11 September Wednesday

വാട്ടർ അതോറിറ്റിക്ക് കിട്ടാത്ത ബാക്കി 8500 രൂപ മനോരമയ്ക്ക് കിട്ടുന്നുണ്ടോ: മനോരമയുടെ കുത്തിത്തിരിപ്പ് തീർന്നില്ലെന്ന് എം ബി രാജേഷ്

വെബ് ഡെസ്‌ക്‌Updated: Sunday May 7, 2023

തിരുവനന്തപുരം> സർക്കാരിനെതിരായ മനോരമയുടെ വ്യാജ വാർത്തകൾ വീണ്ടും തുറന്നു കാട്ടി മന്ത്രി എം ബി രാജേഷ്. മലയാള മനോരമ ഉരുളലോടുരുളൽ തന്നെ. നേരത്തേ പറഞ്ഞ രണ്ടുകാര്യങ്ങൾ പെരുവഴിയിലുപേക്ഷിച്ച് പുതിയ വേറൊരു കാര്യം മനോരമ പറയുന്നെന്ന് മന്ത്രി ഫെയ്‌സ്‌ബുക്കിൽ കുറിച്ചു.

കേരളത്തിൽ സീവേജ് കണക്ഷന് വാട്ടർ അതോറിറ്റി നിശ്ചയിച്ച കണക്ഷൻ ഫീസ്‌ വീടുകൾക്ക്‌ 1500 രൂപയും വാണിജ്യ സ്ഥാപനങ്ങൾക്ക്‌ 2500 രൂപയും മാത്രമാണ്‌. മനോരമ എഴുതിവിട്ടത് 10000 രൂപയെന്ന്! എത്ര കൂസലില്ലാതെയാണവർ ഇതൊക്കെ ചെയ്യുന്നത്. വാട്ടർ അതോറിറ്റിക്ക് കിട്ടാത്ത ബാക്കി 8500 രൂപ മനോരമയ്‌ക്ക് കിട്ടുന്നുണ്ടോ ആവോ?- മന്ത്രി എം ബി രാജേഷ് ചോദിച്ചു.

മന്ത്രി എം ബി രാജേഷിന്റെ കുറിപ്പ്‌:

മലയാള മനോരമ ഉരുളലോടുരുളൽ തന്നെ. നേരത്തേ പറഞ്ഞ രണ്ടുകാര്യങ്ങൾ പെരുവഴിയിലുപേക്ഷിച്ച് ഇന്ന് വേറൊരു കാര്യം മനോരമ പറയുന്നു. കോയമ്പത്തൂരിലേക്കാൾ പെർമ്മിറ്റ് ഫീസ് ഇവിടെ ഈടാക്കുന്നുവെന്ന മനോരമയുടെ വസ്‌തുതാവിരുദ്ധമായ കണക്ക് കഴിഞ്ഞ പോസ്റ്റിൽ ഞാൻ തുറന്നുകാണിച്ചിരുന്നല്ലോ. മനോരമ പറയുന്ന എല്ലാം ഒഴിവാക്കിയാലും കോയമ്പത്തൂരിലെ ഫീസ് നമ്മുടേതിനേക്കാൾ 9322 രൂപ കൂടുതലാണെന്ന് വ്യക്തമാക്കിയതിനെക്കുറിച്ച് ഇന്ന് മിണ്ടിയതേ ഇല്ല. കയ്യോടെ പിടിക്കപ്പെട്ടപ്പോൾ മൗനം തന്നെ മനോരമയ്ക്ക് ഭൂഷണം. ഇരുഗൂർ പഞ്ചായത്തിലെ 48104 രൂപയുടെ ഫീസിനെക്കുറിച്ചും മൗനം. ആ റസീപ്റ്റ് മനോരമ നേരത്തേയും കണ്ടില്ല. ഇന്നും കണ്ടില്ല. ഇന്ത്യയിലെ മറ്റെല്ലാ നഗരങ്ങളിലെയും ഫീസും കണ്ടില്ല. മനോരമേ മങ്ങിയ കാഴ്ചകൾ കണ്ടുമടുത്തു, കണ്ണടകൾ വേണം.

