പറവൂർ
ആരോരുമില്ലാത്ത അവിവാഹിത താമസിച്ചിരുന്ന വീട് പൊളിച്ചുകളഞ്ഞു. പെരുമ്പടന്ന വാടാപ്പിള്ളിപ്പറമ്പ് ലീല (56) അന്തിയുറങ്ങാൻ ഇടമില്ലാത്ത സ്ഥിതിയിലാണ്. ആലുവയിൽ ഡിടിപി സെന്ററിൽ ജീവനക്കാരിയാണ് ഇവർ. വ്യാഴം വൈകിട്ട് 6.30ന് ജോലിക്കുപോയി തിരിച്ചെത്തിയപ്പോഴാണ് വീട് ഇടിച്ചുപൊളിച്ച നിലയിൽ കണ്ടത്. വസ്ത്രങ്ങൾ ഉൾപ്പെടെ എല്ലാം നഷ്ടമായി. രണ്ടുദിവസം ഇടിഞ്ഞുപൊളിഞ്ഞ വീട്ടിൽ കഴിഞ്ഞു. തുടർന്ന് പൊലീസിൽ പരാതി നൽകി. ലീലയുടെ സഹോദരപുത്രൻ രമേഷിനെതിരെ പൊലീസ് കേസെടുത്തു.
രമേഷിനും കുടുംബത്തിനുമൊപ്പം അവിവാഹിതയായ ലീലയും ഈ വീട്ടിലാണ് വർഷങ്ങളായി താമസിച്ചിരുന്നത്. തന്നോട് വീട്ടിൽനിന്ന് ഇറങ്ങിപ്പോകണമെന്നു രമേഷ് പലതവണ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ലീല പറഞ്ഞു. വീടിരിക്കുന്ന സ്ഥലം ലീലയുടെ സഹോദരനും രമേഷിന്റെ അച്ഛനുമായ പരേതനായ കൃഷ്ണന്റെ പേരിലാണ്. എന്നാൽ, പൊളിച്ചുകളഞ്ഞ വീടിന്റെ നഗരസഭയിലെ ലൈസൻസ് ലീലയുടെ മറ്റൊരു സഹോദരൻ പരേതനായ ശിവന്റെ പേരിലാണ്. ശിവന്റെ മകൾ സിന്ധുവാണ് ഈ വീടിന്റെ കരമടച്ചിരുന്നത്. സിന്ധുവിനെയും അറിയിക്കാതെയാണ് രമേഷ് വീട് പൊളിച്ചത്. മണ്ണുമാന്തി കൊണ്ടുവന്ന് ഇടിച്ചുതകർക്കുകയായിരുന്നു. വീട് പൊളിച്ചതിനെതിരെ സിന്ധുവും പൊലീസിൽ പരാതി നൽകി.
നാട്ടുകാരിൽ ചിലർ, വീട് പൊളിക്കുന്നത് കണ്ടെങ്കിലും സ്വത്തുതർക്കം തീർന്നതിനാൽ പൊളിച്ചതാണെന്നു കരുതി. രമേഷ് കുടുംബത്തോടൊപ്പം ഭാര്യവീട്ടിലേക്ക് രണ്ടുദിവസംമുമ്പാണ് മാറിയത്.
22 സെന്റ് സ്ഥലത്താണ് പൊളിച്ചുകളഞ്ഞ വാർക്കവീടുണ്ടായിരുന്നത്. ഇത് ഈടുവച്ച് പറവൂർ സഹകരണ ബാങ്കിൽനിന്ന് രണ്ടാളുകളുടെ പേരിൽ വായ്പ എടുത്തിരുന്നു. തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് ഇപ്പോൾ 40.35 ലക്ഷം രൂപ ബാധ്യതയിലാണ്. ഈടുനൽകിയ വസ്തുവിലുള്ള വീട് ബാങ്കിന്റെ അറിവില്ലാതെ പൊളിച്ചുമാറ്റിയതിനെതിരെ പൊലീസിൽ പരാതി നൽകുമെന്ന് പ്രസിഡന്റ് സി പി ജിബു പറഞ്ഞു. വീട് പൊളിച്ചതിനെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും ലീല പരാതി അയച്ചിട്ടുണ്ട്. പൊളിച്ച വീടിനുസമീപം ലീലയ്ക്ക് ഷെഡ് നിർമിച്ച് താമസസൗകര്യം ഒരുക്കാനാണ് നാട്ടുകാരുടെ തീരുമാനം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..