22 November Friday

കൂട്ടമായി നേടി.... പങ്കിട്ടെടുത്തു

വെെഷ്ണവ് ബാബുUpdated: Sunday Oct 6, 2024

2023 മൺസൂൺ ബമ്പർ വിജയികളായ പരപ്പനങ്ങാടിയിലെ ഹരിതകർമ സേനാംഗങ്ങളുടെ സന്തോഷം (ഫയൽ ചിത്രം)

ലോട്ടറി ഒരു പ്രതീക്ഷയാണ്‌. സാമ്പത്തികമായി മെച്ചപ്പെട്ട ജീവിത്തിലേക്ക് കടക്കാനുതകുന്ന വിജയം തേടിവരുമെന്ന പ്രതീക്ഷ. പരാജയങ്ങൾക്കുപിന്നിൽ ഒരു ബമ്പർ അടിച്ചാലോ എന്നൊരു വിശ്വാസം ലോട്ടറിയെടുക്കുന്ന ഏതൊരാളുടെയും കൂടെ എന്നുമുണ്ടാകും. കേരള ചരിത്രത്തില്‍ നിരവധിപേരാണ് ഇത്തരത്തില്‍ ലോട്ടറിയിലൂടെ മെച്ചപ്പെട്ട ജീവിതത്തിലേക്ക് കടന്നത്.

   വ്യക്തികള്‍ ഒറ്റയ്ക്ക് ലോട്ടറിയെടുക്കുന്നതിനു പകരമായി കൂട്ടമായി ഭാ​ഗ്യപരീക്ഷണത്തിന് തയ്യാറാകുന്ന പ്രവണതയാണ് വര്‍ത്തമാനകാലത്ത് വര്‍ധിക്കുന്നത്. വ്യത്യസ്ത കുടുംബങ്ങളിൽനിന്നുള്ളവർ ഒന്നിച്ച്‌ ഭാഗ്യപരീക്ഷണത്തിന് തയ്യാറാകുന്നതുവഴി നിരവധിപേര്‍ സാമ്പത്തികമായി മെച്ചപ്പെടുന്നു. ഒരുമിച്ച് ജോലി ചെയ്യുന്നവരും കുടുംബശ്രീയുടെ നേതൃത്വത്തിലും വ്യാപകമായി ലോട്ടറിയെടുക്കുന്നുണ്ട്. അതുകൊണ്ടാണ് 2019 ലെ തിരുവോണം ബമ്പര്‍ അടിച്ച ചുങ്കത്ത് ജ്വല്ലറിയിലെ ജീവനക്കാരും 2023ലെ മണ്‍സൂണ്‍ ബമ്പര്‍ അടിച്ച പരപ്പനങ്ങാടിയിലെ ഹരിതകർമസേനക്കാരും ആ വഴി ചിന്തിച്ചത്‌. ഇവിടെയാണ് അവരിലെ സ്നേഹവും സൗഹൃദവും വെളിപ്പെട്ടതും 17 പേരെ കേരളം അറിഞ്ഞതും. ഇത്തരത്തിൽ കൂട്ടമായെടുക്കുമ്പോൾ അവരിൽ സാധാരണ തൊഴിലാളികളുണ്ട്, സർക്കാർ ജീവനക്കാരുണ്ട്, സ്വകാര്യ മേഖലയിലെ തൊഴിലാളികളും വിദ്യാർഥികളും വനിതാ കൂട്ടായ്മകളുമുണ്ട്. വ്യക്തികളിൽനിന്ന്‌ മാറി ഇത്തരത്തിൽ കൂട്ടമായി എടുക്കുന്നതുവഴി നിരവധി കുടുംബങ്ങൾ വിജയത്തിന് അർഹരാകുന്നുവെന്നത് വലിയ പ്രത്യേകതയാണ്. കേരളത്തിലെ ഇത്തരം ബമ്പർ വിജയങ്ങൾ സംസ്ഥാന ലോട്ടറിയുടെ വിശ്വാസ്യത വർധിപ്പിക്കുന്നു.

