കൊച്ചി
സംഘം ചേരരുത്, മാസ്‌ക് ധരിക്കണം എന്നിങ്ങനെയുള്ള മുഖ്യമന്ത്രിയുടെ ആവർത്തിച്ചുള്ള നിർദേശങ്ങൾ അനുസരിക്കാൻ മടിച്ച് ഗ്രാമീണജനത. നാട്ടിൻപുറങ്ങളിൽ വീടിന് പുറത്തിറങ്ങുന്നവർ മാസ്‌ക് ധരിക്കുന്നത് ഒഴിവാക്കുന്നത് പതിവാകുന്നു. കൊച്ചി നഗരത്തിന്റെ സമീപപ്രദേശങ്ങളിലും ചെറിയ ടൗണുകളിലും ഉൾപ്പെടെയാണ് മാർഗനിർദേശം മറികടന്ന് പ്രായമായവരും കുട്ടികളുമടക്കം തെരുവിലിറങ്ങുന്നത്.
മീൻകടകളിലും ഇറച്ചിക്കടകളിലും മാസ്‌ക് ധരിക്കാതെ എത്തുന്നവർ നിരവധിയാണ്. പെരുന്നാൾത്തലേന്നായതിനാൽ ശനിയാഴ്‌ച മാംസം വിൽക്കുന്ന കടകളിൽ സാമാന്യം നല്ല തിരക്ക് അനുഭവപ്പെട്ടു. സാമൂഹ്യ അകലം പാലിക്കുന്നതിലും ജാഗ്രതക്കുറവ് കാണാം. മാനദണ്ഡങ്ങൾ മറികടന്ന് മാസ്‌ക് കഴുത്തിലിട്ടും അലങ്കാരമാക്കി ധരിച്ചും പുറത്തിറങ്ങുന്നവർ നിരവധിയാണ്. വഴിയോരങ്ങളിൽ തുപ്പുന്നവരും കുറവല്ല.
ജില്ലയിൽ പൊതുഗതാഗതം പുനരാരംഭിച്ചെങ്കിലും ബസ് ഓടുന്ന സമയം അറിയാത്തതിനാൽ യാത്രക്കാർ പലരും വഴിയിൽ ദീർഘനേരം കാത്തുനിൽക്കേണ്ടിവരുന്നു. പുറപ്പെടുന്ന ഇടത്തുനിന്നുതന്നെ ബസിൽ യാത്രക്കാർ നിറയുന്നതും പല സ്‌റ്റോപ്പുകളിലും വണ്ടി നിർത്താത്തതും യാത്രക്കാർക്ക് ബുദ്ധിമുട്ടാകുന്നു. ശനിയാഴ്‌ച 100 കെഎസ്‌ആർടിസി ബസുകളാണ് സർവീസ് നടത്തിയത്.
ഞായറാഴ്‌ച സമ്പൂർണ ലോക്ക്‌ഡൗണാണെങ്കിലും ആരോഗ്യമേഖലയിലെ ജോലിക്കാർക്കായി പ്രത്യേക സർവീസുകൾ നടത്തുമെന്ന് ഡിടിഒ വി എം താജുദീൻ പറഞ്ഞു. എസ്‌എസ്‌എൽസി–-പ്ലസ്‌ടു പരീക്ഷകൾ നടക്കുന്ന ദിവസങ്ങളിൽ കൂടുതൽ ബസുകൾ സർവീസ് നടത്തുമെന്നും അദ്ദേഹം പറഞ്ഞു. നാൽപ്പതിൽ താഴെ സ്വകാര്യ ബസുകൾ ജില്ലയിൽ സർവീസ് നടത്തി. ചൊവ്വാഴ്‌ചമുതൽ കൂടുതൽ ബസുകൾ ഓടിത്തുടങ്ങുമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് എം ബി സത്യൻ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..