23 December Monday

തൊഴിലാളിവിരുദ്ധ നയങ്ങളിൽ കോൺഗ്രസും 
ബിജെപിയും ഒറ്റക്കെട്ട്‌: എം എ ബേബി

സ്വന്തം ലേഖികUpdated: Sunday Oct 27, 2024

മാരാരിക്കുളം രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് എസ്എൽ പുരത്ത് ചേർന്ന പൊതുസമ്മേളനം 
സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി ഉദ്ഘാടനം ചെയ്യുന്നു

ആലപ്പുഴ  > പുന്നപ്ര –- വയലാർ ഉൾപ്പെടെ തൊഴിലാളി സമരങ്ങളിലൂടെ നേടിയെടുത്ത അവകാശങ്ങൾ ഇല്ലാതാക്കാനാണ്‌ മോദി സർക്കാർ പുതിയ തൊഴിൽനിയമം കൊണ്ടുവന്നതെന്ന്‌ സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം എം എ ബേബി. എസ്‌ എൽ പുരത്ത്‌  മാരാരിക്കുളം രക്തസാക്ഷി വാരാചരണപൊതുസമ്മേളനം ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

തൊഴിൽസമയം എട്ടുമണിക്കൂർ എന്നത് 11- മുതൽ 12 മണിക്കൂർ വരെയാക്കുന്ന നിയമമാണിത്.  നരേന്ദ്രമോദിയുടെ ഈ തൊഴിലാളി വിരുദ്ധനയങ്ങൾ പ്രാവർത്തികമാക്കാൻ കോൺഗ്രസ്‌ ഭരിക്കുന്ന കർണാടക, തെലങ്കാന സർക്കാരുകൾ മുന്നിട്ടിറങ്ങി. തൊഴിലാളികളുടെ പ്രശ്നത്തിൽ  മുതലാളികൾക്കൊപ്പം നിൽക്കാൻ കോൺഗ്രസിന് ഒരു മടിയുമില്ലെന്നാണിത്‌ സൂചിപ്പിക്കുന്നത്‌.  

കമ്യൂണിസ്റ്റ്‌ പ്രസ്ഥാനങ്ങളുടെ കാലാവധി കഴിഞ്ഞെന്ന്‌ വിധിയെഴുതുകയാണ്‌ വലതുപക്ഷ മാധ്യമങ്ങൾ. എന്നാൽ, ഈക്കൂട്ടർതന്നെ ചെങ്കൊടി പ്രസ്ഥാനം മുന്നിൽനിന്ന്‌ നയിച്ച്‌ വിജയിച്ച സമരങ്ങൾ ബോധപൂർവം മറക്കുകയാണ്‌. കാഞ്ചീപുരത്തെ സാംസങ് കമ്പനിയിൽ യൂണിയൻ രൂപീകരിക്കാൻ തൊഴിലാളികൾ 37 ദിവസം പണിമുടക്കിയ സമരം വിജയിച്ചു. ആഗോളഭീമനായ സാംസങ്ങിനെ കാഞ്ചീപുരത്തെ തൊഴിലാളികൾ മുട്ടുകുത്തിച്ചെങ്കിൽ അതിന്‌ കാരണം പുന്നപ്ര –- വയലാർ സമരം തുടങ്ങിവച്ച തൊഴിലാളിബോധമാണ്. ജമ്മു കശ്‌മീരിൽ ബാലികയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയപ്പോൾ അതിനെ നിയമസഭയ്ക്കകത്തും തെരുവിലും എതിർത്തത്‌ മുഹമ്മദ്‌ യൂസഫ്‌ തരിഗാമിയാണ്‌. പ്രതികൾ ബിജെപി നേതാക്കളായിട്ടും  കോൺഗ്രസോ പീപ്പിൾസ്‌ ഡെമൊക്രാറ്റിക്‌ പാർട്ടിയോ നാഷണൽ കോൺഫറൻസോ ഒരക്ഷരം മിണ്ടിയില്ല. കർണാടകയിലെ കൊപ്പളിലെ ദളിത്‌ ഗ്രാമത്തിലെ സവർണരുടെ ആക്രമണത്തിൽ മരണാസന്നരായി ജീവിക്കുന്ന മനുഷ്യർക്കായി പോരാടിയതും കമ്യൂണിസ്റ്റുകാരാണ്‌. ആ നിയമപോരാട്ടത്തിനൊടുവിൽ അക്രമകാരികളായ 98 പേരെ കർണാടക കോടതി ഇപ്പോൾ ജീവപര്യന്തത്തിന്‌ ശിക്ഷിച്ചു –- ബേബി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top