെങ്കിലും അവശേഷിപ്പിക്കുന്ന എല്ലാത്തിന്റെയും നാമ്പറുക്കാന്‍ തിടുക്കം കൂട്ടും, നമ്മെ എല്ലാ അര്‍ത്ഥത്തിലും ഒരു നഷ്ടപ്പെട്ട ജനതയാക്കി രൂപാന്തരപ്പെടുത്താന്‍ അവരൊരുങ്ങും.

അപ്പോള്‍ നമ്മള്‍ എന്ത് ചെയ്യും എന്നാണ് ചോദ്യം. ബാക്കിയായ എല്ലാ മനുഷ്യരെയും ചേര്‍ത്ത് പൊരുതും എന്നാണ് ഉത്തരം. ആ പോരാട്ടം തുടരുന്ന കാലത്തോളം നാമാരും തോറ്റ ജനതയല്ല. നമ്മളെ നമ്മള്‍ തോല്‍പ്പിക്കാതിരിക്കുക എന്നത് തന്നെയാണ് നമുക്കിപ്പോള്‍ ചെയ്യാനുള്ളത്.

വര്‍ഗത്തിന്റെയും ജാതിയുടെയും മതത്തിന്റെയും ലിംഗത്തിന്റെയും സംസ്‌കാരത്തിന്റെയും അടിസ്ഥാനത്തില്‍ ചൂഷണത്തിനിരയാകുന്ന മര്‍ദ്ദിതരായ മനുഷ്യര്‍ പരസ്പരം തിരിച്ചറിയപ്പെടുന്ന കാലം വരയേ അധികാരം മദം പൊട്ടി നടക്കുകയുള്ളൂ.

ആ മനുഷ്യ ശക്തിയുടെ കരുത്തില്‍ നമ്മള്‍ നിശ്ചയമായും അതിജീവിക്കുക തന്നെ ചെയ്യും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top