01 November Friday

ആത്മവിശ്വാസത്തിന്റെയും 
എളിമയുടെയും മാതൃക : എം എ യൂസഫലി

വെബ് ഡെസ്‌ക്‌Updated: Friday Nov 1, 2024

എം എ യൂസഫ-ലിയ്ക്കൊപ്പം സൗദി ഭരണാധികാരിയുമായി കൂടിക്കാഴ്ച നടത്തുന്നു

ത്യാഗ സുരഭിലമായ ജീവിതത്തിലൂടെ മലങ്കര യാക്കോബായ സുറിയാനി സഭയുടെ ചരിത്രത്തിൽ തങ്കലിപികളാൽ കുറിക്കപ്പെട്ട പേരാണ് ശ്രേഷ്ഠ കാതോലിക്കാ അബൂൻ മാർ ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടേത്. എളിമയും സ്നേഹവും കാര്യങ്ങൾ നടപ്പാക്കാനുള്ള ദീർഘദൃഷ്ടിയും കൈമുതലായുള്ള ബാവാ തിരുമേനി ഇതര ക്രൈസ്‌തവ സഭകളുടെയിടയിൽ മലങ്കര യാക്കോബായ സുറിയാനി സഭയ്‌ക്ക് ശ്രദ്ധേയമായ മേൽവിലാസമുണ്ടാക്കിയവരുടെ കൂട്ടത്തിൽ പ്രഥമഗണനീയനാണ്.

ഓരോതവണ കാണുമ്പോഴും നിറഞ്ഞ ആത്മവിശ്വാസത്തോടെ പുതിയ കാഴ്ചപ്പാടിലധിഷ്‌ഠിതമായ, പുരോഗമനപരമായ സഭയുടെ കർമപദ്ധതികളെക്കുറിച്ചാണ് അദ്ദേഹം പറഞ്ഞിരുന്നത്. ഈ ആത്മവിശ്വാസമാണ് യാക്കോബായ സഭയ്‌ക്ക് ദേവാലയങ്ങളും ആതുരാലയങ്ങളും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും മറ്റും വിവിധപ്രദേശങ്ങളിൽ സ്ഥാപിക്കാൻ അദ്ദേഹത്തിന് പ്രചോദനമായത്.

ഗൾഫ് രാജ്യങ്ങളിൽ നിരവധിതവണ അദ്ദേഹം സന്ദർശനം നടത്തിയിട്ടുണ്ട്. വിവിധ വിഷയങ്ങളിൽ അഗാധ പാണ്ഡിത്യമുള്ള അദ്ദേഹവുമായി ചെലവഴിക്കുന്ന ഓരോ നിമിഷവും അറിവിന്റെ പുതിയ പുതിയ തലങ്ങളിലേക്കാണ് നമ്മെ കൊണ്ടെത്തിക്കുന്നത്. കാണുന്ന അവസരങ്ങളിലൊക്കെ ഞാൻ അദ്ദേഹത്തിന്റെ യാത്രാ അനുഭവങ്ങളെക്കുറിച്ചാണ് ചോദിച്ച് മനസ്സിലാക്കാറുള്ളത്.

യുഎഇയിലും മറ്റു ഗൾഫ് രാജ്യങ്ങളിലും സഭയുടെ ആരാധനാലയങ്ങൾക്ക് സ്വന്തമായി സ്ഥലം അനുവദിച്ചുകിട്ടാൻ ബാവാ തിരുമേനിയുടെ ഉപദേശപ്രകാരം അവിടങ്ങളിലെ നേതാക്കളുമായും ഭരണാധികാരികളുമായും ഞാൻ സമ്പർക്കം പുലർത്തിയിരുന്നു. ഈ രാജ്യങ്ങളിലെ ഭരണാധികാരികളുടെ മതസൗഹാർദത്തിന്റെ ഉത്തമ മാതൃകകളാണ് ഇന്ന് അവിടെ വിവിധ നഗരങ്ങളിൽ നാം കാണുന്ന ക്രിസ്തീയ ദേവാലയങ്ങൾ. ഇവ സ്ഥാപിച്ചതിലും ആ പരിശ്രമങ്ങളുടെ ഒരു ഭാഗമാകാൻ കഴിഞ്ഞതിലും ഈ വിനീതനും അതിയായ ചാരിതാർഥ്യമുണ്ട്.

ആഗോള സുറിയാനി സഭയുടെ ആത്മീയാചാര്യനായിരുന്ന കാലംചെയ്ത പരിശുദ്ധ ഇഗ്നാത്തിയോസ് സാക്കാ പ്രഥമൻ തിരുമേനിയിൽനിന്ന്‌ 2004-ൽ സഭയുടെ "കമാൻഡർ’ പദവി ഏറ്റുവാങ്ങിയതാണ് സഭയുമായി ബന്ധപ്പെട്ട എന്റെ ഏറ്റവും ശ്രേഷ്ഠമായ അനുഭവം. ബാവാ തിരുമേനിയുടെ ശുപാർശപ്രകാരമാണ് പാത്രിയാർക്കീസ് ബാവാ എനിക്ക് കമാൻഡർ പദവി നൽകിയത് എന്ന് ഞാൻ സ്മരിക്കുന്നു. അതിൽ ഞാൻ എന്നും നന്ദിയും കടപ്പാടുമുള്ളവനായിരിക്കും. അദ്ദേഹത്തിന്റെ എളിമയാർന്ന ജീവിതവും ആതിഥ്യമര്യാദയും  ഹൃദയസ്പർശിയായി പല അവസരങ്ങളിലും ഞാൻ അനുഭവിച്ചറിഞ്ഞിട്ടുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top