കൊല്ലം
മരണം ഉറപ്പെന്ന് ഡോക്ടർമാർ വിധിയെഴുതിയിട്ടും ബന്ധുക്കളുടെ ആഗ്രഹപ്രകാരം കൃത്രിമമായി ജീവൻ നിലനിർത്തുന്നവർക്ക് ആശ്വാസമായി ലിവിങ് വിൽ . സ്വയം തീരുമാനമെടുക്കാൻ കഴിയാത്ത സാഹചര്യത്തിൽ തുടർചികിത്സ എങ്ങനെ ആയിരിക്കണമെന്ന തന്റെ തീരുമാനം ഒരുവ്യക്തി മുൻകൂട്ടി രേഖപ്പെടുത്തുന്ന സമ്മതപത്രമാണ് ‘ലിവിങ് വിൽ'.
അന്ത്യനാളുകൾ ദുരിതപൂർണമായി നീട്ടരുതെന്ന ആഗ്രഹത്തിൽ സംസ്ഥാനത്ത് ‘ലിവിങ് വിൽ' തയ്യാറാക്കിയത് 98 പേർ. ഇതിൽ കൊല്ലത്ത് 68 പേരും തൃശൂരിൽ 30 പേരുമുണ്ട്. മരണം നൂറുശതമാനം ഉറപ്പായ കേസുകളിൽ കൃത്രിമമായി ജീവൻ നിലനിർത്തുന്നത് വഴി യാതന അനുഭവിക്കാൻ വയ്യെന്ന വിൽപത്രമാണ് (അഡ്വാൻസ് മെഡിക്കൽ ഡയറക്ടീവ്) കൊല്ലം, തൃശൂർ ഗവ. മെഡിക്കൽ കോളേജുകളിലെ ഡോക്ടർമാർ ഉൾപ്പെടെയുള്ളവർ തയ്യാറാക്കിയത്.
ജീവിതത്തിലേക്ക് ഒരിക്കലും മടങ്ങിവരാൻ കഴിയില്ലെന്ന് ഉറപ്പായാലും ബന്ധുക്കളുടെ പ്രേരണയിൽ കൃത്രിമ ഉപാധികൾ ഉപയോഗിച്ച് ജീവൻ വലിച്ചുനീട്ടുമ്പോൾ രോഗി അനുഭവിക്കുന്ന വേദനയും കുടുംബത്തിനുണ്ടാകുന്ന കടുത്ത സാമ്പത്തിക ബാധ്യതയും ഒഴിവാക്കാൻ വിൽപത്രം സഹായകമാണെന്ന് ഇവർ പറയുന്നു. നിർണായകഘട്ടത്തിൽ ഉറ്റവർക്ക് കുറ്റബോധമോ സംഘർഷമോ കൂടാതെ രോഗിയുടെ അന്ത്യാഭിലാഷം പൂർത്തിയാക്കാനുമാകും. മെഡിക്കൽ ബോർഡിനും തീരുമാനമെടുക്കാം. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ രണ്ടു മെഡിക്കൽ കോളേജിലെയും മോഡൽ പാലിയേറ്റീവ് കെയർ ഡിവിഷന്റെ സഹായത്തോടെയാണ് ദൗത്യം നിർവഹിക്കുക. ‘ലിവിങ് വിൽ' സംബന്ധിച്ച ബോധവൽക്കരണത്തിന് കേരള ഗവ. മെഡിക്കൽ കോളേജ് ടീച്ചേഴ്‌സ് അസോസിയേഷൻ രംഗത്തുണ്ട്.
ലിവിങ് വിൽ
മോഡൽ പാലിയേറ്റീവ് കെയർ ഡിവിഷനിൽനിന്നുള്ള നിശ്ചിത ഫോറം പൂരിപ്പിച്ച് രണ്ടു സാക്ഷികളുടെ സാന്നിധ്യത്തിൽ ഗസറ്റഡ് ഉദ്യോസ്ഥനോ നോട്ടറിയോ സാക്ഷ്യപ്പെടുത്തണം. പകർപ്പ് കൈവശംവയ്‌ക്കുന്നതിനു പുറമെ ഉറ്റ ബന്ധുക്കൾക്കോ സുഹൃത്തുക്കൾക്കോ നൽകണം. പഞ്ചായത്തിലോ വില്ലേജ് ഓഫീസിലോ നൽകാം. നിയമസാധുതയുള്ള വിൽപത്രം ഏതുസമയത്തും തിരുത്താനും റദ്ദാക്കാനും കഴിയും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..