22 December Sunday

എൽഇഡി ബൾബ്‌ ഉപേക്ഷിക്കല്ലേ, ഈ ക്ലിനിക്കിൽ പരിശോധിക്കാം

സ്വന്തം ലേഖികUpdated: Sunday Sep 8, 2024

തിരുവനന്തപുരം -വർക്കല ഒറ്റൂർ പഞ്ചായത്തിലെ എൽഇഡി ക്ലിനിക്കിൽ ഹരിതകർമസേനാംഗങ്ങൾ ബൾബ്‌ നിർമാണത്തിൽ


തിരുവനന്തപുരം
ഫ്യൂസായ എൽഇഡി ബൾബുകൾ ഉപേക്ഷിക്കാൻ വരട്ടെ. നല്ല ‘ചികിത്സ’ നൽകിയാൽഇവ വീണ്ടും പ്രകാശിപ്പിക്കാം. എറണാകുളം ജില്ലയിലെ മുളന്തുരുത്തി തുരുത്തിക്കര സയൻസ്‌ സെന്ററിലാണ്‌ എൽഇഡി ബൾബുകൾക്ക്‌ ചികിത്സ നൽകുന്ന ‘ക്ലിനിക്ക്‌' പ്രവർത്തിക്കുന്നത്‌.
തുരുത്തിക്കരയെ ഹരിതഗ്രാമമാക്കി മാറ്റാൻ നടപ്പാക്കിയ "ഊർജ- നിർമല- ഹരിത ഗ്രാമം' പദ്ധതിയുടെ ഭാഗമായാണ്‌ ഈ എൽഇഡി ക്ലിനിക്കുകൾ. കുടുംബശ്രീ പ്രവർത്തകരാണ്‌ ഇവിടെ ബൾബുകൾ റിപ്പയർ ചെയ്യുന്നത്‌.

2018ൽ ആരംഭിച്ച ക്ലിനിക്കിൽ വർഷം 2000 ബൾബുകളുടെ നിർമാണവും 3000 ബൾബുകളുടെ റിപ്പയറിങ്ങും നടക്കുന്നു. ചെലവ് അഞ്ചുരൂപ മുതൽ 55 രൂപവരെ. 90 വാട്ടിന്റെയും 12 വാട്ടിന്റെയും പുതിയ എൽഇഡി ബൾബുകൾ 80, 120 രൂപ നിരക്കിലാണ്‌ വിൽപ്പന.

ഇൻകാൻഡസെന്റ്‌, ഫ്ലൂറസെന്റ്, സിഎഫ്‌എൽ തുടങ്ങിയ ഇ–-മാലിന്യം ഇല്ലാതാക്കുകയും ബൾബുകൾ പുനരുപയോഗ യോഗ്യമാക്കി ജനങ്ങളിലെത്തിക്കുകയുമാണ്‌ ക്ലിനിക്കിന്റെ ലക്ഷ്യം. ഇതിനായി ഹരിതകർമസേന പ്രവർത്തകർക്കും വിദ്യാർഥികൾക്കായി സ്കൂ‌ളുകളിലും സയൻസ് സെന്റർ പരിശീലനം നൽകുന്നുണ്ട്. തുരുത്തിക്കര മാതൃകയിൽ എറണാകുളത്ത്‌ മറ്റിടങ്ങളിലും തിരുവനന്തപുരം, കണ്ണൂർ, പത്തനംതിട്ട, തൃശൂർ ജില്ലകളിലും ക്ലിനിക്കുകളുണ്ട്‌. സയൻസ്‌ സെന്റർ എക്സിക്യുട്ടീവ്‌ ഡയറക്ടർ പി എ തങ്കച്ചനാണ്‌ പരിശീലനത്തിനും ബോധവൽക്കരണത്തിനും നേതൃത്വം നൽകുന്നത്‌.

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തുരുത്തിക്കര യൂണിറ്റ് ജനകീയ ഗവേഷണ കേന്ദ്രമായി തുടങ്ങിയതാണ്‌ ഈ റൂറൽ സയൻസ് ആൻഡ് ടെക്നോളജി സെന്റർ. പരിശീലനം ലഭിച്ച ഹരിതകർമ സേനാംഗങ്ങളാണ്‌ വീടുകളിൽനിന്ന്‌ ഫ്യൂസായ ബൾബുകൾ ശേഖരിക്കുന്നത്‌. പുതിയ ബൾബുകളും നന്നാക്കിയ ബൾബുകളും ഇവർ എത്തിച്ചു നൽകും. 

വിവിധ പഞ്ചായത്തുകളിൽ സ്‌ട്രീറ്റ്‌ ലൈറ്റുകൾ നിർമിച്ച്‌ നൽകാനുള്ള തയാറെടുപ്പിലാണ്‌ തങ്ങളെന്ന്‌ തിരുവനന്തപുരം -ഒറ്റൂർ പഞ്ചായത്തിലെ എൽഇഡി ക്ലിനിക്കിലെ ഹരിതകർമസേനാംഗം വി സിനി പറയുന്നു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top