22 November Friday

തദ്ദേശ വാർഡ്‌ കരടുപട്ടിക നവംബർ 16ന്‌ ; ആക്ഷേപങ്ങളും പരാതികളും ഡിസംബർ ഒന്നുവരെ നൽകാം

വെബ് ഡെസ്‌ക്‌Updated: Wednesday Sep 25, 2024


തിരുവനന്തപുരം
പഞ്ചായത്ത്‌, മുനിസിപ്പാലിറ്റി,  കോർപറേഷൻ  എന്നിവിടങ്ങളിലെ വാർഡുകളുടെ അതിർത്തി പുനർനിർണയിച്ചതിന്റെ  കരടുപട്ടിക നവംബർ 16ന്‌ പ്രസിദ്ധീകരിക്കും. പരാതികളും ആക്ഷേപങ്ങളും ഡിസംബർ ഒന്നുവരെ നൽകാം. ഇതുംകൂടി പരിഗണിച്ചാകും അന്തിമപട്ടിക പ്രസിദ്ധീകരിക്കുക. ചൊവ്വാഴ്‌ച ചേർന്ന സംസ്ഥാന ഡീലിമിറ്റേഷൻ കമീഷൻ യോഗം ഇതിനായുള്ള മാർഗനിർദേശം പുറപ്പെടുവിച്ചു.

പുനർവിഭജനം 
മൂന്നുഘട്ടം
മൂന്നുഘട്ടമായാണ്‌ പുനർവിഭജന നടപടികൾ. ആദ്യം പഞ്ചായത്തുകൾ, മുനിസിപ്പാലിറ്റികൾ, കോർപറേഷനുകൾ എന്നിവിടങ്ങളിലും രണ്ടാംഘട്ടത്തിൽ ബ്ലോക്ക്‌ പഞ്ചായത്തിലും മൂന്നാം ഘട്ടത്തിൽ ജില്ലാ പഞ്ചായത്തിലും വാർഡ് പുനർവിഭജനം നടത്തും. എല്ലാവാർഡുകളുടെയും അതിർത്തികളിൽ മാറ്റമുണ്ടാകും. ആദ്യഘട്ടത്തിലേതിന്റെ പരാതികൾ ഡീലിമിറ്റേഷൻ കമീഷൻ സെക്രട്ടറിക്കോ കലക്ടർക്കോ നേരിട്ടും രജിസ്‌ട്രേഡ്‌ തപാലിലും നൽകാം. കരട് റിപ്പോർട്ട് തയ്യാറാക്കി ഡീലിമിറ്റേഷൻ കമീഷന് നൽകാനുള്ള ചുമതല ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ കലക്ടർക്കാണ്.

വാർഡുകൾ വർധിക്കും
സർക്കാർ വിജ്ഞാപനപ്രകാരം സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലെ ആകെ വാർഡുകളുടെ എണ്ണം 23,612 ആകും. നിലവിൽ 21,900 ആണ്. 2011 ലെ സെൻസസ് പ്രകാരമുള്ള ജനസംഖ്യാടിസ്ഥാനത്തിലാണ് വാർഡുകളുടെ എണ്ണം പുനർനിശ്ചയിച്ചത്‌. 87 മുനിസിപ്പാലിറ്റികളിലെ നിലവിലുള്ള 3113 വാർഡുകൾ 3241 ആയും ആറ് കോർപറേഷനുകളിലെ 414 വാർഡുകൾ 421 ആയും 941 പഞ്ചായത്തുകളിലെ 15,962 വാർഡുകൾ 17,337 ആയും 152 ബ്ലോക്ക് പഞ്ചായത്തുകളിലെ 2080 വാർഡുകൾ 2,267 ആയും 14 ജില്ലാ പഞ്ചായത്തുകളിലെ 331 വാർഡുകൾ 346 ആയും വർധിക്കും.

സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ ആസ്ഥാനത്ത് ചേർന്ന ഡീലിമിറ്റേഷൻ കമീഷൻ യോഗത്തിൽ ചെയർമാൻ എ ഷാജഹാൻ അധ്യക്ഷനായി. കമീഷൻ അംഗങ്ങളായ പൊതുമരാമത്ത്–- വിനോദസഞ്ചാര സെക്രട്ടറി കെ ബിജു, ഇൻഫർമേഷൻ പബ്ലിക്‌ റിലേഷൻസ് സെക്രട്ടറി എസ് ഹരികിഷോർ, തൊഴിൽ നൈപുണ്യ, ഗതാഗത സെക്രട്ടറി ഡോ. കെ വാസുകി, കമീഷൻ സെക്രട്ടറി എസ് ജോസ്‌നമോൾ എന്നിവർ പങ്കെടുത്തു.  

വാർഡ് പുനർവിഭജനത്തിനുള്ള മാർഗനിർദേശങ്ങൾ https://www.lsgkerala.gov.in, https://www.sec.kerala.gov.in, https://www.prd.kerala.gov.in, https://www.kerala.gov.in വൈബ്സൈറ്റുകളിൽ ലഭ്യമാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top