തൃശൂർ> സർക്കാരിന്റെ ശ്രദ്ധയും പരിഗണനയും കിട്ടാത്ത ഒരു വിഭാഗവും കേരളത്തിലുണ്ടാകരുത് എന്ന ലക്ഷ്യത്തോടെയാണ് എൽഡിഎഫ് പ്രകടനപത്രിക തയ്യാറാക്കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അടുത്ത അഞ്ചുകൊല്ലം കേരളം എങ്ങനെ മുന്നോട്ടുനീങ്ങണമെന്ന മാർഗരേഖയാണ് എൽഡിഎഫ് ജനങ്ങൾക്ക് മുന്നിൽ വയ്‌ക്കുന്നത്.
ജനങ്ങളെ പ്രലോഭിപ്പിക്കാൻ വാഗ്ദാനങ്ങൾ വാരിക്കോരി നൽകുകയും വോട്ടു കിട്ടിയ നിമിഷം അതെല്ലാം മറക്കുകയും ചെയ്യുന്നവരെ നാം കണ്ടിട്ടുണ്ട്. എൽഡിഎഫ് അങ്ങിനെയല്ലെന്ന് കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ തെളിയിച്ചു. _ചെയ്യാൻകഴിയും എന്നുറപ്പുള്ള കാര്യങ്ങൾ പറയുക; പറഞ്ഞ കാര്യങ്ങൾ ചെയ്യുക എന്നതാണ് ഇടതുപക്ഷത്തിന്റെ രീതി. അതുകൊണ്ടുതന്നെ ഓരോ വർഷവും എന്തൊക്കെ ചെയ്തു എന്ന് ഞങ്ങൾ ജനങ്ങളോട് പറയുന്നു, അത് രേഖാമൂലം പ്രസിദ്ധീകരിക്കുന്നു. അഞ്ചു വർഷവും അത് തുടർന്നു. _പ്രായോഗികമാക്കാൻ കഴിയുമെന്ന് ഉറപ്പുള്ള വാഗ്ദാനങ്ങളാണ് ഇത്തവണയും മുന്നോട്ടു വച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കുറെ ആളുകൾ ചേർന്നിരുന്ന് ജനങ്ങളെ ആകർഷിക്കുന്ന പ്രഖ്യാപനങ്ങൾ എഴുതിയുണ്ടാക്കുക; എതിരാളികൾ പറയുന്നതിനേക്കാൾ വലിയ കാര്യങ്ങൾ പറയുക എന്നതല്ല എൽഡിഎഫ് അനുവർത്തിക്കുന്ന _രീതി. വലിയൊരു ജനാധിപത്യ പ്രക്രിയയുടെ പൂർണത കൂടിയാണ് ഈ പ്രകടന പത്രിക. ജനങ്ങളുടെ സജീവ പങ്കാളിത്തത്തോടെ ജീവിതത്തിന്റെ സമസ്ത മേഖലകളിലുമുള്ളവരുടെ അഭിപ്രായങ്ങൾ ഇണക്കിച്ചേർത്താണ് പ്രകടന പത്രിക രൂപപ്പെടുത്തിയത്.
ഇതേപോലെ അഞ്ചു കൊല്ലം മുൻപും 600 കാര്യങ്ങൾ ചെയ്യുമെന്ന് പറഞ്ഞു. അതിൽ 580 വാഗ്ദാനങ്ങൾ നിറവേറ്റി. ഇപ്പോൾ 50 ഇനപരിപാടിയും _900 വാഗ്ദാനങ്ങളുമാണ് ജനങ്ങൾക്ക് മുന്നിൽ വയ്‌ക്കുന്നത്.
കുടുംബാധിഷ്ഠിത മൈക്രോപ്ലാനുകളിലൂടെ കേവലദാരിദ്ര്യം ഇല്ലാതാക്കും. പരമദരിദ്ര കുടുംബങ്ങളുടെ സമഗ്ര ലിസ്റ്റ് തയ്യാറാക്കും. അതിലെ ഓരോ കുടുംബത്തിനെയും കരകയറ്റുന്നതിനു മൈക്രോപ്ലാൻ നടപ്പാക്കും. 4.5 ലക്ഷം കുടുംബങ്ങൾക്ക് ഇങ്ങനെ ഒരുലക്ഷം മുതൽ 15 ലക്ഷം രൂപ വരെ സഹായം നൽകും. ക്ഷേമ പെൻഷനുകൾ 2500 രൂപയിലേക്ക് എത്തിക്കും. 600 രൂപയിൽ നിന്ന് 1600 രൂപയിലേക്ക് ക്ഷേമ പെൻഷൻ ഉയർത്തിയത് ഈ സർക്കാരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..