ഹരിതകർമസേന

ബമ്പറടിച്ചെങ്കിലും ജോലിയോടും അധ്വാനത്തോടും വിട്ടുവീഴ്ചയില്ല. നിത്യച്ചെലവിനായി ഹരിതകർമസേനയിൽത്തന്നെ തുടരുകയാണ്. പക്ഷേ മുമ്പത്തേക്കാളേറെ ആശ്വാസത്തോടെയാണിപ്പോൾ ജോലിയെടുക്കുന്നതെന്നുമാത്രം. വീട്ടിലെ സാഹചര്യമൂലം നിരവധി കടങ്ങളുണ്ടായിരുന്നു. ആരോ​ഗ്യപ്രശ്നങ്ങൾക്കൊണ്ടും കുറേ പൈസ ചെലവുവന്നു. ഇത്തരം സാമ്പത്തിക ബുദ്ധിമുട്ടിനെക്കുറിച്ച് ആലോചിച്ചായിരുന്നു മുമ്പ് ജോലി ചെയ്തുകൊണ്ടിരുന്നത്. എന്നാൽ മൺസൂൺ ബമ്പർ വഴി ലഭിച്ച തുകയിലൂടെ ജീവിതത്തിൽ വലിയ മാറ്റം വന്നു. ലഭിച്ച തുകയിലൂടെ ആ​ഗ്രഹങ്ങളൊക്കെ നിറവേറ്റാൻ കഴിഞ്ഞു. ൨൦൨൩ലെ മൺസൂൺ ബമ്പർ നേടിയ പരപ്പനങ്ങാടി ന​ഗരസഭാ ശുചീകരണത്തൊഴിലാളികളിലൊരാളായ രാധയുടെ വാക്കുകൾ.

2023ലെ മൺസൂൺ ബമ്പറിന്റെ ഒന്നാം സമ്മാനമായ 10 കോടിയാണ് പരപ്പനങ്ങാടി നഗരസഭയിലെ ഹരിതകർമസേനാംഗങ്ങളെ തേടിയെത്തിയത്. ‌ജൂണിൽ റിസൾട്ട്‌ പ്രഖ്യാപിച്ചപ്പോൾ ൧൧ കുടുംബങ്ങൾക്കാണ് ബമ്പർ പ്രതീക്ഷയായത്. മുങ്ങത്തുതറ കൊഴുകുമ്മൽ ബിന്ദു (42), ചെട്ടിപ്പടി കാരംകുളങ്ങര മാഞ്ചേരി ഷീജ (48), സദ്ദാം ബീച്ച്‌ കുരിളിൽ ലീല (50), തുടിശേരി ചന്ദ്രിക (63), പട്ടണത്ത് കാർത്യായനി (74), പുത്തരിക്കൽ മുണ്ടുപാലത്തിൽ രാധ (49),  ചെറുമണ്ണിൽ ബേബി (65), ചെറുകുറ്റിയിൽ കുട്ടിമാളു (65), ചിറമംഗലം പുല്ലാഞ്ചേരി ലക്ഷ്‌മി (43), പരപ്പനങ്ങാടി കുറുപ്പംകണ്ടി പാർവതി (56), കെട്ടുങ്ങൽ ശോഭ കൂരിയിൽ (54) എന്നിവർ പങ്കിട്ടെടുത്ത ടിക്കറ്റിനായിരുന്നു ഒന്നാം സമ്മാനം. ഒമ്പതുപേർ 25 രൂപവീതവും ഇതും കൈയിലില്ലാതിരുന്ന ബേബിയും കുട്ടിമാളുവും പന്ത്രണ്ടര രൂപവീതവും പങ്കിട്ടാണ് ലോട്ടറിയെടുത്തത്.

