തിരുവനന്തപുരം
സംസ്ഥാന സർക്കാരിന്റെ പരമോന്നത പുരസ്‌കാരമായ കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. അധ്യാപകനും എഴുത്തുകാരനുമായ എം കെ സാനുവിനാണ് കേരള ജ്യോതി പുരസ്‌കാരം. ഐഎസ്ആർഒ ചെയർമാൻ ഡോ. എസ് സോമനാഥ് (സയൻസ് ആൻഡ് എൻജിനിയറിങ്), ഭുവനേശ്വരി (കൃഷി) എന്നിവർക്കാണ് കേരള പ്രഭ പുരസ്‌കാരം. കലാമണ്ഡലം വിമലാ മേനോൻ (കല), ഡോ. ടി കെ ജയകുമാർ (ആരോഗ്യം), നാരായണ ഭട്ടതിരി (കലിഗ്രഫി) സഞ്ജു സാംസൺ (കായികം), ഷൈജ ബേബി ( സാമൂഹ്യ സേവനം, ആശാ വർക്കർ), വി കെ മാത്യൂസ് (വ്യവസായ- വാണിജ്യം) എന്നിവർ കേരള ശ്രീ പുരസ്‌കാരത്തിന് അർഹരായി.
പ്രാഥമിക പരിശോധനാ സമിതി (സെക്രട്ടറിതല സമിതി), ദ്വിതീയ പരിശോധനാ സമിതി, അവാർഡ് സമിതി എന്നിങ്ങനെ മൂന്നു തലങ്ങളിലായാണ് പുരസ്‌കാരം നിർണയിക്കുന്നത്.
ദ്വിതീയ പരിശോധനാ സമിതി സമർപ്പിച്ച ശുപാർശ അടൂർ ഗോപാലകൃഷ്ണൻ, കെ ജയകുമാർ, ഡോ. ബി ഇക്ബാൽ എന്നിവരടങ്ങുന്ന സമിതി പരിശോധിച്ചാണ് സർക്കാരിന് നാമനിർദേശം നൽകിയത്.
വിനയത്തോടെ
സ്വീകരിക്കുന്നു:
പ്രൊഫ. എം കെ സാനു
സംസ്ഥാന സർക്കാരിന്റെ കേരളജ്യോതി പുരസ്‌കാരം അത്യന്തം വിനയത്തോടെ സ്വീകരിക്കുന്നതായി പ്രൊഫ. എം കെ സാനു. പുരസ്‌കാരം ലഭിച്ച സന്തോഷം ദേശാഭിമാനിയുമായി പങ്കുവയ്‌ക്കുകയായിരുന്നു അദ്ദേഹം. പുരസ്‌കാരം ലഭിച്ചതിൽ ഏറെ സന്തോഷമുണ്ട്. സാധാരണക്കാരിൽ സാധാരണക്കാരനായി ജീവിക്കാനാണ് എപ്പോഴും ഇഷ്ടം. അവാർഡ് നൽകിയ സംസ്ഥാന സർക്കാരിനോടും തെരഞ്ഞെടുത്ത ജൂറി അംഗങ്ങളോടും അഗാധമായ കൃതജ്ഞത രേഖപ്പെടുത്തുന്നുവെന്നും എം കെ സാനു പറഞ്ഞു.
കുമാരനാശാന്റെ കാവ്യരചനകളെക്കുറിച്ചുള്ള പുസ്‌തകത്തിന്റെ എഴുത്തുപുരയിലാണ് 98ന്റെ നിറവിൽ പ്രൊഫ. എം കെ സാനു. പോയവർഷം നഗരത്തിലെ പൊതുപരിപാടികളിലെല്ലാം അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടായിരുന്നു. ഭാര്യ രത്നമ്മയുടെ മരണശേഷം വീട്ടിൽ ഒറ്റയ്‌ക്കായതിന്റെ പ്രയാസവും പ്രായാധിക്യത്തിന്റെ അസ്‌കിതകളും മറന്നാണ് എഴുത്തും യാത്രകളും. ഞായറാഴ്‌ചയായിരുന്നു അദ്ദേഹത്തിന്റെ 98–-ാം പിറന്നാൾ. പി ഗോവിന്ദപ്പിള്ള സാഹിത്യപുരസ്‌കാരം, തകഴി സാഹിത്യപുരസ്‌കാരം എന്നിവ ഉൾപ്പെടെ വിവിധ അവാർഡുകളും പോയവർഷം എം കെ സാനുവിനെ തേടിയെത്തിയിരുന്നു.
