19 September Thursday
1500 കോടി രൂപ മുതൽമുടക്ക്‌

ലുലു ഐടി ടവറുകൾ നവംബറിൽ തുടങ്ങും; 25,000-30,000 പേർക്ക്‌ ജോലി

ശ്രീരാജ്‌ ഓണക്കൂർUpdated: Wednesday Aug 7, 2024

കൊച്ചി > കേരളത്തിലെ ഏറ്റവും ഉയരമുള്ള ഐടി ടവറുകൾ സ്‌മാർട്ട്‌ സിറ്റിയിൽ നവംബറിൽ പ്രവർത്തനം ആരംഭിക്കും. ലുലു ഐടി ടവർ ഒന്നിന്റെയും രണ്ടിന്റെയും നിർമാണമാണ്‌ പൂർത്തിയായത്‌. മിനുക്കുപണികൾ മാത്രമാണ്‌ ബാക്കി. കേരളത്തിലെ ഏറ്റവും ഉയരമുള്ള വാണിജ്യ സമുച്ചയമാണ്‌ 30 നിലയുള്ള ഐടി ടവറുകൾ. 1500 കോടി മുതൽമുടക്കിലാണ്‌ ക്യാമ്പസ്‌ കൊച്ചിയിൽ യാഥാർഥ്യമാകുന്നത്‌.

12.74 ഏക്കറിൽ 34 ലക്ഷം ചതുരശ്രയടിയിലാണ്‌ 153 മീറ്റർ ഉയരമുള്ള ടവറുകൾ. പൂർത്തീകരണ സർട്ടിഫിക്കറ്റും ലഭിച്ചു. 25 ലക്ഷം ചതുരശ്രയടി ഓഫീസ്‌ സ്‌പേസ്‌ ഇരു ടവറുകളിലുമുണ്ട്‌. ഓഫീസ്‌ സ്‌പേസ്‌ പാട്ടത്തിന്‌ നൽകാൻ ചർച്ച ആരംഭിച്ചു. ബംഗളൂരുവിലെ ഐടി കമ്പനികളടക്കം രംഗത്തുണ്ട്‌. കുറഞ്ഞ വാടകയും കേരളത്തിലെ ഐടി പ്രൊഫഷണലുകളുടെ തൊഴിൽ വൈദഗ്‌ധ്യവുമാണ്‌ കമ്പനികളെ ആകർഷിക്കുന്നത്‌.

സ്‌മാർട്ട്‌ സിറ്റി കൊച്ചി രണ്ടാംഘട്ടത്തിന്റെ ഭാഗമായാണ്‌ ടവറുകളുടെ നിർമാണം. പ്രവർത്തനം ആരംഭിക്കുന്നതോടെ 25,000–-30,000 പേർക്ക്‌ ജോലി ലഭിക്കുമെന്നാണ്‌ പ്രതീക്ഷ. ഫുഡ് കോർട്ട്, ക്രഷ്, ജിം, റീടെയ്ൽ സ്‌പേസ്, 100 ശതമാനം പവർ ബാക്കപ്, സെൻട്രലൈസ്ഡ് എസി, മാലിന്യസംസ്‌കരണ പ്ലാന്റ്, മഴവെള്ളസംഭരണി എന്നിവ ഉണ്ടാകും. 4200 കാറുകൾ പാർക്ക്‌ ചെയ്യാം. മൂവായിരത്തോളം കാറുകൾ റോബോട്ടിക്‌ സംവിധാനം ഉപയോഗിച്ച്‌ പാർക്ക്‌ ചെയ്യാം. കെട്ടിടനിർമാണത്തിന്റെ ഗുണനിലവാരം അടിസ്ഥാനമാക്കി പ്രീ സർട്ടിഫൈഡ്‌ ലീഡ്‌ പ്ലാറ്റിനം ലഭിച്ച എ ഗ്രേഡ്‌ കെട്ടിടങ്ങളാണ്‌ രണ്ടും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top