  പരപ്പനങ്ങാടി നഗരസഭാ ഓഫീസിന് പിറകിലുള്ള മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി സെന്ററിൽ മാലിന്യം വേർതിരിക്കലായിരുന്നു ജോലി. സ്ഥിരമായി ലോട്ടറിയെടുക്കുന്ന രാധയാണ് ലോട്ടറിയെടുക്കലിന് മുന്നിട്ടിറങ്ങിയത്. പാലക്കാട്ടെ ഏജൻസിയിൽനിന്ന് ടിക്കറ്റെടുത്ത് പരപ്പനങ്ങാടിയിൽ നടന്ന് വിൽക്കുന്നയാളിൽനിന്നാണ് ടിക്കറ്റെടുത്തത്. ഇയാളുടെ പേരോ സ്ഥലമോ ഇവർക്കറിയില്ല. തുടര്‍ന്ന് രാധ, ടിക്കറ്റ് പങ്കിടാന്‍ ആരൊക്കെ തയ്യാറുണ്ടെന്ന്  ചോദിച്ച് ടിക്കറ്റ് തുക വാങ്ങിക്കുകയായിരുന്നു. രാധയാണ് ടിക്കറ്റ് സൂക്ഷിച്ചതും. നറുക്കെടുത്തതിന്റെ പിറ്റേദിവസമാണ് ഫലം പരിശോധിച്ചത്. മൊബൈല്‍ ഫോണില്‍ നോക്കിയപ്പോള്‍ ടിക്കറ്റിലുള്ള അതേ നമ്പര്‍. തുടര്‍ന്ന് എല്ലാവരോടും വിവരം പറഞ്ഞു. എന്നിട്ടും സംശയം തീരാത്തതിനാല്‍ ജോലിസ്ഥലത്തുണ്ടായിരുന്ന ഡ്രൈവറുടെ കൈവശം കൊടുത്താണ് സ്ഥിരീകരിച്ചത്. ബമ്പറടിച്ച വിവരമറിഞ്ഞ് നിരവധിപേര്‍ സഹായത്തിനായി സമീപിച്ചിരുന്നെന്നും തൊഴിലാളികള്‍ പറയുന്നു.

ചുങ്കത്ത് ജ്വല്ലറിക്കാർ

൨൦൧൯ സെപ്തംബർ ൧൯നായിരുന്നു തിരുവോണം ബമ്പറിന്റെ നറുക്കെടുപ്പ്. മറ്റ്‌ വർഷങ്ങളെവച്ച്‌ നോക്കുകയാണെങ്കിൽ ചരിത്രത്തിലെ ഏറ്റവും വലിയ തുകയായ ൧൨ കോടിയാണ് സമ്മാനത്തുക. നറുക്കെടുത്തപ്പോൾ പല വ്യാജ വാർത്തകളും വന്നു. ശേഷം ഏതാനും സമയം കഴിഞ്ഞാണ് കേരളം യഥാർഥ വിജയിയെ അറി‍ഞ്ഞത്. ഇതുവരെയുള്ള വാർപ്പുമാതൃകകളെ പൊളിക്കുന്ന രീതിയിലായിരുന്നു ആ വാർത്ത. ഒന്നാം സമ്മാനമടിച്ചത് ഒരു വ്യക്തിക്കല്ല മറിച്ച്‌ കരുനാ​ഗപ്പള്ളിയിലെ ചുങ്കത്ത് ജ്വല്ലറിയിലെ ജീവനക്കാരായ ആറുപേർക്കാണ്. ടിഎം 160869 എന്ന നമ്പറിനായിരുന്നു ബമ്പറടിച്ചത്. കരുനാഗപ്പള്ളി ഷോറൂമിലെ സെയിൽസ്മാൻമാരായ തൃശൂർ സ്വദേശികളായ റോണി, സുബിൻ തോമസ്, കൊല്ലം സ്വദേശികളായ രംജിൻ, രാജീവൻ, രതീഷ്, കോട്ടയം വൈക്കം സ്വദേശി വിവേക് എന്നിവരെടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനം. വിവേക് ഒഴികെ മറ്റ് അഞ്ചുപേരും 2013 മുതൽ ചുങ്കത്ത് ജ്വല്ലറിയിലെ ജീവനക്കാരായിരുന്നു. വിവേക് 2017ലാണ്‌ ജോലിക്ക്‌ പ്രവേശിക്കുന്നത്‌.

