രണ്ടാഴ്ചമുമ്പ് എറണാകുളം വേങ്ങൂരിലെ യുവതിയുടെ ആത്മഹത്യ അന്വേഷിച്ച പൊലീസ് എത്തിയത് മൊബൈൽ വായ്പാ ആപ്പിൽ. വൻ തുകയുടെ വായ്പാ തിരിച്ചടവ് മുടങ്ങിയപ്പോൾ യുവതിയുടെ മോർഫ്‌ചെയ്‌ത നഗ്നചിത്രങ്ങൾ വിദേശത്തുള്ള ഭർത്താവിന് അയച്ചതാണ് ആത്മഹത്യയ്‌ക്ക് കാരണം. നേരത്തെ, മൊബൈൽ ആപ്പ് വഴി ചെറിയ വായ്പയെടുത്ത യുവതി വലിയ തുകയ്‌ക്കായി മറ്റൊരു ആപ്പിൽ അപേക്ഷ നൽകി. പ്രോസസിങ് ചാർജായി ആവശ്യപ്പെട്ട വലിയ തുക കൈമാറിയെങ്കിലും വായ്പ കിട്ടിയില്ല. ഇതോടെ സാമ്പത്തിക പ്രതിസന്ധിയിലായി. ഇതിനിടെ ആദ്യ വായ്പ തിരിച്ചടയ്‌ക്കാൻ ഉത്തരേന്ത്യൻ വായ്പാസംഘത്തിന്റെ നിരന്തര ഭീഷണി. അവർ മോർഫ് ചെയ്ത നഗ്നചിത്രങ്ങൾ യുവതിക്കും ഭർത്താവിനും ഒരേസമയം അയച്ചു.
മാനസികമായി തകർന്ന യുവതി വീട്ടിൽ തൂങ്ങിമരിക്കുകയായിരുന്നു. ഏഴും രണ്ടരയും വയസുള്ള കുട്ടികൾ അനാഥരായി. അന്വേഷണത്തിൽ ഇവരുടെ അക്കൗണ്ടിൽ ലക്ഷങ്ങളുടെ ഇടപാടുകൾ കണ്ടെത്തി. തട്ടിപ്പുസംഘം അനധികൃത ഇടപാടുകൾക്ക് യുവതിയുടെ അക്കൗണ്ട് ഉപയോഗിച്ചെന്നാണ് കരുതുന്നത്.
ഫിഷിങ്
കുറഞ്ഞ വരുമാനക്കാരെയാണ് ഇത്തരം സംഘങ്ങൾ ലക്ഷ്യമിടുന്നത്. ഇൻസ്റ്റന്റ് വായ്പാ വാഗ്ദാനവുമായി ഇരകളെ ബന്ധപ്പെടും. ആപ്പ് ഇൻസ്റ്റാൾ ചെയ്യുകയോ സന്ദേശത്തിലെ ലിങ്കിൽ ക്ലിക്ക് ചെയ്യുകയോ ചെയ്താൽ വ്യക്തിവിവരങ്ങൾ, ഫോൺനമ്പറുകൾ, ഗാലറി എന്നിവ വായ്പാസംഘങ്ങളുടെ സെർവറിൽ അപ്‌ലോഡാകും. ആധാർ കാർഡും ഫോട്ടോയും ഫോൺ നമ്പറുകളും തിരിച്ചറിയൽ വിശദാംശങ്ങളും ഇവർ സ്വന്തമാക്കും. ഫിഷിങ് എന്നാണ് ഇതിന് പറയുക. പ്രോസസിങ് ഫീസ്, നികുതി, പലിശ എന്നിവയടക്കം വൻതുക തിരിച്ചടക്കേണ്ടിവരും. എന്നാലും വായ്പ കിട്ടണമെന്നില്ല. തിരിച്ചടവ് മുടങ്ങുന്നതോടെ ഭീഷണി തുടങ്ങും.
ഇവ ശ്രദ്ധിക്കാം
● വായ്പയ്‌ക്കായി നിയമാനുസൃത ധനകാര്യ സ്ഥാപനങ്ങളെമാത്രം ആശ്രയിക്കുക
● പ്ലേ സ്‌റ്റോർ/ആപ്പ് സ്‌റ്റോർ തുടങ്ങിയ അംഗീകൃത സ്‌റ്റോറിൽനിന്നുമാത്രം മൊബൈൽ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുക
● ആപ്പ് റിവ്യൂ ആക്സസ് പെർമിഷനുകൾ പരിശോധിക്കുക
● ലിങ്കുകളിലൂടെ ലഭിക്കുന്ന APK ഫയലുകൾ ഇൻസ്റ്റാൾ ചെയ്യരുത്
● ഒടിപി/പിൻ പങ്കിടാതിരിക്കുക
(അവസാനിക്കുന്നില്ല)
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..