കോഴിക്കോട്
സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമയിൽ വിഭാഗീയത മൂർഛിപ്പിക്കാൻ ജമാഅത്തെ ഇസ്ലാമിയെ മുസ്ലിംലീഗ് കരുവാക്കുന്നു. മുശാവറയിലുണ്ടായ ചർച്ചയും തർക്കങ്ങളുമുയർത്തി സമസ്‌ത സെക്രട്ടറി ഉമർഫൈസി മുക്കത്തിനെയും കൂട്ടരെയും ആക്രമിക്കുകയാണ് ലീഗ്. സമൂഹമാധ്യമങ്ങളിലും പുറത്തും സംഘടിത ആക്രമണമാണുണ്ടാകുന്നത്. ഇതിനെല്ലാം സഹായവുമായി ജമാഅത്തെ ഇസ്ലാമിയുടെ ചാനലും പത്രവും ലീഗനുകൂലികൾക്കൊപ്പമുണ്ട്. സമസ്‌തയിലെ വിഭാഗീയത ആളിക്കത്തിക്കുന്ന വാർത്തകൾ തുടർച്ചയായി ‘സൃഷ്‌ടിക്കുകയാണ്’ ജമാഅത്തെ മാധ്യമങ്ങൾ. ഹിന്ദുമതവിരുദ്ധ പരാമർശം, നേതാക്കളെ കള്ളനെന്ന് ആക്ഷേപിച്ചു തുടങ്ങിയ കുറ്റങ്ങൾകൂടി ചുമത്തി ഉമർഫൈസി മുക്കത്തിനെതിരായ മുറവിളിയാണിപ്പോൾ. ഇതിന് പിന്നിലെ ബുദ്ധികേന്ദ്രം ജമാഅത്തെയാണ്. ആദ്യം തെറ്റായ വാർത്ത, തുടർന്ന് ലീഗനുകൂലികളുടെ പ്രതികരണം നൽകി സ്‌പർധ രൂക്ഷമാക്കുക. ഈ ശൈലിയാണ് ജമാഅത്തെ സ്വന്തം മാധ്യമങ്ങളിലൂടെ പയറ്റുന്നത്.
സംസ്ഥാന പ്രസിഡന്റ് സാദിഖലി തങ്ങളെ വിമർശിച്ചത് മുതൽ ലീഗ് ഉമർഫൈസിയെ നോട്ടമിട്ടതാണ്. ഇദ്ദേഹത്തെയടക്കം പുറത്താക്കാനുള്ള ലക്ഷ്യത്തോടെയാണ് ലീഗ് പിൻബലത്തോടെ ആദർശ സംരക്ഷണസമിതി രൂപീകരിച്ച് പ്രചാരണം തുടങ്ങിയത്. എന്നാൽ ഈ നീക്കത്തിന് മുശാവറ യോഗത്തിൽ ഉദ്ദേശിച്ച ഫലമുണ്ടായില്ല. മുശാവറക്ക് ശേഷവും ഉമർഫൈസി ലീഗിനെ വിമർശിച്ചതോടെ എതിർപ്പ് വർധിച്ചു. ജമാഅത്തെ ബന്ധം നാശത്തിനാണെന്ന അരീക്കോട് പ്രസംഗം സാദിഖലി തങ്ങളെ ലക്ഷ്യമിട്ടാണെന്നാണ് ലീഗ് വിലയിരുത്തൽ. ആദർശ സമ്മേളനങ്ങളിലൂടെ ജമാഅത്തെ– -സലഫി ആശയധാരയ്‌ക്കെതിരായ നിലപാട് അവതരിപ്പിക്കുന്നതും അനിഷ്‌ടകാരണമാണ്.
നിരന്തരം വിമർശിക്കുന്നതിനാൽ സാദിഖലി തങ്ങൾ വിഭാഗത്തിന്റെയും ജമാഅത്തെയുടെയും പൊതുശത്രുവായിരിക്കെയാണ് ഉമർഫൈസി. പുതിയ കാലത്ത് ജമാഅത്തെയെയും മറ്റും ശത്രുപക്ഷത്ത് നിർത്തി അകറ്റരുതെന്നതാണ് ലീഗനുകൂലികളുടെ സമീപനം. തീവ്രവാദത്തോടടക്കമുള്ള സമീപനമാണ് സമസ്‌ത നേതാക്കൾ മുന്നോട്ടുവയ്‌ക്കുന്നത്. ഇത് ചർച്ചയാക്കുന്നതിൽ ലീഗിനും ജമാഅത്തെയ്‌ക്കും താൽപ്പര്യമില്ല. ജമാഅത്തെയോട് മൃദുസമീപനം പുലർത്തുന്നതിൽ സമസ്‌ത പ്രസിഡന്റ് ജിഫ്രി തങ്ങൾക്കും കടുത്ത വിയോജിപ്പാണ്. ഈ അവസ്ഥയിൽ ഉമർഫൈസിയെയും കൂട്ടരെയും ആക്രമിക്കാൻ മറ്റു കാരണങ്ങൾ നിർമിച്ചെടുക്കുകയാണ് ലീഗും ജമാഅത്തെയും. സിപിഐ എം ഏജന്റ്, സമസ്‌തയിലെ സ്ലീപ്പിങ്‌സെല്ലുകാർ എന്നെല്ലാമാണ് സമസ്‌ത നേതൃത്വത്തെ ലീഗണികൾ സമൂഹമാധ്യമങ്ങളിൽ വിശേഷിപ്പിക്കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..