ബമ്പറടിച്ച് അഞ്ചുവർഷത്തിനിപ്പുറവും വിജയികളായവരിൽ നാലുപേരും ഇപ്പോഴും ചുങ്കത്ത് ജ്വല്ലറിയിലെ ജീവനക്കാരാണ്. ടിക്കറ്റെടുക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ചും അന്നത്തെ അനുഭവങ്ങളെക്കുറിച്ചും തൃശൂർ സ്വദേശി സുബിൻ തോമസ് സംസാരിക്കുന്നു. ‘ലോട്ടറി എടുക്കുന്ന ശീലമില്ലാത്തയാളാണ് ഞാൻ. കൂടെ ജോലി ചെയ്യുന്നവരൊക്കെ എടുക്കുന്നത് കാണാറുണ്ട്. അങ്ങനെയിരിക്കെയാണ് 2019 സെപ്തംബറിലെ തിരുവോണം ബമ്പറെടുക്കാൻ രാജീവൻ, റോണി, രതീഷ് എന്നിവർ തീരുമാനിച്ചത്. 300 രൂപയാണ് ടിക്കറ്റിന്. അങ്ങനെ നൂറുരൂപ ചേർത്ത് മൂന്നുപേർ എടുക്കുകയെന്ന രീതിയാണ് അവർ തെരഞ്ഞെടുത്തത്. അതിനിടെ രംജിനുംകൂടെ അവരോടൊപ്പം ടിക്കറ്റെടുക്കണം എന്നായി. ഇതോടെ രണ്ടു ടിക്കറ്റെടുക്കാം എന്നായി. അതിനായി ആറുപേർ വേണമായിരുന്നു. അതിനായി രണ്ടുപേരേക്കൂടെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചു. അങ്ങനെ അവർ നടത്തിയ ശ്രമത്തിലാണ് വിവേക് അതിൽ ഉൾപ്പെടുന്നത്. എന്നോട് ആദ്യഘട്ടത്തിൽ ചോദിച്ചെങ്കിലും ഞാൻ പങ്കാളിയായിരുന്നില്ല. അതിനുശേഷം ടിക്കറ്റ് എടുക്കുന്നതിന്റെ ഒരു ദിവസം മുമ്പാണ് ഒരാളെക്കൂടെ കിട്ടാനായി വീണ്ടും അവർ അന്വേഷണം നടത്തിയത്. അപ്പോഴാണ് ഞാനും അവരുടെ കൂടെ ചേരുന്നത്. അങ്ങനെ ഞങ്ങൾ ആറുപേർ രണ്ടു ലോട്ടറി എടുക്കാൻ തീരുമാനമായി. സെപ്തംബർ 17ന്‌ ജ്വല്ലറിയുടെ മുന്നിലുള്ള കടയിൽനിന്ന് ലോട്ടറി എടുക്കുന്നു. റോണിയാണ് എടുത്തത്. പിന്നീടത് രതീഷിനു നൽകി. അവനത് നാലായി മടക്കി പഴ്സിലും വച്ചു. ബമ്പർ എടുത്തതിനുശേഷം ഞാൻ അതിനെക്കുറിച്ച് ചിന്തിച്ചിരുന്നേയില്ല. എന്നാൽ റോണി ഫലം വരുന്ന ദിവസം ടിവിയുടെ മുന്നിൽ തന്നെയായിരുന്നു. ഫലം വന്ന് ഏതാനും നിമിഷങ്ങൾക്കുശേഷം റോണി എന്റെയടുത്ത്‌ ഓടിയെത്തി അടിച്ചു മോനേയെന്ന് പറഞ്ഞു. ആദ്യം ഞാൻ അത് തമാശയായാണ്‌ കരുതിയത്‌. തുടർന്ന് ഞങ്ങളെല്ലാവരും ലോട്ടറിയെടുത്ത ചേട്ടന്റെ കടയിലേക്ക് പോയി. അവിടെനിന്ന് ചേട്ടൻ സ്ഥിരീകരിച്ചപ്പോഴാണ് എനിക്ക് വിശ്വാസം വന്നത്. തുടർന്ന് വീട്ടുകാരെ വിളിച്ച് സന്തോഷം പങ്കുവച്ചു. മാധ്യമങ്ങൾ ഞങ്ങളെ സമീപിച്ചു. തുടർന്ന് ഫെ‍‍ഡറൽ ബാങ്കിന്റെ മാനേജറുടെ കൂടെ ലോട്ടറി ഡയറക്ടറേറ്റിലേക്ക് പോയി. നികുതിയും മറ്റു നിയമനടപടിയും ഞങ്ങൾ ആറുപേരിലുമായി വേണമെന്നുള്ളതുകൊണ്ടാണ് ഇത്തരത്തിൽ ഒരുമിച്ച്‌ പോയി എല്ലാം ചെയ്തത്. അക്കാലത്ത് അപൂർവമായാണ് കൂട്ടമായി എടുക്കുന്നവർ വിജയികളാകുന്നത്. 12 കോടിയിൽ 10 ശതമാനം ഏജൻസി കമീഷനും 30 ശതമാനം ആദായ നികുതിയായും കുറഞ്ഞ് ൭ കോടി ൫൬ ലക്ഷം ഞങ്ങൾക്ക് അന്ന് കിട്ടിയിരുന്നു. ആറുപേരും അത് പങ്കിട്ടെടുത്തു. ഞങ്ങളിൽ എല്ലാവർക്കും അവരവരുടേതായ പ്രശ്നങ്ങളും ബാധ്യതകളുമുണ്ടായിരുന്നു. എന്നാലും കൂട്ടത്തിൽ കൂടുതൽ പ്രശ്നങ്ങൾ അനുഭവിച്ചത് ഞാൻ തന്നെയാണെന്നാണ് കരുതുന്നത്.

