22 December Sunday

നീന്തണോ ‘റിയൽ ഹീറോസ്‌’ പഠിപ്പിക്കും

വി എസ്‌ വിഷ്‌ണുപ്രസാദ്‌Updated: Tuesday Oct 22, 2024

ആമയിഴഞ്ചാൻ തോട്ടിൽ വീണ ജോയിയെ കണ്ടെത്തുന്നതിന്‌ നേതൃത്വം നൽകിയ സ്‌കൂബാ ഡൈവിങ്‌ സംഘം

തിരുവനന്തപുരം> അഗ്‌നിരക്ഷാസേനയിലെ മുങ്ങൽവിദഗ്‌ധർ നീന്തൽപഠിപ്പിക്കുന്ന കേന്ദ്രമുണ്ട്‌ തലസ്ഥാനത്ത്‌. കോർപറേഷനു കീഴിൽ നെടുങ്കാട്‌ യുപി സ്‌കൂളിലെ  നീന്തൽക്കുളം സ്‌കൂൾ കുട്ടികളെ സൗജന്യമായി നീന്തൽ പഠിപ്പിക്കുന്നതിന്‌ മന്ത്രി വി ശിവൻകുട്ടി തന്റെ എംഎൽഎ ഫണ്ട്‌ ഉപയോഗിച്ച്‌ 2016 ൽ തുടക്കം കുറിച്ചതാണ്‌. ഇന്ന്‌ ആർക്കും കുറഞ്ഞ ചെലവിൽ നീന്തൽപഠിക്കാനുള്ള ഇടമായി ഇവിടം മാറി.
അഗ്നിരക്ഷാസേനയാണ്‌ പഠിപ്പിക്കുന്നതെങ്കിലും അടുത്തകാലംവരെ പരിശീലകരെ ആരും ശ്രദ്ധിച്ചിരുന്നില്ല. ജൂലൈ 13 ന്‌ ആമയിഴഞ്ചാൻതോട്ടിൽവീണ ജോയി എന്ന തൊഴിലാളിയെ രക്ഷിക്കാൻ സ്വന്തം ജീവൻപോലും അവഗണിച്ച്‌ അഴുക്കുചാലിൽ മുങ്ങിത്തപ്പിയ ‘സ്‌കൂബാ ഡൈവിങ്‌ ടീം’ അവരായിരുന്നു, അഗ്‌നിരക്ഷാസേനയിലെ ‘നീന്തൽഗുരുക്കൻമാർ’. നെടുങ്കാട്ടെ നീന്തൽക്കുളത്തിൽനിന്നുമാത്രം 4500 പേരെ നീന്തൽപഠിപ്പിച്ചവർതന്നെയാണ്‌ ജോയിക്കുവേണ്ടിയും രംഗത്തിറങ്ങിയവർ. ജോയിയെ ജീവനോടെ തിരിച്ചുകൊണ്ടുവരാനായില്ലെങ്കിലും അഗ്‌നിരക്ഷാസേനയുടെ സ്‌കൂബാ ഡൈവിങ്‌ സംഘത്തിന്റെ അർപ്പണബോധത്തെ ‘റിയൽ ഹീറോസ്‌’ എന്നുവിളിച്ചാണ്‌ മലയാളികൾ വാഴ്‌ത്തിയത്‌. ‘ഇതെല്ലാം ജോലിയുടെ ഭാഗം’ എന്ന കർത്തവ്യബോധത്തോടെ, പബ്ലിസിറ്റിയിൽ വീഴാതെ അവർ നീന്തൽ പരിശീലനം തുടരുകയാണ്‌.
 
ജോയി ദൗത്യത്തിന്‌ നേതൃത്വം നൽകിയ ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ കെ ബി സുഭാഷ്, കെ  സുജയൻ  എന്നിവരും സംഘത്തിലുണ്ടായിരുന്ന വിദ്യാരാജ്‌ സന്തോഷ്‌ കുമാർ, അനു  എന്നിവരുമാണ്‌ നെടുങ്കാട്ടെ പരിശീലകർ. സുഭാഷും സുജയനും തുടക്കം മുതൽ ഇവിടെയുണ്ട്‌. വനിതകളെ പരിശീലിപ്പിക്കുന്നതിന്‌ ദേശീയ നീന്തൽ താരങ്ങളായിരുന്ന സതികുമാരി, എസ്‌ രാജി എന്നിവരുമുണ്ട്‌.
എംഎൽഎ, സ്‌കൂളിലെ പ്രധാനാധ്യാപിക, വാർഡ്‌ കൗൺസിലർ, റീജണൽ ഫയർ ഓഫീസർ എന്നിവരടങ്ങുന്ന കമ്മിറ്റിക്കാണ്‌ ചുമതല. വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച്‌ എല്ലാ സ്‌കൂളുകളിൽനിന്നും വിദ്യാർഥികളെക്കൊണ്ടുവന്ന്‌ പരിശീലിപ്പിക്കാൻ തയ്യാറാണെങ്കിലും അധ്യാപകരുടെ സമയക്കുറവ്‌ ബുദ്ധിമുട്ട്‌ സൃഷ്‌ടിക്കുന്നു. നിലവിൽ ജില്ലയിൽ ഏറ്റവും കുറഞ്ഞ ഫീസിൽ മികച്ച പരിശീലനം നൽകുന്ന കേന്ദ്രമാണിതെന്ന്‌ കെ ബി സുഭാഷ്‌ പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top