24 November Sunday

മികച്ച പ്രസംഗക; സ്‌ത്രീകളുടെ പ്രിയ പോരാളി

പ്രത്യേക ലേഖകൻUpdated: Sunday Apr 10, 2022
കൊച്ചി> വൈപ്പിൻ മുരിക്കുംപാടത്തുനിന്ന്‌ വിവാഹിതയായി അങ്കമാലിയിൽ എത്തിയ എം സി ജോസഫൈൻ അന്നേ മികച്ച വാഗ്മിയും സാമൂഹ്യ പ്രവർത്തകയുമായിരുന്നു.
സി പി എം സംസ്ഥാന സമ്മേളന വിളംബര ജാഥ എം സി ജോസഫൈൻ നയിക്കുന്നു

സി പി എം സംസ്ഥാന സമ്മേളന വിളംബര ജാഥ എം സി ജോസഫൈൻ നയിക്കുന്നു

പുരോഗമനവാദികളായ കോൺഗ്രസുകാർ എം എ ജോണിന്റെ നേതൃത്വത്തിൽ പരിവർത്തനവാദികളായി പ്രവർത്തിക്കുന്ന കാലം. ഭർത്താവ് പി എ മത്തായിയും പരിവർത്തനവാദി കോൺഗ്രസിലായിരുന്നു. ജോസഫൈൻ അക്കാലത്ത് പാരലൽ കോളേജ് അധ്യാപികയായിരുന്നു. സോഷ്യലിസ്റ്റ് ആശയങ്ങളോട് വിദ്യാർഥിയായിരിക്കെ കൂറുപുലർത്തിയ ജോസഫൈനെയും മത്തായിയെയും സിപിഐ എമ്മിന്റെ പ്രധാന പ്രവർത്തകരാക്കാൻ  മുൻകൈയെടുത്തത് പരേതനായ മുൻ സ്പീക്കർ എ പി കുര്യനാണ്.
സി പി എം  ജില്ലാ സമ്മേളന പതാക ഉയർത്തിയപ്പോൾ

സി പി എം ജില്ലാ സമ്മേളന പതാക ഉയർത്തിയപ്പോൾ



1978ൽ ജോസഫൈൻ സിപിഐ എം അങ്കമാലി അങ്ങാടിക്കടവ് ബ്രാഞ്ചിൽ അംഗമായി. വനിതകൾക്ക് കമ്യൂണിസ്റ്റ് പാർടി പ്രവർത്തനത്തിലേക്ക് കടന്നുവരാൻ കുടുംബപരവും സാമൂഹ്യവുമായ ഒത്തിരി എതിർപ്പുകൾ നേരിടേണ്ടിവന്ന അക്കാലത്ത് ജോസഫൈൻ മുഴുവൻ സമയ പ്രവർത്തകയായി മാറി. അവിടന്നങ്ങോട്ട് അങ്കമാലിയിലെ മാത്രമല്ല ജില്ലയിലെയാകെ കമ്യൂണിസ്റ്റ് പാർടി യോഗങ്ങളിൽ ജോസഫൈന്റെ പ്രസംഗം ആവേശമായിരുന്നു.
സി പി എം  സംസ്ഥാന സമ്മേളന മൈതാനിയിൽ

സി പി എം സംസ്ഥാന സമ്മേളന മൈതാനിയിൽ



ജില്ലയുടെ കിഴക്കൻ കാർഷികമേഖലയിലും പടിഞ്ഞാറൻ തീരമേഖലയിലുമൊക്കെ സഞ്ചരിച്ച് മഹിളാ അസോസിയേഷൻ കെട്ടിപ്പടുത്ത ജോസഫൈൻ സംഘടനയുടെ അഖിലേന്ത്യാ വൈസ് പ്രസിഡന്റുവരെയായി ഉയർന്നു. 2002 മുതൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗവുമാണ്. തന്റെ പൊതുപ്രവർത്തന അനുഭവവും കഷ്ടപ്പെടുന്ന മനുഷ്യരോടുള്ള പ്രതിബദ്ധതയും, ചുമതല വഹിച്ച മേഖലകളിലെല്ലാം മാതൃകാപ്രവർത്തനം കാഴ്ചവയ്ക്കാനും സഹായിച്ചു.

 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top