നാലുസെന്റിൽ നിർമിച്ച വീട് ലോണിലായിരുന്നു ഉള്ളത്. തിരിച്ചടവൊക്കെ ബുദ്ധിമുട്ടിലായി വരുന്ന സാഹചര്യത്തിലാണ് ബമ്പർ അടിച്ചത്. പിന്നീട് ആ പൈസകൊണ്ട് ലോൺ അടവ് പൂർത്തിയാക്കാനും ചേട്ടന് വീടുവയ്ക്കാനുമൊക്കെ കഴിഞ്ഞു. നിരവധിപേർ പല ആവശ്യങ്ങളുമായി സമീപിച്ചിട്ടുണ്ടായിരുന്നു. ഫെയ്‌സ് ബുക്കിൽ നിരവധി മെസേജുകൾ വരാൻ തുടങ്ങി. ലോൺ തിരിച്ചയ്ക്കാൻ, രോ​ഗത്താൽ ബുദ്ധിമുട്ടുന്നവർ, വീടുവയ്ക്കാൻ, ഷോർട്ട്‌ ഫിലിം പ്രൊഡ്യൂസ് ചെയ്യാൻ തുടങ്ങിയവയൊക്കെയായിരുന്നു ആവശ്യങ്ങൾ. ഞങ്ങൾ ആറുപേർ പങ്കിട്ടെടുത്തതുകൊണ്ടുതന്നെ എല്ലാവർക്കും സഹായം ചെയ്യാൻ ഞങ്ങൾക്ക്‌ കഴിഞ്ഞില്ല. ഞങ്ങൾ നാലുപേർ (റോണി, സുബിൻ തോമസ്, രംജിൻ, രതീഷ്) ചുങ്കത്ത് ജ്വല്ലറിയിലെ ജീവനക്കാരാണിപ്പോഴും. വിവേക് രണ്ടുവർഷം മുമ്പ് ജോലി രാജിവച്ചു. രാജീവൻ 2020 മേയിൽ അന്തരിച്ചു. ഞങ്ങളെ ഏറെ വിഷമിപ്പിച്ച, ഓർക്കാൻ പ്രയാസമുള്ള ഓർമയായി അത്‌ മാറി.

