കൊച്ചി > തലമുറകളുടെ അധ്യാപകനും എഴുത്തുകാരനുമായ പ്രൊഫ. എം കെ സാനുവിന് 98–-ാം പിറന്നാൾദിനം. വ്യക്തിപരമായ ആഘോഷങ്ങളില്ലെങ്കിലും വിവിധ സംഘടനകൾ സംഘടിപ്പിക്കുന്ന ജന്മദിനാഘോഷ പരിപാടികൾ ഞായറാഴ്‌ച നടക്കും.
എറണാകുളം ചാവറ കൾച്ചറൽ സെന്ററിൽ പകൽ 11ന് സംഘടിപ്പിച്ചിട്ടുള്ള പരിപാടിയിൽ എം കെ സാനുവിന്റെ പുതിയ പുസ്‌തകം ‘അന്തിമേഘങ്ങളിലെ വർണഭേദങ്ങൾ’ പ്രകാശിപ്പിക്കും. സാനുവിനെക്കുറിച്ച് പ്രൊഫ. എം തോമസ് മാത്യു രചിച്ച ‘ഗുരവേ നമഃ’ പുസ്‌തകവും പുറത്തിറക്കും.
ശ്രീനാരായണ സേവാസംഘം എറണാകുളം സഹോദരസൗധത്തിൽ രാവിലെ 10ന് സംഘടിപ്പിച്ചിട്ടുള്ള പിറന്നാളാഘോഷം സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും. ഗോകുലം ഗോപാലൻ സാനുവിനെ പൊന്നാടയണിയിക്കും.
എം കെ സാനു പുരസ്‌കാരസമിതി പകൽ 3.30ന് ബിടിഎച്ചിൽ സംഘടിപ്പിച്ചിട്ടുള്ള ചടങ്ങിൽ എം കെ സാനു ഗുരുശ്രേഷ്‌ഠ അധ്യാപക അവാർഡ്, തൃപ്പൂണിത്തുറ ചോയ്‌സ് സ്‌കൂൾ പ്രിൻസിപ്പൽ റേച്ചൽ ഇഗ്‌നേഷ്യസിന് എം കെ സാനുവും മന്ത്രി പി രാജീവുംചേർന്ന് സമ്മാനിക്കും. മിനി ബാനർജിയുടെ മോഹിനിയാട്ടം, ഏലൂർ ബിജുവിന്റെ സോപാനസംഗീതം എന്നിവയും അരങ്ങേറും.
മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ പ്രതിനിധി പ്രൊഫ. കെ വി തോമസ് എന്നിവർ ശനിയാഴ്‌ച സാനുവിന്റെ വസതിയായ ‘സന്ധ്യ’യിലെത്തി പിറന്നാൾ ആശംസ നേർന്ന് പൊന്നാടയണിയിച്ചു. ജന്മദിനാശംസകളുമായി ബാലസംഘം കൂട്ടുകാരും വീട്ടിലെത്തി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..