23 December Monday

മനോജ്‌ ചങ്കുവെട്ടിയിലെ ‘മിന്നൽ മുരളി’

സ്വന്തം ലേഖകൻUpdated: Sunday Nov 10, 2024

ചങ്കുവെട്ടിയിൽ ആളില്ലാതെ നിയന്ത്രണം വിട്ട് ഓടിയ 
ലോറിക്കുപിന്നാലെ സെക്യൂരിറ്റി ജീവനക്കാരൻ മനോജ് ഓടുന്നു

കോട്ടക്കൽ> ഡ്രൈവറില്ലാതെ മുന്നോട്ടുനീങ്ങിയ ലോറിയിൽ ചാടിക്കയറി വാഹനം നിർത്തിയ സെക്യൂരിറ്റി ജീവനക്കാരൻ മനോജാണിപ്പോൾ നാട്ടുകാരുടെ ഹീറോ. വെള്ളി രാവിലെ 10ന്‌ കോട്ടക്കൽ ചങ്കുവെട്ടി–- തൃശൂർ റോഡിലാണ്‌ സംഭവം. പുത്തനത്താണി ഭാഗത്തുനിന്ന്‌ വന്ന ലോറിയുടെ ക്യാബിൻ പെട്ടെന്ന് താഴ്‌ന്നു. ഡ്രൈവർ പേടിച്ച്‌ ചാടിയിറങ്ങി. വാഹനം നിൽക്കാതെ മുന്നോട്ടുനീങ്ങി. ഓട്ടോ തൊഴിലാളികളും നാട്ടുകാരും ബഹളംവച്ച് ആളുകളെ ലോറിക്ക്‌ മുന്നിൽനിന്നും മാറ്റി. ആളില്ലാതെ 100 മീറ്ററോളം ഓടിയ വണ്ടി ചങ്കുവെട്ടി ഇഹം ഡിജിറ്റൽസിന്‌ മുന്നിലെ ഇരുമ്പ് തൂണിൽ ഇടിച്ച്‌ വീണ്ടും പിന്നോട്ട് നീങ്ങി. ഇതോടെ ഇവിടുത്തെ സെക്യൂരിറ്റി ജീവനക്കാരനായ മനോജ്‌ ജീവൻ പണയംവച്ച്‌ ക്യാബിനിലേക്ക്‌ ചാടിക്കയറി വാഹനം നിയന്ത്രിച്ചു.

തിരൂരങ്ങാടി വി കെ പടി സ്വദേശിയാണ്‌ മനോജ്‌. ഏറെനാൾ ഡ്രൈവറായി ജോലി ചെയ്‌തതിന്റെ പരിചയസമ്പത്തും ആത്മധൈര്യവും കരുത്താക്കിയാണ്‌ സാഹസികത ഏറ്റെടുത്തത്‌. ലോറി മറ്റു വാഹനങ്ങളിൽ ഇടിക്കാതിരുന്നതും ഓട്ടോ തൊഴിലാളികളുടെ ഇടപെടലും വൻ അപകടമൊഴിവാക്കി. സംഭവം നടന്നതിനുസമീപം അടുത്തിടെ നിയന്ത്രണംവിട്ട ലോറി നിരവധി വാഹനങ്ങളിൽ ഇടിക്കുകയും സെക്യൂരിറ്റി ജീവനക്കാരൻ മരിക്കുകയും ചെയ്‌തിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top