ബമ്പർ വിൽപ്പന 63 ലക്ഷത്തിലേക്ക്‌; മുന്നിൽ പാലക്കാട് ജില്ല

നറുക്കെടുപ്പിന് 4 നാൾമാത്രം മുന്നിൽനിൽക്കവേ സംസ്ഥാന ഭാ​ഗ്യക്കുറിയുടെ തിരുവോണം ബമ്പർ വിൽപ്പന 63 ലക്ഷത്തിലേക്ക്‌. വിപണിയിലേക്ക്‌ അച്ചടിച്ച് എത്തിച്ച മുഴുവൻ ടിക്കറ്റുകൾക്കും ശക്തമായ വരവേൽപ്പാണ് സമൂഹത്തിൽ ലഭിച്ചത്. ആകെ 70 ലക്ഷം ടിക്കറ്റുകളാണ് ഭാ​ഗ്യക്കുറി വകുപ്പ് നിലവിൽ വിൽക്കുന്നതിനായി നൽകിയിട്ടുള്ളത്. ഏഴുലക്ഷത്തോളം ടിക്കറ്റുകൾ മാത്രമാണ് ഇനി വിപണിയിലുള്ളതും. വരുന്ന നാലു ദിവസം കൂടിമാത്രം അവശേഷിക്കെ ഇതു മുഴുവൻ വിറ്റുപോകുമെന്ന ഉറച്ച പ്രതീക്ഷയാണ് വകുപ്പിനുള്ളത്.

  25 കോടി രൂപ ഒന്നാം സമ്മാനവും ഒരു കോടി രൂപ വീതം 20 പേർക്ക് നൽകുന്ന രണ്ടാം സമ്മാനവും 50 ലക്ഷം രൂപ  മൂന്നാം സമ്മാനവും യഥാക്രമം 5 ലക്ഷവും 2 ലക്ഷവും നാലും അഞ്ചും സമ്മാനങ്ങളും 500 രൂപ അവസാന സമ്മാനവുമായാണ് തിരുവോണം ബമ്പർ ജനങ്ങൾക്ക് മുമ്പിലുള്ളത്.

  ജില്ലാ അടിസ്ഥാനത്തിൽ ഇക്കുറിയും പാലക്കാട് ജില്ലയാണ് വിൽപ്പനയിൽ മുന്നിൽ നിൽക്കുന്നത്. സബ് ഓഫീസുകളിലേതുൾപ്പെടെ 1176990 ടിക്കറ്റുകളാണ് ഇവിടെ ഇതിനോടകം വിറ്റഴിക്കപ്പെട്ടത്. 824140 ടിക്കറ്റുകൾ വിറ്റഴിച്ച് തിരുവനന്തപുരവും 768160 ടിക്കറ്റ് വിപണിയിലെത്തിച്ച് തൃശൂരും ഒപ്പമുണ്ട്. മറ്റ് ജില്ലകളിലും അവശേഷിക്കുന്ന ടിക്കറ്റുകൾ ഇന്നും നാളെയുമായി വിറ്റു തീരും എന്ന നിലയിലേയ്ക്ക് വിൽപ്പന പുരോ​ഗമിക്കുന്നു.

