30 December Monday

കൊച്ചിയുടെ 
ബോട്ടിൽ ബൂത്ത്‌ 
നേപ്പാളിൽ

വെബ് ഡെസ്‌ക്‌Updated: Monday Nov 18, 2024

കൊച്ചി
മാലിന്യശേഖരണത്തിലെ കൊച്ചി മാതൃക അങ്ങ് നേപ്പാളിലും. കൊച്ചി കോർപറേഷൻ വിജയകരമായി നടപ്പാക്കിയ ന്യൂജെൻ മാലിന്യശേഖരണ ആശയമായ ബോട്ടിൽ ബൂത്ത്‌ നേപ്പാളിലെ ബൻഗംഗ നഗരസഭയും നടപ്പാക്കി. നഗരത്തിൽ ഒരാൾപോലും വിശന്നിരിക്കരുതെന്ന ലക്ഷ്യത്തോടെ സമൃദ്ധി @കൊച്ചി ജനകീയ ഹോട്ടൽ മാതൃകയും നടപ്പാക്കാൻ ആലോചിക്കുകയാണ്‌ ബൻഗംഗ നഗരസഭാ അധികൃതർ.


ബൻഗംഗ നഗരത്തിന്റെ മേയർ ചക്രപാണി ആര്യാലും മുപ്പതംഗ പ്രതിനിധിസംഘവും സെപ്‌തംബറിൽ കൊച്ചി കോർപറേഷനിലെത്തിയിരുന്നു. മേയർ എം അനിൽകുമാറുമായി കൂടിക്കാഴ്‌ച നടത്തിയ സംഘം വിനോദസഞ്ചാരം, വാണിജ്യം, സാംസ്കാരികവിനിമയം, ആരോഗ്യം എന്നീ മേഖലകളിൽ കൊച്ചിയുമായി സഹകരിക്കാനുള്ള താൽപ്പര്യം അറിയിച്ചിരുന്നു. കോർപറേഷൻ നഗരവികസനരംഗത്ത് നടത്തുന്ന പദ്ധതികളെക്കുറിച്ചും പരിപാടികളെക്കുറിച്ചും സംസ്ഥാന സർക്കാർ പദ്ധതികളെക്കുറിച്ചും സംഘത്തോട് മേയർ വിശദീകരിച്ചിരുന്നു.

കപിലവസ്‌തു ജില്ലയിലെ ലുംബിനി പ്രവിശ്യയിലുള്ള നഗരസഭയാണ്‌ ബൻഗംഗ. മാലിന്യമുക്ത കൊച്ചി സൃഷ്ടിക്കാനുള്ള കോർപറേഷന്റെ നിരവധി ഇടപെടലുകളിലൊന്നാണ്‌ ബോട്ടിൽ ബൂത്ത്‌. ശീതളപാനീയങ്ങളും വെള്ളവും കുടിച്ചശേഷം വലിച്ചെറിയുന്ന പ്ലാസ്റ്റിക്‌ കുപ്പികൾ നഗരത്തിനും നഗരവാസികൾക്കും യാത്രക്കാർക്കും കോർപറേഷനും തലവേദനയായിരുന്നു. ഈ സാഹചര്യത്തിലാണ്‌ കുപ്പിശല്യം ഒതുക്കാൻ കോർപറേഷൻ മുന്നിട്ടിറങ്ങിയത്‌.

ശുചിത്വമിഷന്റെ കണ്ടുപിടിത്തങ്ങളിലൊന്നായ ബോട്ടിൽ ബൂത്ത്‌ നഗരത്തിലെ വിവിധയിടങ്ങളിൽ സ്ഥാപിക്കുകയായിരുന്നു. നിലവിൽ 315 ബോട്ടിൽ ബൂത്തുകൾ സ്ഥാപിച്ചിട്ടുണ്ട്‌. ബൂത്തുകൾ നിറയുന്ന മുറയ്‌ക്ക്‌ അജൈവമാലിന്യ ശേഖരണത്തിന്‌ കോർപറേഷൻ ചുമതലപ്പെടുത്തിയ ഏജൻസികൾ ഇതെടുക്കും. തുടർന്ന്‌ റീസൈക്കിൾ (പുനഃചംക്രമണം) ചെയ്യും. വരുമാനമാർഗമായി ബോട്ടിൽ ബൂത്തുകളെ മാറ്റാനുള്ള ആലോചനയിലാണ്‌ കോർപറേഷൻ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top