കണ്ണൂർ > ദീർഘദൂര ദേശാടനപ്പക്ഷിയായ ആർട്ടിക് ടേണിനെ കണ്ണൂർ മാപ്പിളബേ ബീച്ചിൽ കണ്ടെത്തി. 90 വർഷങ്ങൾക്കുശേഷമാണ് ഈ പക്ഷി ഇന്ത്യയിലെത്തുന്നത്. കേരളത്തിൽ ആദ്യമാണ്. പക്ഷി നിരീക്ഷനായ പള്ളിക്കുന്നിലെ നിഷാദ് ഇഷാലാണ് കഴിഞ്ഞദിവസം പക്ഷിയുടെ ചിത്രം പകർത്തിയത്. 100 മീറ്റർ ഉയരത്തിൽ പറക്കുന്ന ചിത്രമാണ് നിഷാദിന്റെ ക്യാമറയിൽ പതിഞ്ഞത്.
വർഷങ്ങളായി ഇന്ത്യയിൽ ആർട്ടിക് ടേണിനെ കണ്ടെത്താനുള്ള കാത്തിരിപ്പിലായിരുന്നു പക്ഷി നിരീക്ഷകർ. ഇന്ത്യയിൽ ലഡാക്കിലാണ് അവസാനമായി ആർട്ടിക് ടേണിനെ കണ്ടെത്തിയത്. അത് ചത്ത നിലയിലായിരുന്നു. മാപ്പിള ബീച്ചിൽ ആർട്ടിക് ടേൺ എത്താനുള്ള സാധ്യതയുണ്ടെന്നതിനാൽ നിരന്തരം നിരീക്ഷണത്തിലായിരുന്നു.
ഇത്തവണ കേരളക്കരയിലാകെ ആഞ്ഞുവീശിയ കാറ്റിലാണ് ആർട്ടിക് മേഖലയിൽ പ്രജനനം നടത്തുന്ന പക്ഷി ഇവിടെയെത്തിയതെന്നാണ് നിഷാദിന്റെ അഭിപ്രായം. കോമൺടെനുമായി വളരെയധികം സാമ്യമുള്ള പക്ഷിയാണിത്. ഇന്ത്യൻ ബേർഡ്സ് ചീഫ് എഡിറ്റർ പാലക്കാട് സ്വദേശി ജെ പ്രവീണിന്റെ സഹായത്തോടെ വിദേശത്തുള്ള വിദഗ്‌ധരാണ് പക്ഷിയെ തിരിച്ചറിഞ്ഞത്.
ഏറ്റവും ദീർഘരൂരത്തിൽ പറക്കുന്ന ഇവ വർഷത്തിൽ 80,000 കിലോമീറ്റർ യാത്ര ചെയ്യും. പകൽ സമയങ്ങളിൽ മാത്രമേ ദേശാടനംചെയ്യാറുള്ളൂ. വന്യജീവി സംരക്ഷണ സംഘടനയായ മാർക്കിന്റെ സജീവപ്രവർത്തകനായ നിഷാദ് കേരള ബെർഡേഴ്‌സ് ക്ലബ് സ്ഥാപക മെമ്പർകൂടിയാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..