  തിരുവനന്തപുരം ജില്ലയിൽ ഇനി ആകെ ഒരു ലക്ഷം ടിക്കറ്റിൽ താഴെ മാത്രമേ വിറ്റഴിക്കപ്പെടാനുള്ളൂ. കൊല്ലം ജില്ലയിൽ അവശേഷിക്കുന്നത് 23,000 ടിക്കറ്റുകളുംമാത്രം. പത്തനംതിട്ടയിൽ 12,000 ടിക്കറ്റുകൾ മാത്രമേ ഇനി വിപണിയിലുള്ളൂ. കോട്ടയത്ത് 23,000 ടിക്കറ്റുകളും ആലപ്പുഴയിൽ 15,000 ടിക്കറ്റുകളുമാണ് അവശേഷിക്കുന്നത്. മറ്റ് ജില്ലകളിലും ടിക്കറ്റ് വിൽപ്പന ശക്തമായ വിധത്തിൽ ജനങ്ങൾ ഏറ്റെടുത്ത്‌ കഴിഞ്ഞു.

   വ്യാജ ലോട്ടറി വിൽപ്പനക്കെതിരെ പ്രചാരണവും കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഊർജിതപ്പെടുത്തിയിട്ടുണ്ട്. കേരളത്തിൽ മാത്രമാണ് സംസ്ഥാന ഭാ​ഗ്യക്കുറിയുടെ വിൽപ്പനയെന്നും പേപ്പർ ലോട്ടറിയായി മാത്രമാണ് വിൽക്കുന്നതെന്നും കാട്ടിയാണ് അവബോധ പ്രചാരണം. സംസ്ഥാനത്തിന്‌ പുറത്തും വ്യാജ ലോട്ടറിക്കെതിരെ പ്രചാരണം നടക്കുന്നുണ്ട്‌.

വ്യാജൻമാരെ സൂക്ഷിക്കണേ

കേരള സംസ്ഥാന മൺസൂൺ ബമ്പറിന്റെ വ്യാജ ടിക്കറ്റുമായി സമ്മാനം വാങ്ങാൻ എത്തിയ തമിഴ്‌നാട് സ്വദേശി പൊലീസ് പിടിയിലായി. തമിഴ്‌നാട് തിരുനെൽവേലി സ്വദേശിയായ എ സെൽവകുമാറാണ് പിടിയിലായത്. ഒന്നാം സമ്മാനം ലഭിച്ചെന്നവകാശപ്പെട്ട് സ്വന്തമായി നിർമിച്ച ടിക്കറ്റുമായി സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടറേറ്റിൽ നേരിട്ടെത്തുകയായിരുന്നു ഇയാൾ. വിശദ പരിശോധനയിൽ ഇയാൾ ഹാജരാക്കിയ ടിക്കറ്റ് വ്യാജമാണെന്ന് ബോധ്യപ്പെടുകയായിരുന്നു.

  ലോട്ടറി ഡയറക്ടറുടെ ഒപ്പും ലോട്ടറിയുടെ ക്യൂആർ കോഡും മറ്റു സുരക്ഷാ സംവിധാനങ്ങളും വ്യാജമായി നിർമിച്ചാണ് ഇയാൾ ടിക്കറ്റ് ഹാജരാക്കിയത്. ടിക്കറ്റ് വ്യാജമാണെന്ന് തിരിച്ചറിഞ്ഞ ലോട്ടറി വകുപ്പ് വിവരം മ്യൂസിയം പൊലീസിനെ അറിയിക്കുകയും പൊലീസെത്തി സെൽവകുമാറിനെയും കൂട്ടാളിയെയും കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു.

  സെൽവകുമാർ പിടിയിലായതിനെ തുടർന്ന് മുമ്പ്‌ മൺസൂൺ ബമ്പറിന്റെ വ്യാജ ടിക്കറ്റുമായി അതിർത്തി പ്രദേശത്ത് തട്ടിപ്പിന് ശ്രമിച്ചത് തമിഴ്‌നാട് കേന്ദ്രീകരിച്ചുള്ള സംഘമാണെന്ന സംശയവും ഉയരുന്നുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top