21 November Thursday
ലിവിങ്‌ വിൽ

ഞങ്ങൾക്ക്‌ വേണ്ട നരകയാതന ; മരണ താൽപ്പര്യപത്രവുമായി കുടുംബകൂട്ടായ്‌മ

പി ആർ ദീപ്‌തിUpdated: Friday Oct 25, 2024

കൊല്ലം പൂതക്കുളം കലയ്‌ക്കോട്‌ തൊടിയിൽ കുടുംബ കൂട്ടായ്‌മയിലെ അംഗങ്ങൾ മരണതാല്‍പര്യ പത്രവുമായി



കൊല്ലം
ജീവിതത്തിലേക്കു മടക്കമില്ലെന്ന്‌ വൈദ്യശാസ്‌ത്രം ഉറപ്പിച്ചാൽ കൃത്രിമ ഉപകരണങ്ങളുടെ സഹായത്തോടെ ജീവൻ നിലനിർത്തേണ്ടതില്ലെന്ന്‌ അറിയിച്ച്‌ മരണ താൽപ്പര്യപത്രവുമായി (ലിവിങ്‌ വിൽ) കുടുംബകൂട്ടായ്‌മ. കൊല്ലം പൂതക്കുളം കലയ്‌ക്കോട്‌ തൊടിയിൽ കുടുംബത്തിലെ 65 പേരാണ്‌ അന്ത്യനാളുകളിൽ നരകയാതന വേണ്ടെന്ന സമ്മതപത്രം തയ്യാറാക്കിയത്‌.

18 മുതൽ 86 വയസുവരെയുള്ള 110 പേർ കൂട്ടായ്‌മയിലുണ്ട്‌. 32 സ്‌ത്രീകളും 33 പുരുഷന്മാരും. തൊടിയിൽ കുടുംബവേദി വാട്‌സാപ്‌ കൂട്ടായ്‌മയിലെ അംഗങ്ങളായ ഇവർ കഴിഞ്ഞ ആഗസ്‌ത്‌ 11ന്‌ നടന്ന വാർഷിക കുടംബയോഗത്തിലാണ്‌ സമ്മതപത്രം തയ്യാറാക്കിയത്‌. ഏറ്റവും പ്രായം കൂടിയ ഇന്ദിരയും (86) 18 വയസുള്ള വൈഷ്‌ണവിയും കൂട്ടായ്‌മയിൽ അംഗമാണ്‌.

ജീവിതത്തിലേക്കുള്ള മടക്കയാത്രയ്‌ക്ക്‌ ഒരുശതമാനം പോലും അവസരമില്ലെന്ന്‌ വന്നാൽ ഐസിയു, വെന്റിലേറ്റർ, സിപിആർ എന്നിവയുടെ സഹായം ആവശ്യമില്ലെന്ന സമ്മതപത്രമാണ്‌ തയ്യാറാക്കിയതെന്ന്‌ കുടുംബാംഗമായ പൂതക്കുളം മുക്കട വി വി സദനത്തിൽ വിനിൽകുമാർ (51) പറഞ്ഞു. ‘പക്ഷാഘാതത്തെ തുടർന്ന്‌ അബോധാവസ്ഥയിലായ അമ്മയെ ശസ്‌ത്രക്രിയക്ക്‌ വിധേയമാക്കിയെങ്കിലും അബോധാവസ്ഥയിലായി. എങ്ങനെയും അമ്മയുടെ ജീവൻ തിരിച്ചുപിടിക്കണമെന്ന ചിന്തയായിരുന്നു. എന്നാൽ അമ്മയ്‌ക്ക്‌ സുഖമരണത്തിനുള്ള അവസരം നിഷേധിച്ചെന്ന കുറ്റബോധം അലട്ടിത്തുടങ്ങി. ഇതിനിടെയാണ്‌ മരണ താൽപ്പര്യപത്രത്തെക്കുറിച്ച്‌ കൊല്ലം ഗവ. മെഡിക്കൽ കോളേജിലെ മോഡൽ പാലിയേറ്റിവ്‌ കെയർ ഡിവിഷൻ ഡോക്ടർ ഐ പി  യാദവിന്റെ ബോധവൽക്കരണ ക്ലാസ്‌ കേൾക്കാനിടയായത്‌. കൂട്ടായ്‌മയിലെ പലരുടെയും ബന്ധുക്കൾ അനുഭവിച്ച വേദനകളും തീരുമാനമെടുക്കാൻ പ്രേരണയായി–- വിനിൽകുമാർ പറഞ്ഞു.

‘യാതന അനുഭവിക്കുന്നവർക്ക്‌ ആശ്വാസം’
ഗുരുതര രോഗം, വാർധക്യം എന്നിവയാൽ യാതന അനുഭവിക്കുന്നവർക്ക്‌ ലിവിങ്‌ വിൽ നൽകുന്ന ആശ്വാസം ചെറുതല്ല. ഒരു വ്യക്തി ആരോഗ്യമുള്ള അവസ്ഥയിൽ എഴുതി തയ്യാറാക്കുന്നതാണിത്‌. ജീവിതത്തിലേക്ക് ഉറ്റവർ മടങ്ങിവരില്ലെന്ന്‌ ഉറപ്പുള്ള സാഹചര്യങ്ങളിൽ ബന്ധുക്കൾക്ക് കുറ്റബോധമില്ലാതെ തീരുമാനമെടുക്കാനാകും. നിയമസാധുതയുള്ള ലിവിങ് വില്ലിൽ എപ്പോൾ വേണമെങ്കിലും കൂട്ടിച്ചേർക്കലോ തിരുത്തലോ വരുത്താം.

ഡോ. ഐ പി യാദവ്‌
(നോഡൽ ഓഫീസർ, മോഡൽ പാലിയേറ്റീവ്‌ കെയർ ഡിവിഷൻ,  കൊല്ലം ഗവ. മെഡിക്കൽ കോളേജ്‌)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top