മലപ്പുറം>‘പടിഞ്ഞാറൻ ആഫ്രിക്കയിൽനിന്ന് മലയാള മധുരംതേടി അതിഥികളെത്തി. അവർക്ക് കേരളത്തിന്റെ പൊതുവിദ്യാഭ്യാസത്തിലേക്ക് സ്വാഗതം’–- വേങ്ങൂർ എഎംഎച്ച്‌എസ്‌എസിലെ മലയാളം അധ്യാപിക നാജിയത്തിന്റെ സമൂഹമാധ്യമ കുറിപ്പിന് പിറകെ പോയാൽ മനോഹര കഥയുണ്ട്. കേരളക്കരയിൽ വേരുറപ്പിക്കാൻ അഞ്ച് മക്കളുമായി കടൽ താണ്ടിയ കുടുംബത്തിന്റെ കഥ.
പതിനെട്ടാം വയസിൽ ജോലിതേടി അബുദാബിയിലെത്തിയതാണ് വേങ്ങൂർ കളത്തിങ്കൽ വീട്ടിൽ ഷംസുദ്ദീൻ. അവിടെനിന്ന് ആഫ്രിക്കൻ രാജ്യമായ ഇക്വറ്റോറിയൽ ഗിനിയയിലേക്ക്. ഏനിയസ് ഇഞ്ചാമ്മയെന്ന ആഫ്രിക്കക്കാരിയുമായി പ്രണയം. വിവാഹ ജീവിതത്തിൽ അഞ്ച് മക്കളും പിറന്നു. ഒടുവിൽ 27 വർഷത്തെ ആഫ്രിക്കൻ ജീവിതം അവസാനിപ്പിച്ച് കുടുംബസമേതം നാട്ടിലേക്ക്. മക്കളായ സാമിയ, മറിയ യുളന്റ, ഫ്രാൻസിസ്‌കോ, ഡയ്‌സി, ഡാനിയൽ എന്നിവർ ഇനി മലയാള മധുരം നുണയും. ഇതിൽ മൂന്നുപേർ കഴിഞ്ഞ ദിവസം വേങ്ങൂർ എഎംഎച്ച്‌എസ്‌എസിൽ പ്രവേശനം നേടി.
നമ്മുടെ പൊതുവിദ്യാഭ്യാസത്തിൽ വിശ്വാസമുണ്ടെന്ന് ഷംസുദ്ദീൻ പറഞ്ഞു. ‘ഇവിടെ നല്ല വിദ്യാഭ്യാസം ലഭിക്കും. മക്കൾ നമ്മുടെ നാടിന്റെ ഭാഷയും സംസ്‌കാരവും പഠിച്ച് വളരണമെന്നാണ് ആഗ്രഹം’–- അദ്ദേഹം പറഞ്ഞു. മൂത്ത മകൾ സാമിയ പത്താംക്ലാസ് വിദ്യാർഥിനിയാണ്. 17 വയസ് പിന്നിട്ടതിനാൽ സ്‌കൂൾ പഠനം സാധ്യമാകില്ല. പ്രൈവറ്റ് രജിസ്‌ട്രേഷനിലൂടെ പഠനം തുടരണം. മറിയ യുളന്റ ഒമ്പതിലും ഫ്രാൻസിസ്‌കോ രണ്ടിലും ഡയ്‌സി എൽകെജിയിലും ചേർന്നു. ഇംഗ്ലീഷും സ്‌പാനിഷും ഫ്രഞ്ചുംമാത്രമാണ് ഇവർക്ക് വശം. ഇവർക്ക് ഇത്തവണ പരീക്ഷ എഴുതാനാവില്ല. കുട്ടികളുമായി ഇടപഴകുന്നതിനാണ് ഈ വർഷം പ്രവേശനം നേടിയത്. ഇളയ മകൻ ഡാനിയലിന് രണ്ടുവയസാണ്.
പത്താം ക്ലാസ് കഴിഞ്ഞ ഉടൻ ഷംസുദ്ദീൻ അബുദാബിയിൽ എത്തിയിരുന്നു. നിർമാണ കമ്പനിയിലായിരുന്നു ജോലി. ഇതേ കമ്പനിയുടെ മാനേജരായി ഇക്വറ്റോറിയൽ ഗിനിയയിലേക്ക്. അവിടെവച്ചാണ് ഏനിയസ് ഇഞ്ചാമ്മയെ പരിചയപ്പെടുന്നത്. ഗിനിയയിൽ സ്വന്തമായുള്ള മരവ്യവസായ കമ്പനി ഉപേക്ഷിച്ചാണ് നാട്ടിലേക്ക് മടക്കം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..