21 November Thursday

എൽഎംവി ലൈസൻസുണ്ടോ; 
ചരക്കുവാഹനം ഓടിക്കാം

വെബ് ഡെസ്‌ക്‌Updated: Thursday Nov 7, 2024


ന്യൂഡൽഹി
ലൈറ്റ്‌ മോട്ടോർ വെഹിക്കിൾ (എൽഎംവി) ലൈസൻസുള്ളവർക്ക്‌ മറ്റ്‌ പ്രത്യേക അനുമതികൾ ഇല്ലാതെ 7500 കിലോവരെ ഭാരമുള്ള ചരക്ക്‌, യാത്രാ വാഹനങ്ങൾ ഓടിക്കാമെന്ന്‌ സുപ്രീംകോടതി. എൽഎംവി ലൈസൻസുള്ളവർ 7500 കിലോയിൽ കൂടുതൽ ഭാരമുള്ള ചരക്ക്‌, യാത്രാ വാഹനങ്ങൾ ഓടിക്കണമെങ്കിൽ മാത്രം അധിക അനുമതിരേഖകൾ നേടിയാൽ മതിയെന്ന്‌ ചീഫ്‌ ജസ്‌റ്റിസ്‌ ഡി വൈ ചന്ദ്രചൂഡ്‌ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാബെഞ്ച്‌ വിധിയിൽ നിർദേശിച്ചു. ചീഫ്‌ ജസ്‌റ്റിസിന്‌ പുറമേ ജസ്‌റ്റിസ്‌ ഹൃഷികേശ്‌ റോയ്‌, ജസ്‌റ്റിസ്‌ പി എസ്‌ നരസിംഹ, ജസ്‌റ്റിസ്‌ പങ്കജ്‌ മിത്തൽ, ജസ്‌റ്റിസ്‌ മനോജ്‌ മിശ്ര എന്നിവരാണ്‌ ഭരണഘടനാബെഞ്ചിലെ മറ്റംഗങ്ങൾ.

എൽഎംവി ലൈസൻസുള്ളവർ ചരക്കുവാഹനങ്ങൾ ഓടിക്കുന്നത്‌ കൂടുതൽ അപകടങ്ങൾക്ക്‌ കാരണമാകുന്നുവെന്ന്‌ സ്ഥാപിക്കാനുള്ള ആധികാരിക പഠനങ്ങളോ റിപ്പോർട്ടുകളോ കോടതി മുമ്പാകെ എത്തിയിട്ടില്ല. സാങ്കേതികകാരണങ്ങളുടെ പേരിൽ എൽഎംവി ലൈസൻസ്‌ ഉടമകൾക്ക്‌ അർഹിച്ച അവകാശങ്ങൾ നിഷേധിക്കാനാകില്ല. ജീവിതത്തിന്റെ ഭൂരിഭാഗം സമയവും ചരക്ക്‌, യാത്രാ വാഹനങ്ങൾ ഓടിച്ച്‌ ഉപജീവനം നടത്തുന്ന ലക്ഷകണക്കിന്‌ എൽഎംവി ലൈസൻസ്‌ ഉടമകളുണ്ട്‌. ലൈസൻസിന്റെകാര്യം വരുമ്പോൾ എൽഎംവിയെയും ഭാരവാഹനങ്ങളെയും തികച്ചും വ്യത്യസ്‌ത വിഭാഗങ്ങളായി കണക്കാക്കാനാകില്ല–- ഭരണഘടനാബെഞ്ച്‌ വിധിന്യായത്തിൽ നിരീക്ഷിച്ചു. അതേസമയം, ഇ–-റിക്ഷകൾ, ഇ–-കാറുകൾ, അപകടരമായ വസ്‌തുക്കൾ കൊണ്ടുപോകുന്ന വാഹനങ്ങൾ എന്നിവ ഓടിക്കുന്നതിന്‌ നിലവിലുള്ള പ്രത്യേക യോഗ്യതാമാനദണ്ഡങ്ങൾ തുടരുമെന്നും വിധിയിൽ പറഞ്ഞു.

2017ൽ മുകുന്ദ്‌ ദേവ്ഗൺ കേസിൽ ജസ്‌റ്റിസ്‌ അരുൺ മിശ്ര അധ്യക്ഷനായ മൂന്നംഗബെഞ്ച്‌ 7500 കിലോയിൽ കൂടുതൽ ഭാരമില്ലാത്ത ‘ട്രാൻസ്‌പോർട്ട്‌ വാഹനങ്ങൾ’ എൽഎംവി വിഭാഗത്തിൽ ഉൾപ്പെടുമെന്ന്‌ വിധിച്ചിരുന്നു. ഈ വിധിക്കെതിരെ ബജാജ്‌ അലയൻസ്‌ ഉൾപ്പടെയുള്ള ഇൻഷുറൻസ്‌ കമ്പനികൾ അപ്പീലുകൾ നൽകി. 2022ൽ ഈ അപ്പീലുകൾ പരിഗണിച്ച മൂന്നംഗബെഞ്ച്‌ വിഷയം ഭരണഘടനാബെഞ്ചിന്റെ പരിഗണനയ്‌ക്ക്‌ വിടുകയായിരുന്നു.2017ലെ വിധി ശരിവച്ച്‌ 
സുപ്രീംകോടതി 
ഭരണഘടനാബെഞ്ച്‌


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top