22 December Sunday

എം കെ മുനീർ താനുമായി യാതൊരുവിധ ചർച്ചയും നടത്തിയിട്ടില്ല; ലീഗിന്റെ വാദം തെറ്റ്: മന്ത്രി വി ശിവൻകുട്ടി

വെബ് ഡെസ്‌ക്‌Updated: Saturday Jul 20, 2024

കോഴിക്കോട് > മുസ്ലിംലീഗ് എം എൽ എ എം കെ മുനീർ സത്യഗ്രഹം അവസാനിപ്പിച്ചത് താനുമായി നടത്തിയ മാരത്തോൺ ചർച്ചയുടെ തീരുമാനപ്രകാരമാണെന്ന ലീഗ് വാദം തള്ളി പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. എം കെ മുനീർ സത്യഗ്രഹം ആരംഭിക്കുമ്പോഴോ അവസാനിപ്പിക്കുമ്പോഴോ ഇക്കാര്യം മുൻനിർത്തി താനുമായി ആശയവിനിമയം നടത്തിയിട്ടില്ല.

മലപ്പുറം, കാസർഗോഡ് ജില്ലകളിലെ പ്ലസ് വൺ പ്രവേശനം സുഗമമാക്കാൻ 138 അധിക ബാച്ചുകൾ നിയമസഭയിൽ പ്രഖ്യാപിക്കുകയുണ്ടായി. സർക്കാരിന്റെ ഈ തീരുമാനത്തെ നിയമസഭയിൽ പ്രതിപക്ഷ നേതാവും പ്രതിപക്ഷ ഉപനേതാവും വരെ സ്വാഗതം ചെയ്യുകയുണ്ടായി. മറ്റെവിടെയെങ്കിലും അടിയന്തിര ശ്രദ്ധ പതിയേണ്ടതുണ്ടെങ്കിൽ അതത് സമയത്ത് ഉചിതമായ തീരുമാനമെടുക്കും എന്നതാണ് അന്ന് മുതലുള്ള നിലപാട്.

കോഴിക്കോട് പ്ലസ് വൺ സീറ്റ് കുറവുണ്ടെന്ന് കാട്ടി എം കെ മുനീർ എംഎൽ എ ഒരു നിവേദനം പോലും പൊതുവിദ്യാഭ്യാസ മന്ത്രി എന്ന നിലയിൽ തനിക്ക് തന്നിട്ടില്ല. സത്യഗ്രഹത്തിനിടെ എം കെ മുനീറിന്റെ ആരോഗ്യം മുൻനിർത്തി പ്രതിപക്ഷ നേതാവ് വി ഡി സതീശനും പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടിയും താനുമായി ആശയവിനിമയം നടത്തിയിരുന്നു. ഇക്കാര്യം അപ്പോൾ തന്നെ മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. അടിയന്തിര ശ്രദ്ധ പതിയേണ്ട മേഖലകൾ ഉണ്ടെങ്കിൽ അതത് സമയത്ത് ഉചിതമായ തീരുമാനമെടുക്കുമെന്ന മുൻനിലപാട് തുടരാൻ ആയിരുന്നു മുഖ്യമന്ത്രിയുടെ നിർദേശം. വാസ്തവം ഇതായിരിക്കെ സത്യഗ്രഹം വൻവിജയം എന്ന് പ്രഖ്യാപിച്ച് സമരം അവസാനിപ്പിക്കുകയായിരുന്നു എം കെ മുനീർ ചെയ്തത്. അനിശ്ചിതകാലം എന്ന് പറഞ്ഞ് ആരംഭിച്ച സത്യഗ്രഹം വെറും അഞ്ച് മണിക്കൂർ കൊണ്ട് അവസാനിപ്പിച്ചപ്പോൾ തന്നെ സമരം പ്രഹസനമാണെന്ന് വ്യക്തമാണ്. കോഴിക്കോട് ജില്ലയിലെ എല്ലാ മണ്ഡലങ്ങളുടെയും അവകാശം ആരാണ് എം കെ മുനീറിന് നൽകിയതെന്നും മന്ത്രി ചോദിച്ചു.
 
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top