28 October Monday

സർഗസാന്നിധ്യമായി 
സാനു മാഷ്‌ 98 ൽ

സ്വന്തം ലേഖികUpdated: Saturday Oct 26, 2024


കൊച്ചി
കുമാരനാശാന്റെ കാവ്യരചനകളെക്കുറിച്ചുള്ള പുസ്‌തകത്തിന്റെ എഴുത്തുപുരയിലാണ്‌ 97ന്റെ നിറവിൽ പ്രൊഫ. എം കെ സാനു. പോയവർഷം നഗരത്തിലെ പൊതുപരിപാടികളിലെല്ലാം അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടായിരുന്നു. ഭാര്യ രത്നമ്മയുടെ മരണശേഷം വീട്ടിൽ ഒറ്റയ്‌ക്കായതിന്റെ പ്രയാസവും പ്രായാധിക്യത്തിന്റെ അസ്‌കിതകളും മറന്നാണ്‌ എഴുത്തും യാത്രകളും. ഞായറാഴ്‌ച എത്തുന്ന 98–-ാം പിറന്നാളിന്‌ വ്യക്തിപരമായി ആഘോഷങ്ങൾ ഇല്ലെങ്കിലും സൗഹൃദക്കൂട്ടായ്‌മകളുടെ പരിപാടികളിൽ അദ്ദേഹം പങ്കെടുക്കുന്നുണ്ട്‌. 

കഴിഞ്ഞ പിറന്നാൾകാലത്താണ്‌ എം കെ സാനുവിന്റെ സമ്പൂർണ കൃതികൾ മുഖ്യമന്ത്രി പിണറായി വിജയൻ കൊച്ചിയിൽ പ്രകാശിപ്പിച്ചത്‌. ‘മോഹന്‍ലാല്‍ അഭിനയകലയുടെ ഇതിഹാസം’ എന്ന പേരിലുള്ള പുസ്‌തകവും കഴിഞ്ഞവർഷം ഇറങ്ങി. പി ഗോവിന്ദപ്പിള്ള സാഹിത്യപുരസ്‌കാരം, തകഴി സാഹിത്യപുരസ്‌കാരം എന്നിവ ഉൾപ്പെടെ വിവിധ അവാർഡുകളും പോയവർഷം എം കെ സാനുവിനെ തേടിയെത്തി.

മാഷിന്റെ 97–-ാം പിറന്നാളിന്‌ ദിവസങ്ങൾമുമ്പായിരുന്നു ഭാര്യയുടെ വിയോഗം. ശ്രീനാരായണ സേവാസംഘം എറണാകുളം സഹോദരസൗധത്തിൽ ഞായർ രാവിലെ സംഘടിപ്പിച്ചിട്ടുള്ള പിറന്നാളാഘോഷം സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും. ഗോകുലം ഗോപാലൻ പൊന്നാടയണിയിക്കും.  
പകൽ 11ന്‌ ചാവറ കൾച്ചറൽ സെന്ററിൽ എം കെ സാനു ഫൗണ്ടേഷൻ സംഘടിപ്പിച്ചിട്ടുള്ള പിറന്നാളാഘോഷത്തിൽ, പ്രൊഫ. എം കെ സാനുവിന്റെ പുതിയ പുസ്‌തകം ‘അന്തിമേഘങ്ങളിലെ വർണഭേദങ്ങൾ’, സാനുവിനെക്കുറിച്ച്‌ പ്രൊഫ. എം തോമസ്‌ മാത്യു എഴുതിയ പുസ്‌തകം ‘ഗുരവേ നമഃ’ എന്നിവ പ്രകാശിപ്പിക്കും. തുടർന്ന്‌ സുഹൃത്തുക്കൾക്കും സാംസ്‌കാരികപ്രവർത്തകർക്കുമൊപ്പം പിറന്നാൾസദ്യ. വൈകിട്ട്‌ എറണാകുളം ടൗൺഹാളിലെ ചടങ്ങിലും പങ്കെടുക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top