22 December Sunday

പ്രൊഫ. മാമ്പുഴ കുമാരൻ അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Oct 30, 2024

ഇരിങ്ങാലക്കുട> അരനൂറ്റാണ്ടോളം മലയാള നിരൂപണശാഖയിൽ നിറഞ്ഞു നിന്ന പ്രൊഫ. മാമ്പുഴ കുമാരൻ (91) അന്തരിച്ചു. ഇരിങ്ങാലക്കുട എംജി റോഡിൽ വരദ വീട്ടിലായിരുന്നു താമസം. സംസ്കാരം  വ്യാഴാഴ്‌ച രാവിലെ 11ന്  വീട്ടുവളപ്പിൽ.  

പാലക്കാട് വിക്ടോറിയ കോളേജ്, കൊച്ചി സാന്റാക്രൂസ് ഹൈസ്കൂൾ, കാഞ്ഞിരമറ്റം സെൻ്റ് ഇ‌ഗ്നേഷ്യസ് ഹൈസ്‌കൂൾ എന്നിവിടങ്ങളിൽ അധ്യാപകനായിരുന്നു. 1961 മുതൽ 1988 വരെ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ മലയാള വിഭാഗം  അധ്യാപകനായി പ്രവർത്തിച്ചു. ക്രൈസ്‌റ്റിൽ  നിന്നാണ് വിരമിച്ചത്.   മാതൃഭൂമി വാരികയിൽ ഗ്രന്ഥ നിരൂപകനായിരുന്നു. വിവിധ ആനുകാലികങ്ങളിൽ കവിത, ലേഖനം, ഹാസ്യകവിത, ഹാസ്യലേഖനങ്ങൾ എന്നിവ  പ്രസിദ്ധപ്പെടുത്തി.

സർഗദർശനം, അനുമാനം, മോളിയേയിൽ നിന്ന് ഇബ്സനിലേക്ക്, വാക്കും പൊരുളും, സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച തിരഞ്ഞെടുത്ത പ്രബന്ധങ്ങൾ, ഉൾക്കാഴ്ചകൾ, സംസ്കാരത്തിന്റെ  അടയാളങ്ങൾ, നാടകദർശനം, 2024 ൽ പ്രസിദ്ധീകരിച്ച സ്മൃതി മുദ്രകൾ എന്നിവയാണ് പ്രധാന കൃതികൾ. 1956ൽ സമസ്ത കേരള സാഹിത്യ പരിഷത്ത് കോളേജ് വിദ്യാർഥികൾക്കായി നടത്തിയ പ്രസംഗമൽസരത്തിൽ ഒന്നാം സമ്മാനം നേടി. 2021 ൽ കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം നേടി.

എറണാകുളം മാമ്പുഴ കിഴക്കെത്തയ്യിൽ ലക്ഷ്‌മിക്കുട്ടി അമ്മയുടെയും പെരുമ്പളം ചിറയിൽ കുഞ്ഞിക്കൃഷ്ണൻനായരുടെയും  മകനാണ്‌. ഭാര്യ: പരേതയായ രുഗ്മിണി (റിട്ട. പ്രധാന അധ്യാപിക). മക്കൾ: മിനി (റിട്ട. അധ്യാപിക, കാറളം വിഎച്ച്എസ്എസ്), ജയകുമാർ (മുംബൈ), അഡ്വ. ഗോപകുമാർ. മരുമക്കൾ: അഡ്വ ശശികുമാർ, സ്മിത (മുംബൈ), സ്മിത (അധ്യാപിക, ശാന്തിനികേതൻ സ്കൂൾ).


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top