23 December Monday

ലക്ഷം പുഞ്ചിരി: 45 മാസം, 214000 വീട്‌

സ്വന്തം ലേഖകൻUpdated: Saturday Feb 29, 2020

തിരുവനന്തപുരം > ചെറുകാറ്റിൽ ആടിയുലയുന്ന, മഴയിൽ വെള്ളം കുത്തിയൊലിക്കുന്ന ഷീറ്റും ടാർപ്പോളിനും ഓലയും മറച്ച കൂരകളിൽനിന്ന്‌ അടച്ചുറപ്പുള്ള കോൺക്രീറ്റ്‌ മന്ദിരങ്ങളുടെ സുരക്ഷിതത്വത്തിലേക്ക്‌ നടന്നുകയറിയത്‌ എട്ടു ലക്ഷത്തോളം ജീവിതങ്ങൾ. രാജ്യചരിത്രത്തിൽ സമാനതകളില്ലാത്ത അധ്യായമാണ്‌ മൂന്നു വർഷവും ഒമ്പതു മാസവുംകൊണ്ട്‌ എൽഡിഎഫ്‌ സർക്കാർ എഴുതിച്ചേർത്തത്‌. ഈ കാലയളവിൽ സംസ്ഥാനത്ത്‌ ഉയർന്നത്‌ 2,14,000ൽ അധികം സുരക്ഷിതഭവനങ്ങൾ. ഭവനരഹിതരില്ലാത്ത സംസ്ഥാനം ലക്ഷ്യമിട്ട്‌ മൂന്നു ഘട്ടമായി ലൈഫ്‌ പദ്ധതി പൂർത്തിയാക്കാനാണ്‌ സംസ്ഥാന സർക്കാർ ലക്ഷ്യമിട്ടത്‌. ഇതിൽ രണ്ടുഘട്ടം പൂർത്തിയാക്കി മൂന്നാം ഘട്ടത്തിന്‌ തുടക്കംകുറിച്ചുകഴിഞ്ഞു.

ഒന്നാംഘട്ടം

2001 മുതൽ 2016 വരെ വിവിധ സർക്കാർ പദ്ധതികൾ പ്രകാരം ധനസഹായം ലഭിച്ചിട്ടും നിർമാണം പൂർത്തിയാക്കാൻ കഴിയാതിരുന്ന വീടുകൾ യാഥാർഥ്യമാക്കുകയായിരുന്നു ആദ്യഘട്ടത്തിൽ. ഈ വിഭാഗത്തിലുള്ള 54,173 വീടുകളിൽ 52,050 വീട്‌ ഇതുവരെ പൂർത്തിയായി–- 96.08 ശതമാനം. ഓരോ ഗുണഭോക്താവിനും വീട്‌ പൂർത്തിയാക്കാനാവശ്യമായ തുക സംസ്ഥാന സർക്കാർ കൈമാറി. 670 കോടി രൂപയാണ്‌ ചെലവിട്ടത്‌.

രണ്ടാംഘട്ടം

ഭൂമിയുള്ള ഭവനരഹിതരുടെ വീട്‌ നിർമാണമായിരുന്നു രണ്ടാംഘട്ടത്തിൽ. ഇത്തരത്തിൽ 92,213 പേർ ഭവനനിർമാണത്തിന്‌ തദ്ദേശസ്ഥാപനങ്ങളിൽ രജിസ്റ്റർ ചെയ്‌തു. ഇതിൽ 74,674  വീട്‌ പൂർത്തിയാക്കി–- 81 ശതമാനം. ലൈഫ്‌ മിഷനിലൂടെ നടപ്പാക്കുന്ന വീട്‌ നിർമാണത്തിനു പുറമെ ലൈഫ്‌ പിഎംഎവൈ പദ്ധതിക്കും സർക്കാർ രൂപം നൽകി. പദ്ധതിയിൽ ഗ്രാമപ്രദേശങ്ങളിലെ വീടിന്‌ 72,000 രൂപയും നഗരത്തിൽ 1.5 ലക്ഷം രൂപയുമാണ്‌ കേന്ദ്ര സർക്കാർ നൽകിയത്‌. സംസ്ഥാന സർക്കാർ നൽകിയ 3,28,000 രൂപകൂടി ചേർത്ത്‌ ഗ്രാമങ്ങളിലും 2.5 ലക്ഷം രൂപകൂടി ചേർത്ത്‌ നഗരങ്ങളിലും വീടുകൾ പൂർത്തിയാക്കി. ഗ്രാമങ്ങളിൽ 16,640 വീടും നഗരങ്ങളിൽ 47,144 വീടും ഇതിനകം പൂർത്തിയാക്കി.

ഇത്രയുംകൂടി

ഇതിനു പുറമെ പട്ടികജാതിവകുപ്പ്‌ 18,811 വീടും പട്ടിക വർഗവകുപ്പ്‌ 738 വീടും ഫിഷറീസ്‌ വകുപ്പ്‌ 3725 വീടും പൂർത്തിയാക്കി. ഇതുകൂടി ചേർത്താൽ ആകെ പൂർത്തിയായ വീടുകളുടെ എണ്ണം 2,14,000 പിന്നിടും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top