തിരുവനന്തപുരം > ലൈഫ് ഗുണഭോക്താക്കളായ ആയിരം ഭൂരഹിതർക്കുകൂടി ഭൂമി ലഭ്യമാക്കുന്നതിന് കെ ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ ലൈഫ് മിഷനുമായി രണ്ടാം ഘട്ടം ധാരണപത്രം ഒപ്പിട്ടു. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ ലൈഫ് മിഷൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സൂരജ് ഷാജിയും കെ ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. ജോർജ് സ്ലീബയുമാണ് ഒപ്പിട്ടത്. മന്ത്രി എം ബി രാജേഷ്, ഫൗണ്ടേഷൻ സോഷ്യൽ ഇനിഷ്യേറ്റീവ്സ് ഡയറക്ടർ എസ് എം വിനോദ്, അസി. മാനേജർ ടാനിയ ചെറിയാൻ എന്നിവരും പങ്കെടുത്തു. ലൈഫ് ചിറ്റിലപ്പിള്ളി ഭവനപദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ അതിദരിദ്ര വിഭാഗത്തിൽ ഭൂമിയും വീടും വേണ്ടവർക്കാണ് പ്രഥമ പരിഗണന. ഭൂമി വാങ്ങാൻ ഒരു കുടുംബത്തിന് 2.5 ലക്ഷം രൂപ വരെയാണ് അനുവദിക്കുക. ഭൂമി ലഭ്യമായാലുടൻ ലൈഫ് മിഷൻ മുഖേന വീടുകൾ ഒരുക്കും.
ലൈഫ് ചിറ്റിലപ്പിള്ളി ഭവനപദ്ധതിയുടെ ആദ്യ ഘട്ടത്തിൽ 1000 ഭൂരഹിതർക്ക് ഭൂമി ലഭ്യമാക്കുന്നതിന് ഇതിനകം കഴിഞ്ഞു. 25 കോടി രൂപയാണ് ഫൗണ്ടേഷൻ ഇതിനായി ചെലവഴിച്ചത്. ഇപ്രകാരം ഭൂമി ലഭിച്ചവരിൽ 911 ഗുണഭോക്താക്കളുടെ വീട് നിർമാണം ലൈഫ് മിഷൻ വഴി ആരംഭിച്ചു. ഒന്നാം ഘട്ടം സമയബന്ധിതമായി പൂർത്തീകരിച്ചതിനു പിന്നാലെയാണ്, 1000 ഭൂരഹിതർക്കുകൂടി ഭൂമി ലഭ്യമാക്കുന്നതിന് കെ ചിറ്റിലപ്പിള്ളി ഫൗണ്ടഷൻ താൽപ്പര്യം അറിയിച്ചത്. ഇതിനുള്ള ധാരണപത്രത്തിലാണ് ഒപ്പിട്ടത്.
ലൈഫ് ഭവനപദ്ധതിയിൽ ഇതുവരെ 5,30,904 ഗുണഭോക്താക്കൾക്കാണ് വീട് അനുവദിച്ചത്. ഇതിൽ 4,23,554 വീടുകളുടെ നിർമാണം പൂർത്തിയായി. ഭൂരഹിത ഭവനരഹിതർക്കായി ഭൂമി കണ്ടെത്താൻ സർക്കാർ ആവിഷ്കരിച്ച മനസ്സോടിത്തിരി മണ്ണ് ക്യാമ്പയിനിലൂടെ 20.38 ഏക്കർ ഭൂമി ഇതിനോടകം ലഭിച്ചിട്ടുണ്ട്.
കെ ചിറ്റിലപ്പിള്ളി ഫൗണ്ടേഷനെ മാതൃകയാക്കണം
ലൈഫ് ഭവനപദ്ധതിയുടെ മൂന്നാം ഘട്ടമായ ഭൂരഹിതരുടെ പുനരധിവാസം ഏറെ ശ്രമകരമാണ്. ഇത് പ്രായോഗികമാക്കുന്നതിന് കൂട്ടായ പ്രവർത്തനം ആവശ്യമാണ്. കെ ചിറ്റിലപ്പിള്ളി ഫൗണ്ടേഷനെ മാതൃകയാക്കി, ഭൂരഹിത ഭവനരഹിതർക്ക് ഭൂമി സംഭാവന ചെയ്യാൻ സുമനസ്സുകൾ രംഗത്തുവരണം- മന്ത്രി എം ബി രാജേഷ്
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..