വർക്കല > പുറമ്പോക്ക് ഭൂമി കൈയേറാനുള്ള ലീഗ് നേതാവിന്റെ ശ്രമം നാട്ടുകാരും പഞ്ചായത്ത് അധികൃതരും പൊലീസും ചേർന്ന് തടഞ്ഞു. മുസ്ലിംലീഗ് വർക്കല നിയോജകമണ്ഡലം പ്രസിഡന്റും ചിലക്കൂർ മുസ്ലിം ജമാഅത്ത് പള്ളി പ്രസിഡന്റുമായ എ ദാവൂദാണ് പാപനാശം പൈതൃക കുന്നുകളുടെ ഭാഗമായ പുറമ്പോക്ക് ഭൂമി കൈയേറി റിസോർട്ട് പണിയുന്നതിന് ശ്രമം നടത്തിയത്. ഇതിനായി ശനിയാഴ്ച ജെസിബി ഉപയോഗിച്ച് ചിലക്കൂർ മുസ്ലിം ജമാഅത്ത് പള്ളിയുടെ ഖബർസ്ഥാന് തൊട്ട് ചേർന്ന് അനധികൃതമായി കുന്നിടിച്ച് മണ്ണ് നീക്കം ചെയ്യുന്നത് നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് തഹസിൽദാർ, വെട്ടൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നാസിമുദ്ദിൻ, പഞ്ചായത്തംഗം കബീർ, വർക്കല പൊലീസ് എന്നിവർ സ്ഥലത്തെത്തി തടഞ്ഞു.
തഹസിൽദാരുടെ നിർദേശാനുസരണം ജെസിബി പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതിനിടയിൽ പഞ്ചായത്ത് അധികൃതരോടും പൊലീസിനോടും ദാവൂദ് തർക്കിച്ചു. കൈയേറ്റത്തിനും ശ്രമിച്ചു. സംഭവമറിഞ്ഞെത്തിയ പ്രദേശവാസികളും ജമാഅത്ത് കമ്മിറ്റി അംഗങ്ങളും ചേർന്ന് പള്ളിക്കകത്തുള്ള പ്രസിഡന്റ് ദാവൂദിന്റെ മുറി പൂട്ടി. പള്ളിയുടെ സമീപത്ത് ദാവൂദിന് ഭൂമി കൈവശമുണ്ട്. ഭൂമിയോട് ചേർന്ന് പാതയൊരുക്കാനെന്ന വ്യാജേന പ്രദേശവാസികളെ തെറ്റിദ്ധരിപ്പിച്ച് പുറമ്പോക്ക് പ്രദേശങ്ങളും ഉൾപ്പെടുന്ന ഏതാണ്ട് രണ്ടേക്കറിലധികം പ്രദേശത്ത് ഇക്കഴിഞ്ഞ ദിവസങ്ങളിൽ മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് ഇടിച്ച് നിരത്തുകയും മണ്ണ് നീക്കുകയും ചെയ്തു. വർഷങ്ങൾ പഴക്കമുള്ള 200ൽഅധികം ഖബറുകൾ ഇവിടെയുണ്ട്. ഇവ നിലംപൊത്തി കടലിലേക്ക് ഒഴുകാൻ സാധ്യത കൂടുതലാണ്. ഉദ്ദേശം 30 മീറ്ററോളം താഴ്ചയിലാണ് കുന്നിടിച്ചിട്ടുള്ളത്.
കഴിഞ്ഞ മാസം ഇതിന്റെ പണി ആരംഭിച്ച ഘട്ടത്തിൽ വെട്ടൂർ പഞ്ചായത്ത് അധികൃതർ വർക്കല തഹസിൽദാർക്കും കലക്ടർക്കും പരാതി നൽകിയിരുന്നു. തുടർന്ന് പഞ്ചായത്തിന്റെ അനുവാദത്തോടുകൂടി മാത്രമേ പണികൾ നടത്താവൂ എന്ന് നിർദേശവും നൽകി. ഇതെല്ലാം ലംഘിച്ചാണ് പിന്നെയും മലയിടിച്ചു നിരത്തിയത്. നിർമാണ പ്രവർത്തനങ്ങൾ തുടർന്നാൽ ആക്ഷൻ കൗൺസിൽ രൂപീകരിച്ച് സമര നടപടികളുമായി മുന്നോട്ട് പോകുമെന്ന് നാട്ടുകാർ അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..