കണ്ണൂർ
തദ്ദേശ അദാലത്തുകളിൽ ലഭിച്ച പരാതികൾ പൊതുചട്ടങ്ങളിലെ മാറ്റത്തിന് വഴിതുറന്നതായി മന്ത്രി എം ബി രാജേഷ്. ചട്ടത്തിന്റെയും നിയമത്തിന്റെയും തെറ്റായതും യാന്ത്രികവുമായ വ്യാഖ്യാനത്തിലൂടെ കുടുക്കിൽപ്പെട്ടവർക്ക് നീതി ലഭ്യമാക്കാനുള്ളതാണ് അദാലത്തെന്നും കണ്ണൂരിൽ തദ്ദേശ അദാലത്ത് ഉദ്‌ഘാടനംചെയ്‌ത് മന്ത്രി പറഞ്ഞു. പതിനായിരക്കണക്കിനാളുകൾക്ക് പ്രയോജനംചെയ്യുന്ന പൊതുതീരുമാനങ്ങളാണ് അദാലത്തുകളിലെടുത്തത്. മാനുഷിക പരിഗണനവച്ചാണ് ഇളവുകൾ അനുവദിച്ചത്. ഇതുവരെയുള്ള അദാലത്തുകളിൽ 86 മുതൽ 90 ശതമാനംവരെ പരാതിക്കാർക്ക് അനുകൂലമായാണ് തീർപ്പാക്കിയത്. തദ്ദേശസ്ഥാപനങ്ങളിൽ വാടകക്കുടിശ്ശികയ്ക്ക് കൂട്ടുപലിശ ഒഴിവാക്കിയത് അദാലത്തിൽ വന്ന പരാതിയുടെ അടിസ്ഥാനത്തിലാണ്.
കോർപറേഷൻ, മുനിസിപ്പാലിറ്റി അതിർത്തിക്കുള്ളിൽ രണ്ട് സെന്റുവരെയുള്ള ഭൂമിയിൽ നിർമിക്കുന്ന 100 ചതുരശ്ര മീറ്റർ വരെയുള്ള വീടുകൾക്കു മുന്നിൽ മൂന്നു മീറ്റർവരെയുള്ള വഴിയാണെങ്കിൽ ദൂരപരിധി ഒരു മീറ്ററായി കുറച്ച് ചട്ടഭേദഗതിക്ക് തീരുമാനിച്ചു. 80 ചതുരശ്ര മീറ്റർ വരെയുള്ള വീടുകൾക്ക് വസ്തുനികുതിയുടെ പിഴപ്പലിശ ഒഴിവാക്കി. നികുതിയും കുടിശ്ശികയുംമാത്രം അടച്ചാൽമതി. ഇവയും അദാലത്തിലെ പരാതിയുടെ അടിസ്ഥാനത്തിലാണ്.
60 ചതുരശ്രമീറ്ററിൽതാഴെ വിസ്തീർണമുള്ള വീടുകൾക്ക് യുഎ നമ്പറാണെങ്കിലും വസ്തുനികുതി ഉണ്ടാകില്ലെന്ന് തീരുമാനിച്ചു. സ്‌പെഷ്യൽ സ്‌കൂളുകൾ, വൃദ്ധസദനങ്ങൾ, അഗതി മന്ദിരങ്ങൾ എന്നിവയ്ക്ക് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായുള്ള സൂപ്പർവിഷൻ ചാർജ് ഒഴിവാക്കിയതായും മന്ത്രി അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..