22 December Sunday

തൊഴിലാളിവർ​ഗ പ്രസ്ഥാനത്തിന്റെ മുൻനിര നേതാവ്; ഇടത് ജനാധിപത്യ പ്രസ്ഥാനങ്ങളുടെ തീരാനഷ്ടം: ടി പി രാമകൃഷ്ണൻ

വെബ് ഡെസ്‌ക്‌Updated: Saturday Sep 21, 2024

തിരുവനന്തപുരം > മുതിർന്ന സിപിഐ എം നേതാവ് എം എം ലോറൻസിന്റെ നിര്യാണത്തിൽ എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ അനുശോചനം രേഖപ്പെടുത്തി. ഉന്നതനായ കമ്മ്യൂണിസ്റ്റ് വിപ്ലവകാരിയും തൊഴിലാളിവർ​ഗ പ്രസ്ഥാനത്തിന്റെ മുൻനിര നേതാക്കളിൽ ഒരാളുമായിരുന്നു എം എം ലോറൻസ്. സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം, പാർലമെന്റ് അംഗം, ഇടതുപക്ഷ ജനാധിപത്യ മുന്നണി കൺവീനർ, സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി, കെഎസ്ആർടിഇഎ സംസ്ഥാന പ്രസിഡന്റ്, വിവിധ ട്രേഡ് യൂണിയൻ സംഘടനകളുടെ ഭാരവാഹി എന്നീ നിലയിലെല്ലാം വിവിധ കാലയളവിൽ പ്രവർത്തിച്ചിട്ടുണ്ട്.

ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായും നാടുവാഴി വ്യവസ്ഥയ്ക്കെതിരായ പോരാട്ടങ്ങളിലും സജീവമായ പങ്കുവഹിച്ചിട്ടുണ്ട്. ക്രൂരമായ മർദ്ദനങ്ങൾക്ക് വിധേയനായ എം എം ലോറൻസ് ദീർഘനാൾ തടവിൽ കഴിഞ്ഞു. തൊഴിലാളി വർ​ഗ പ്രസ്ഥാനത്തിനും ഇടതുപക്ഷ ജനാധിപത്യ പ്രസ്ഥാനത്തിനും തീരാനഷ്ടമാണ് എം എം ലോറൻസിന്റെ വിയോ​ഗം. എം എം ലോറൻസിന്റെ മരണത്തിലും കുടുംബാംഗങ്ങളുടെ ദുഃഖത്തിലും ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ അനുശോചനം രേഖപ്പെടുത്തുന്നുവെന്ന് ടി പി രാമകൃഷ്ണൻ പ്രസ്താവനയിൽ പറഞ്ഞു.

എം എം ലോറൻസിന്റെ വിയോഗത്തിൽ കെ എൻ ബാല​ഗോപാൽ അനുശോചനം രേഖപ്പെടുത്തി

തിരുവനന്തപുരം > എം എം ലോറൻസിന്റെ വിയോഗം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വലിയ നഷ്ടമാണ് സൃഷ്ടിക്കുന്നതെന്ന്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. സമരഭരിതമായ ഒരു കാലം വിടവാങ്ങുകയാണ്. സ്വാതന്ത്ര്യ സമര, നവോത്ഥാന  കാലഘട്ടത്തിൽ ജീവിച്ചിരുന്ന വലിയ വിപ്ലവ പാരമ്പര്യമുള്ള സഖാവ് ലോറൻസിന്റെ ജീവിതവും രാഷ്ട്രീയവും പുതിയ തലമുറയ്ക്ക് പ്രചോദനമാണ്.

സാധാരണക്കാരുടെയും തൊഴിലാളികളുടെയും പാവപ്പെട്ടവരുടെയും ഇടത്തരക്കാരുടെയും ഉന്നമനത്തിനായി ജീവിതം സമർപ്പിച്ച ഉജ്വലനായ നേതാവായിരുന്നു അദ്ദേഹം. യാഥാസ്ഥിതികമായ ഒരു കുടുംബത്തിൽ ജനിച്ച എം എം ലോറൻസ് സ്വാതന്ത്ര്യ സമരത്തിലും പുരോഗമന ആശയങ്ങളിലും ആകൃഷ്ടനായാണ് പൊതുപ്രവർത്തനത്തിലേക്കെത്തുന്നത്.

അടിയുറച്ച കമ്മ്യൂണിസ്റ്റുകാരനായ അദ്ദേഹം സമൂഹത്തിലെ ഏറ്റവും താഴെക്കിടയിലെ തൊഴിലാളികളെ സംഘടിപ്പിച്ചു. തൊഴിലാളികളെ സംഘടിപ്പിക്കുകയും അവരുടെ അവകാശങ്ങൾക്കു വേണ്ടി സമരങ്ങൾ ചെയ്യുകയും ചെയ്തു.  സിപിഐഎമ്മിന്റെ കേന്ദ്ര കമ്മിറ്റി അംഗവും കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ കൺവീനറുമായി പ്രവർത്തിച്ച എം എം ലോറൻസ് ഒരുതവണ പാർലമെന്റ് അംഗവുമായിരുന്നു. എം എം ലോറൻസിന്റെ നിര്യാണത്തിൽ പ്രിയപ്പെട്ടവരുടെയും പാർട്ടി പ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും അനുശോചന സന്ദേശത്തിൽ ധനകാര്യ മന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top