ഇനി നേരത്തേ പറഞ്ഞതെല്ലാം വഴിയിലെറിഞ്ഞ് മനോരമ ഇന്ന് പറയുന്ന കാര്യത്തിലേക്ക്. കോയമ്പത്തൂരിൽ പെർമ്മിറ്റ് ഫീസിനൊപ്പം ഓരോ സേവനത്തിനും പ്രത്യേകം ഫീസുകൾ വാങ്ങുന്നുവെന്നാണ് മനോരമ പറയുന്നത്. എന്താണ് ഉദ്ദേശിക്കുന്നത്? ഇവിടെയും അങ്ങനെ പ്രത്യേകം ഫീസുകൾ വാങ്ങണമെന്നാണോ? ഫീസുകളുടെ പേര് എന്തായാലും ഇനം എത്രയായാലും അവിടെ വീടുവെക്കാൻ തദ്ദേശ സ്ഥാപനത്തിന്റെ അനുമതി കിട്ടാൻ ഇവിടുത്തേക്കാൾ കാശുകൊടുക്കണം എന്നതാണ് ലളിതമായ വസ്‌തുത. മനോരമ പറയുന്ന 4250 സ്‌ക്വയർ ഫീറ്റ് കെട്ടിടത്തിന് അവിടെ കൊടുക്കേണ്ട ഫീസിന്റെ പകുതി മാത്രമേ ഇവിടെയുള്ളൂ എന്നതാണ് പകൽപോലെയുള്ള സത്യം.

മനോരമയുടെ കസർത്തിന്റെ ഒരു ഉദാഹരണം നോക്കൂ. കേരളത്തിൽ സീവേജ് കണക്ഷന് വാട്ടർ അതോറിറ്റി നിശ്ചയിച്ച കണക്ഷൻ ഫീസ്‌ വീടുകൾക്ക്‌ 1500 രൂപയും വാണിജ്യ സ്ഥാപനങ്ങൾക്ക്‌ 2500 രൂപയും മാത്രമാണ്‌. മനോരമ എഴുതിവിട്ടത് 10000 രൂപയെന്ന്! എത്ര കൂസലില്ലാതെയാണവർ ഇതൊക്കെ ചെയ്യുന്നത്. വാട്ടർ അതോറിറ്റിക്ക് കിട്ടാത്ത ബാക്കി 8500 രൂപ മനോരമയ്‌ക്ക് കിട്ടുന്നുണ്ടോ ആവോ? സ്വന്തം വിശ്വാസ്യതയ്ക്ക് പോലും വില കൽപ്പിക്കാത്ത മനോരമയുടെ ഈ ഇടതുവിരോധത്തിന്റെ ആത്മാർഥത യുഡിഎഫും ബിജെപിയും കാണുന്നുണ്ടല്ലോ അല്ലേ?

തീർന്നില്ല മനോരമയുടെ കുത്തിത്തിരിപ്പ്. നാലുദിവസ പരമ്പരയിൽ മുഴുവൻ സർക്കാർ കൊള്ളയടിക്കുന്നു എന്ന് തെറ്റിദ്ധരിപ്പിച്ച മനോരമ, വരുമാനം മുഴുവനും തദ്ദേശ സ്ഥാപനങ്ങൾക്കാണെന്നും ചില്ലിക്കാശ് സംസ്ഥാന സർക്കാരിനില്ലെന്നുമുള്ള സത്യം പറഞ്ഞതേയില്ല. 80 സ്ക്വയർ മീറ്റർ(876 സ്ക്വയർ ഫീറ്റ്‌) വരെ വിസ്തീർണമുള്ള വീടുകൾക്ക് ചില്ലിക്കാശ് ഫീസ് കൂട്ടിയിട്ടില്ല എന്ന കാര്യവും മിണ്ടിയിട്ടില്ല. പെർമ്മിറ്റ് ലഭിക്കുന്നതിലെ കാലതാമസത്തെക്കുറിച്ചും കൈക്കൂലിയെക്കുറിച്ചും പണ്ട് പരമ്പരയെഴുതിയവർക്ക്, സെൽഫ് സർട്ടിഫിക്കേഷനിലൂടെ ഒരു മണിക്കൂറിൽ പെർമ്മിറ്റ് കിട്ടുന്നതും കൈക്കൂലിക്ക് പഴുതില്ലാതായതും വളരെ മോശം കാര്യം. കൈക്കൂലി കൊടുത്താലും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് നയാപൈസ കൊടുത്തുപോകരുത് എന്ന മനോഭാവം. എന്തൊരു എന്തൊരു പൊതുതാത്പര്യം!


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top