26 December Thursday
പരാതി നൽകാം , വാട്‌സാപ്‌ നമ്പർ ഉടൻ

അഴിമതി തുടച്ചുനീക്കും , തദ്ദേശ സ്ഥാപനങ്ങളിൽ സേവനങ്ങൾ സുതാര്യമാക്കും

സ്വന്തം ലേഖകൻUpdated: Monday Oct 7, 2024


തിരുവനന്തപുരം
തദ്ദേശ ഭരണസ്ഥാപനങ്ങളിലെ സേവനങ്ങൾ ബോധപൂർവം വൈകിപ്പിക്കുന്നതിനെക്കുറിച്ചും അഴിമതി സംബന്ധിച്ചും ജനങ്ങൾക്ക് പരാതി നൽകാൻ കേന്ദ്രീകൃത വാട്‌സാപ്‌ നമ്പർ സജ്ജമാക്കുന്നു. 15 ദിവസത്തിനകം നമ്പർ പ്രവർത്തനസജ്ജമാക്കും. ജനങ്ങൾ ദൈനംദിനം നേരിട്ട്‌ ബന്ധപ്പെടുന്ന സർക്കാർ ഓഫീസുകളിൽനിന്ന്‌ അഴിമതിയും സ്വജന പക്ഷപാതവും പൂർണമായി ഇല്ലാതാക്കുന്നതിനുള്ള ഇടപെടലിന്റെ ഭാഗമാണിത്‌. 

നമ്പർ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും പ്രദർശിപ്പിക്കും. ഓരോ സീറ്റിലും ഫയൽ പരമാവധി കൈവശംവയ്‌ക്കാവുന്നത് എത്ര ദിവസമാണ് തുടങ്ങിയവയുൾപ്പെടെ, സേവനവും ജനങ്ങളുടെ അവകാശവും സംബന്ധിച്ച ബോർഡുകൾ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും സ്ഥാപിക്കുമെന്നും മന്ത്രി എം ബി രാജേഷ്‌ പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങളിൽ ഫയൽ വൈകിപ്പിക്കുന്നവരുടെ പട്ടിക തയ്യാറാക്കും. അഴിമതി ആക്ഷേപങ്ങൾ നേരിടുന്നവരുടെ പട്ടികയും തയ്യാറാക്കും. ഇവരെ തദ്ദേശവകുപ്പിന്റെ ഇന്റേണൽ വിജിലൻസ് വിഭാഗം നിരീക്ഷിക്കും. ആവശ്യമുള്ള കേസിൽ പൊലീസ് വിജിലൻസിന്റെ അന്വേഷണം ഉറപ്പാക്കും. ഇതുസംബന്ധിച്ച വിവരങ്ങൾ ശേഖരിച്ച് തുടങ്ങി. കൃത്യമായി, കാലതാമസം ഇല്ലാതെ സേവനങ്ങൾ ലഭ്യമാകുന്നുണ്ടെന്ന്‌ ഉറപ്പുവരുത്തുമെന്നും മന്ത്രി പറഞ്ഞു. 

ഉദ്യോഗസ്ഥരുടെ അശ്രദ്ധമൂലമുള്ള പ്രശ്നങ്ങളെ വളരെ ഗൗരവത്തോടെയാണ്‌ മന്ത്രിയുടെ നേതൃത്വത്തിലുള്ള തദ്ദേശ അദാലത്തുകളിൽ സമീപിച്ചത്‌.  ഡാറ്റാ എൻട്രി പ്രശ്നംമൂലം ഭിന്നശേഷി പെൻഷൻ നഷ്ടമായതായി കോഴിക്കോട് ജില്ലാ അദാലത്തിൽ പരാതി വന്നിരുന്നു.

നഷ്ടമായ തുക പഞ്ചായത്തിന്റെ തനതുഫണ്ടിൽനിന്ന് നൽകാനും തുക തെറ്റ് വരുത്തിയ ഉദ്യോഗസ്ഥനിൽനിന്ന് ഈടാക്കാനും തീരുമാനിച്ചു. കുടിവെള്ള പദ്ധതിയുടെ ചെക്ക് മെഷർമെന്റ് നടക്കാത്തതിനാൽ, കുടിശിക ലഭിക്കാതെ ഗുണഭോക്തൃ കൺവീനർ 15 വർഷമായി കടക്കെണിയിലായ വിഷയം അതേ അദാലത്തിൽത്തന്നെ ഉയർന്നിരുന്നു. പലിശ സഹിതം തുക നൽകാനും വീഴ്ച വരുത്തിയ ഉദ്യോഗസ്ഥനിൽനിന്ന് പലിശ ഈടാക്കാനും തീരുമാനിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top