തിരുവനന്തപുരം > സംസ്ഥാനത്തെ 49 തദ്ദേശവാർഡുകളിൽ ജൂലൈ 30 ന് ഉപതെരഞ്ഞെടുപ്പ് നടത്തും. തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾ പൂർത്തിയായതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമീഷണർ എ ഷാജഹാൻ അറിയിച്ചു. വോട്ടെടുപ്പ് ചൊവ്വാഴ്ച രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം ആറ് മണി വരെയാണ്. സമ്മതിദായകർക്ക് വോട്ട് ചെയ്യുന്നതിന് തിരിച്ചറിയൽ രേഖകളായി കേന്ദ്ര തിരഞ്ഞെടുപ്പ് കമീഷൻ നൽകിയിട്ടുള്ള തിരിച്ചറിയൽ കാർഡ്, പാസ്‌പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, പാൻകാർഡ്, ആധാർകാർഡ്, ഫോട്ടോ പതിച്ചുള്ള എസ്എസ്എൽസി ബുക്ക്, ഏതെങ്കിലും ദേശസാൽക്കൃത ബാങ്കിൽ നിന്നും തിരഞ്ഞെടുപ്പ് തിയതിക്ക് ആറ് മാസക്കാലയളവിന് മുൻപുവരെ നൽകിയിട്ടുള്ള ഫോട്ടോ പതിച്ച പാസ്ബുക്ക്, സംസ്ഥാന തിരഞ്ഞെടുപ്പ് കമീഷൻ നൽകിയിട്ടുള്ള തിരിച്ചറിയൽ രേഖ എന്നിവ ഉപയോഗിക്കാം.
വോട്ടു ചെയ്യുന്നവരുടെ ഇടതു കൈയ്യിലെ ചൂണ്ടുവിരലിന് പകരം നടുവിരലിലാണ് മഷി പുരട്ടുക. 2024 ഏപ്രിലിൽ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്‌തിട്ടുള്ള വോട്ടർമാരുടെ ചൂണ്ടുവിരലിൽ പുരട്ടിയ മഷിയടയാളം പൂർണമായും മാഞ്ഞ് പോയിട്ടില്ലാത്തതു കൊണ്ടാണ് ഈ മാറ്റം.
വയനാട് ഒഴികെയുള്ള 13 ജില്ലകളിലെ ഒരു ജില്ലാ പഞ്ചായത്ത്, നാല് ബ്ലോക്ക് പഞ്ചായത്ത്, ആറ് മുനിസിപ്പാലിറ്റി, 38 ഗ്രാമപഞ്ചായത്ത് വാർഡുകളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ആകെ 169 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. 76 പേർ സ്ത്രീകളാണ്. വോട്ടെടുപ്പിന് 211 പോളിങ് ബൂത്തുകൾ സജ്ജമാക്കിയിട്ടുണ്ട്.
പോളിങ് ഉദ്യോഗസ്ഥർക്കുള്ള പരിശീലനം പൂർത്തിയായി. ബാലറ്റ് പേപ്പറുകൾ അച്ചടിച്ച് വരണാധികാരികൾക്ക് കൈമാറി. വോട്ടിംഗ് മെഷീനുകളും സജ്ജമാക്കി. സംക്ഷിപ്‌ത പുതുക്കലിനെ തുടർന്ന് 2024 ജൂലൈ ഒന്നിന് പ്രസിദ്ധീകരിച്ച വോട്ടർപട്ടിക അടിസ്ഥാനമാക്കിയാണ് ഉപതിരഞ്ഞെടുപ്പ് നടത്തുന്നത്. 49 വാർഡുകളിലെ അന്തിമവോട്ടർ പട്ടികയിൽ 163639 വോട്ടർമാരാണുള്ളത്. 77409 പുരുഷൻമാരും 86228 സ്ത്രീകളും രണ്ട് ട്രാൻസ്ജെൻഡർമാരും. വോട്ടർപട്ടിക www.sec.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.
പോളിങ് സാധനങ്ങൾ തിങ്കളാഴ്‌ച ഉച്ചയ്ക്ക് 12 മണിക്ക് മുൻപ് സെക്ടറൽ ഓഫീസർമാർ പോളിങ് സ്‌റ്റേഷനുകളിൽ എത്തിക്കും. പോളിങ് ഉദ്യോഗസ്ഥർ പോളിംഗ് ബൂത്തിൽ ഹാജരായി അവ കൈപ്പറ്റണം. വോട്ടെടുപ്പ് ദിവസം രാവിലെ ആറ് മണിക്ക് മോക്ക് പോൾ നടത്തും. ക്രമസമാധാനപാലനത്തിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. പ്രശ്‌നബാധിത ബൂത്തുകളിൽ പ്രത്യേക പൊലീസ് സുരക്ഷ ഏർപ്പെടുത്തും. വോട്ടെണ്ണൽ ജൂലൈ 31ന് രാവിലെ 10 ന് വിവിധ കേന്ദ്രങ്ങളിൽ നടത്തും. വോട്ടെണ്ണൽ ഫലം www.sec.kerala.gov.in സൈറ്റിലെ TREND ൽ ലഭ്യമാകും.
സ്ഥാനാർഥികളുടെ തിരഞ്ഞെടുപ്പ് ചെലവ് കണക്ക് അതത് തദ്ദേശസ്ഥാപന സെക്രട്ടറിക്കാണ് നൽകേണ്ടത്. ഫലപ്രഖ്യാപന തിയതി മുതൽ 30 ദിവസത്തിനകമാണ് ചെലവ് കണക്ക് സമർപ്പിക്കേണ്ടത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..