28 December Saturday

ലൈബ്രറി കൗൺസിൽ പുസ്തകോത്സവം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Monday Nov 25, 2024

ആലുവ
പുതിയ സാഹചര്യത്തിനനുസരിച്ച് വായനയെ ചിട്ടപ്പെടുത്തണമെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. ജില്ലാ ലൈബ്രറി കൗൺസിൽ വികസനസമിതിയുടെ നേതൃത്വത്തിൽ ആലുവ യുസി കോളേജിൽ സംഘടിപ്പിച്ച പുസ്തകോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വായനയിലേക്കും എഴുത്തിലേക്കും എഐ കടന്നുവരികയാണ്. പഴയ ചിന്തകളും ധാരണകളും പുതുക്കാൻ വായന ഗുണകരമാണെന്നും മന്ത്രി പറഞ്ഞു.

എഴുത്തുകാരൻ വിനോദ് കൃഷ്ണ മുഖ്യാതിഥിയായി. യുസി കോളേജ് പ്രിൻസിപ്പൽ ഡോ. മിനി ആലീസ് വായനസന്ദേശം നൽകി. സംസ്ഥാന ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ. കെ വി കുഞ്ഞിക്കൃഷ്‌ണൻ അധ്യക്ഷനായി. സെക്രട്ടറി എം ആർ സുരേന്ദ്രൻ, കെ പി രാമചന്ദ്രൻ, സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം പി തമ്പാൻ, ജില്ലാ വൈസ് പ്രസിഡന്റ് ഷെറീന ബഷീർ, സിന്ധു ഉല്ലാസ്, എസ് എ എം കമാൽ എന്നിവർ സംസാരിച്ചു. പി തമ്പാൻ, ഷെറീന ബഷീർ, കെ രവിക്കുട്ടൻ, സിന്ധു ഉല്ലാസ്, കെ സി വത്സല എന്നിവർ അക്ഷരദീപം തെളിച്ചു. തിങ്കൾ രാവിലെ 10ന് ഡോ. ജി രശ്മി, കെ എസ് അനിൽകുമാർ എന്നിവരുടെ ‘അവളിലേക്കുള്ള ദൂരം' പുസ്തകസംവാദം, നിർമിതബുദ്ധി, വൈക്കം സത്യഗ്രഹം എന്നീ വിഷയങ്ങളിൽ സെമിനാറുകൾ നടക്കും. ആലുവ യുസി കോളേജ്, കേരള സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുടെ സഹകരണത്തോടെയാണ് പുസ്തകോത്സവം സംഘടിപ്പിച്ചിട്ടുള്ളത്.


'മതരാഷ്ട്രവാദത്തിന്റെ 
ശിലകൾ' പ്രകാശിപ്പിച്ചു


പുസ്തകോത്സവത്തിൽ വിവിധ എഴുത്തുകാരുടെ പുസ്തകങ്ങൾ പ്രകാശിപ്പിച്ചു. സതീശ് സൂര്യൻ എഴുതിയ ചിന്ത പബ്ലിഷേഴ്‌സിന്റെ ‘മതരാഷ്ട്രവാദത്തിന്റെ ശിലകൾ' പുസ്തകം മന്ത്രി പി രാജീവ്, സംസ്ഥാന ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ. കെ വി കുഞ്ഞിക്കൃഷ്‌ണന് നൽകി പ്രകാശിപ്പിച്ചു. ജോസ് കരിമ്പനയുടെ ‘പോർച്ചുഗീസ് അധിനിവേശവും കേരള ക്രൈസ്തവരും' പുസ്തകം ഡോ. ധർമരാജ് അടാട്ട്, പി ബി രതീഷിന് നൽകി പ്രകാശിപ്പിച്ചു.

ഡോ. ധർമരാജ് അടാട്ടിന്റെ ‘ഗുരുവും ശിഷ്യനും ദർശനവും' ഡോ. കെ വി കുഞ്ഞിക്കൃഷ്‌ണൻ, സിന്ധു ഉല്ലാസിന് നൽകി പ്രകാശിപ്പിച്ചു. കെ പളനിയുടെ ‘ഇന്നത്തെ ഇന്ത്യ' സേവ്യർ പുൽപ്പാട്ട്, കെ രമാദേവിക്ക് നൽകി പ്രകാശിപ്പിച്ചു.

രവിത ഹരിദാസ് അധ്യക്ഷയായി. അഡ്വ. കെ മോഹനചന്ദ്രൻ, സി കെ ഉണ്ണി, ടി ആർ വിനോയ് കുമാർ, കാലടി എസ് മുരളീധരൻ, പി ജി സജീവ്, പി ആർ മുരുകേശൻ എന്നിവർ സംസാരിച്ചു. തിങ്കൾ പകൽ 3.30ന് എം കെ ശശിധരന്റെ ‘കെ കെ മാധവൻ എന്ന മാധവൻ മാഷ്' പുസ്തകം പ്രകാശിപ്പിക്കും.

 

ശ്രദ്ധേയമായി ചിന്ത സ്റ്റാൾ


ആലുവ
ജില്ലാ ലൈബ്രറി കൗൺസിൽ വികസനസമിതി ആലുവ യുസി കോളേജിൽ സംഘടിപ്പിച്ച പുസ്തകോത്സവത്തിൽ വ്യത്യസ്ത പുസ്തകങ്ങൾകൊണ്ട് ശ്രദ്ധേയമാവുകയാണ് ചിന്ത പബ്ലിഷേഴ്‌സ്‌ സ്‌റ്റാൾ.

ദേശാഭിമാനി ചരിത്രം, ദേശാഭിമാനി കഥാവർഷം, അരുന്ധതി റോയിയുടെ പുതിയ പുസ്തകം "കനിവോടെ കൊല്ലുക', ക്ലാസിക് നോവലുകളായ ജേക്കബ്ബിന്റെ മുറി, അനശ്വരനഗരം, പെരുമ്പടവം ശ്രീധരന്റെയും പെരുമാൾ മുരുകന്റെയും പുസ്തകങ്ങൾ, പാർഥ ചാറ്റർജിയുടെ ദേശീയത: നേരും നുണയും, ഉണ്ണി ആർ, സി അനൂപ്, ശ്രീബാല കെ മേനോൻ, സരിത സാവിത്രി, ജി ആർ ഇന്ദുഗോപൻ, ബി മുരളി എന്നിവരുടെ ഏറ്റവും പുതിയ കഥാസമാഹാരങ്ങൾ, ഇന്ദുമേനോന്റെ പ്രണയപാരിജാതം, കെ ഇ എൻ സംവാദങ്ങളുടെ ആൽബം തുടങ്ങി നിരവധി പുതിയ പുസ്തകങ്ങൾ ചിന്ത സ്റ്റാളിൽ ലഭിക്കും. ലൈബ്രറികൾക്കും വ്യക്തികൾക്കും ആകർഷകമായ വിലക്കുറവിൽ പുസ്തകങ്ങൾ വാങ്ങാനാകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top