വിമർശം, വ്യാഖ്യാനം, ബാലസാഹിത്യം, ജീവചരിത്രം, നോവൽ തുടങ്ങി വിവിധ സാഹിത്യശാഖകളിലായി അമ്പതിലധികം കൃതികളുടെ രചയിതാവാണ്. എഴുത്തച്ഛൻ പുരസ്കാരം, കേന്ദ്ര–-സംസ്ഥാന സാഹിത്യ അക്കാദമി അവാർഡുകൾ, വയലാർ അവാർഡ്, പത്മപ്രഭാ പുരസ്കാരം എന്നിവ ഉൾപ്പെടെ നൂറോളം അവാർഡുകളും നേടിയിട്ടുണ്ട്.
ഇവർ കേരളത്തിന്റെ
അഭിമാന താരങ്ങൾ
ചാന്ദ്രയാൻ 3യുടെ ചരിത്രവിജയത്തിന് നേതൃത്വം നൽകിയ ഐഎസ്ആർഒ ചെയർമാൻ ഡോ. എസ് സോമനാഥിനും തരിശുഭൂമിയിൽ പൊന്നുവിളയിച്ച പാലക്കാട് സ്വദേശിയുമായ വീട്ടമ്മ ഭുവനേശ്വരിക്കുമാണ് സംസ്ഥാന സർക്കാരിന്റെ കേരള പ്രഭ പുരസ്‌കാരം ലഭിച്ചത്. എലപ്പുള്ളിയിലെ മാരുതി ഗാർഡൻസിലെ 24 ഏക്കർ ഭൂമിയിൽ വാണിജ്യാടിസ്ഥാനത്തിൽ വിപുലമായ ജൈവകൃഷി നടത്തുന്ന കർഷകയാണ് ഭുവനേശ്വരി.
കലാവിഭാഗത്തിൽ കേരളശ്രീ പുരസ്കാരം നേടിയ കലാമണ്ഡലം വിമലാമേനോൻ 50 വർഷമായി മോഹിനിയാട്ടം പഠിപ്പിക്കുന്നു. തിരുവനന്തപുരത്തെ കേരള നാട്യ അക്കാദമിയുടെ സ്ഥാപകയുമാണ്. ആരോഗ്യമേഖലയിൽ കേരള ശ്രീ പുരസ്കാരം നേടിയ ഡോ. ടി കെ ജയകുമാർ കോട്ടയം കിടങ്ങൂർ സ്വദേശിയാണ്. കോട്ടയം മെഡിക്കൽ കോളേജിലെ കാർഡിയോ തെറാസിക് വിഭാഗം സർജനും പ്രൊഫസറും മെഡിക്കൽ സൂപ്രണ്ടുമാണ്. കലിഗ്രഫിയിൽ കേരളശ്രീ നേടിയ നാരായണ ഭട്ടതിരി തിരുവനന്തപുരം വഴുതക്കാട് സ്വദേശിയാണ്.
കായിക വിഭാഗത്തിൽ കേരളശ്രീ പുരസ്കാരം നേടിയ സഞ്ജു സാംസൺ മലയാളികളുടെ അഭിമാനമായ ഇന്ത്യൻ ക്രിക്കറ്റ് താരമാണ്. 2014 അണ്ടർ 19 ലോകകപ്പിനുള്ള ഇന്ത്യ അണ്ടർ 19 ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്നു. തിരുവനന്തപുരം പുല്ലുവിള സ്വദേശിയാണ്. സാമൂഹ്യസേവനത്തിൽ കേരളശ്രീ നേടിയ ഷൈജ ബേബി ഉരുൾപൊട്ടലുണ്ടായ വയനാട്ടിലെ ചൂരൽമലയിലെ രക്ഷാപ്രവർത്തനത്തിൽ മാതൃകാപരമായ പ്രവർത്തനമാണ് നടത്തിയത്. ഒമ്പത് ബന്ധുക്കളെയാണ് ഉരുൾപൊട്ടലിൽ ഷൈജയ്ക്ക് നഷ്ടമായത്. മണ്ണിൽ പുതഞ്ഞ നൂറോളം പേരെയാണ് ആശാവർക്കറായ ഷൈജ തിരിച്ചറിഞ്ഞത്. വ്യവസായ മേഖലയിൽ കേരളശ്രീ പുരസ്കാരം നേടിയ വി കെ മാത്യുസ് ടെക്നോപാർക്കിലെ ഐബിഎസ് സോഫ്റ്റ്‌വെയർ സ്ഥാപകനും സിഎംഡിയുമാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..