തിരുവനന്തപുരം
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ അനന്തസാധ്യതകൂടി മുന്നിൽക്കണ്ട് കേരളത്തെ ലോജിസ്‌റ്റിക്‌സ് ഹബ്ബാക്കി മാറ്റാനുള്ള പാർക്ക് നയത്തിന് മന്ത്രിസഭയുടെ അംഗീകാരം. പൊതു– സ്വകാര്യ പങ്കാളിത്തത്തിലും പൂർണമായും സ്വകാര്യമേഖലയിലും ലോജിസ്‌റ്റിക്‌സ്, മിനി ലോജിസ്‌റ്റിക്‌സ് പാർക്കുകൾ ആരംഭിക്കാൻ നയം വഴിയൊരുക്കും. ഇതിലൂടെ കോടികളുടെ നിക്ഷേപവും വൻ തൊഴിലവസരവും ഉണ്ടാകും. ഈ മേഖലയിലെ ലോകത്തെ വൻ വ്യവസായികളാണ് കേരളത്തിലേക്ക് എത്തുക.
രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയിൽ നിർണായക സ്ഥാനമുള്ള ലോജിസ്‌റ്റിക് മേഖലയ്‌ക്കായി നടപ്പാക്കുന്ന നയം സംസ്ഥാനത്തിന്റെ വികസനത്തിന് വൻ കുതിപ്പേകും. നയപ്രകാരം കുറഞ്ഞത് പത്ത് ഏക്കറിലുള്ള വലിയ തോതിലുള്ള ലോജിസ്‌റ്റിക്‌സ് പാർക്കും അഞ്ച് ഏക്കറിൽ മിനി ലോജിസ്‌റ്റിക്‌സ് പാർക്കുകളും സ്ഥാപിക്കാം. ഒരു ലോജിസ്‌റ്റിക്‌സ് പാർക്കിന് ഏഴുകോടി രൂപവരെയും മിനി ലോജിസ്‌റ്റിക്‌സ് പാർക്കിന് മൂന്നു കോടി രൂപവരെയും മൂലധന സബ്സിഡി ലഭിക്കും. പാർക്കുകളിൽ ചരക്ക് കൈകാര്യം ചെയ്യൽ, ഇന്റർ മോഡൽ ട്രാൻസ്‌ഫർ സൗകര്യങ്ങൾ, ഇന്റേണൽ റോഡ് നെറ്റ്‌വർക്കുകൾ പോലുള്ള അടിസ്ഥാന സൗകര്യഘടകങ്ങൾ, ഡോർമിറ്ററികൾ, മെഡിക്കൽ സെന്ററുകൾ തുടങ്ങിയവ ഇതിൽ ഉൾപ്പെടും.
ചീഫ് സെക്രട്ടറി നേതൃത്വം നൽകുന്ന ലോജിസ്‌റ്റിക്‌സ് കോ ഓർഡിനേഷൻ കമ്മിറ്റി രൂപീകരിക്കും. ഈ കമ്മിറ്റിക്കാണ് തീരുമാനങ്ങളെടുക്കാൻ അധികാരം. വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന ലോജിസ്‌റ്റിക്‌സ് സെൽ കൂടി ഉൾപ്പെടുന്ന സംവിധാനമായിരിക്കും കർമപദ്ധതി നടപ്പാക്കുക.
നഗരതലത്തിൽ ലോജിസ്‌റ്റിക്‌സ് അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനായി പ്രത്യേക സിറ്റി ലോജിസ്‌റ്റിക്‌സ് കോ ഓർഡിനേഷൻ കമ്മിറ്റിയും രൂപീകരിക്കും. പാർക്കുകൾക്കായി ഏകജാലക ക്ലിയറൻസ് സംവിധാനവും ഒരുക്കും. പദ്ധതിക്ക് ഭൂമി ഏറ്റെടുക്കുമ്പോഴും ലീസിനെടുക്കുമ്പോഴും സ്‌റ്റാമ്പ് ഡ്യൂട്ടിയും രജിസ്ട്രേഷൻ ഫീസും ഒഴിവാക്കും.
എന്താണ് ലോജിസ്‌റ്റിക്‌സ് പാർക്ക്
വിവിധ വസ്തുക്കളുടെ സംഭരണം, മാനേജ്മെന്റ്, വിതരണം, ഗതാഗതം എന്നിവയ്ക്കായി പ്രത്യേകം രൂപകല്പന ചെയ്തിട്ടുള്ള ഒരു വ്യവസായ മേഖലയാണ് ലോജിസ്റ്റിക് പാർക്ക്. ഉൽപ്പാദന സ്ഥലത്തുനിന്നും കമ്പോളത്തിലേക്കും ഉപഭോക്താക്കളിലേക്കും മത്സരക്ഷമത നിലനിർത്തി അതിവേഗത്തിലും ശ്രദ്ധയോടെയും ഉൽപ്പന്നങ്ങൾ എത്തിക്കുന്ന ബൃഹത്തായ ശൃംഖലാ സംവിധാനമാണിത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..