22 December Sunday

ആയിരങ്ങളുടെ അന്ത്യപ്രണാമം

വെബ് ഡെസ്‌ക്‌Updated: Tuesday Sep 24, 2024

സ്വന്തം ലേഖകൻ
കൊച്ചി
അതുല്യനായ വിപ്ലവകാരിക്ക്‌, തൊഴിലാളികളുടെ പ്രിയപ്പെട്ട എം എം ലോറൻസിന്‌ രാഷ്‌ട്രീയ, സാംസ്‌കാരിക കേരളത്തിന്റെ യാത്രാമൊഴി. എം എം ലോറൻസ്‌ മുന്നിൽനിന്നു നയിച്ച എണ്ണമറ്റ പോരാട്ടങ്ങൾക്ക്‌ സാക്ഷിയായ മഹാനഗരത്തിൽനിന്നുള്ള അദ്ദേഹത്തിന്റെ അന്ത്യയാത്ര സമരകേരളത്തിന്റെ സാന്നിധ്യത്താൽ വികാരോജ്വലമായി.

ഭരണ, രാഷ്‌ട്രീയ, സാംസ്‌കാരിക രംഗത്തെ പ്രമുഖർമുതൽ വിദ്യാർഥികളും തൊഴിലാളികളും കച്ചവടക്കാരും സാധാരണക്കാരും ഉൾപ്പെടെ ആയിരങ്ങൾ ധീരനായ പോരാളിക്ക്‌ വീരോചിതപ്രണാമം അർപ്പിക്കാനെത്തി.
സിപിഐ എം പൊളിറ്റ്‌ ബ്യൂറോയ്‌ക്കുവേണ്ടി എം എ ബേബിയും സംസ്ഥാന കമ്മിറ്റിക്കായി ടി എം തോമസ്‌ ഐസക്കും എറണാകുളം ജില്ലാകമ്മിറ്റിക്കുവേണ്ടി സി എൻ മോഹനനും സിഐടിയുവിനായി സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീമും ദേശാഭിമാനിക്കായി ജനറൽ മാനേജർ കെ ജെ തോമസും റസിഡന്റ്‌ എഡിറ്റർ എം സ്വരാജും പുഷ്‌പചക്രമർപ്പിച്ചു.


സിപിഐ എം കേന്ദ്രകമ്മിറ്റി അംഗങ്ങളായ ഇ പി ജയരാജൻ, എ കെ ബാലൻ, പി സതീദേവി, സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗങ്ങളായ പി കെ ബിജു, കെ കെ ജയചന്ദ്രൻ, ആനാവൂർ നാഗപ്പൻ, മന്ത്രിമാരായ പി രാജീവ്, വി എൻ വാസവൻ, വി ശിവൻകുട്ടി, എം ബി രാജേഷ്‌, ആർ ബിന്ദു, പി എ മുഹമ്മദ്‌ റിയാസ്‌, കെ കൃഷ്‌ണൻകുട്ടി, സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം വിജയകുമാർ, സി എം ദിനേശ്‌മണി, കെ ചന്ദ്രൻപിള്ള, കെ പി ഉദയഭാനു, ജെ മേഴ്‌സിക്കുട്ടി അമ്മ, കെ വരദരാജൻ, ഇ എൻ മോഹൻദാസ്‌, കെ സോമപ്രസാദ്‌, ഗോപി കോട്ടമുറിക്കൽ, എം എം വർഗീസ്‌, സി വി വർഗീസ്‌, രാജു എബ്രഹാം, സി കെ ശശീന്ദ്രൻ, സൂസൻകോടി, കെ സജീവൻ, മുതിർന്ന നേതാക്കളായ വൈക്കം വിശ്വൻ, കെ എൻ രവീന്ദ്രനാഥ്‌ എന്നിവർ ആദരാഞ്‌ജലി അർപ്പിച്ചു.


പ്രൊഫ. എം കെ സാനു, നടൻ മമ്മൂട്ടി, എൻ എസ്‌ മാധവൻ, സിഐടിയു സംസ്ഥാന സെക്രട്ടറി കെ എൻ ഗോപിനാഥ്‌, കെ പി സഹദേവൻ, ജോൺ ഫെർണാണ്ടസ്‌, പി ആർ മുരളീധരൻ, സിപിഐ ദേശീയ എക്‌സിക്യൂട്ടീവ്‌ അംഗം കെ പ്രകാശ്‌ ബാബു, ഹൈബി ഈഡൻ എംപി, മുസ്ലിംലീഗ്‌ സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം, ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ്‌ വി വസീഫ്‌, സെക്രട്ടറി വി കെ സനോജ്‌, ബിജെപി സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ എ എൻ രാധാകൃഷ്‌ണൻ, കെ എസ്‌ രാധാകൃഷ്‌ണൻ, എംഎൽഎമാരായ പി വി ശ്രീനിജിൻ, കെ ജെ മാക്‌സി, പി നന്ദകുമാർ, കെ എൻ ഉണ്ണിക്കൃഷ്‌ണൻ, ആന്റണി ജോൺ, ഉമ തോമസ്‌, തോമസ്‌ കെ തോമസ്‌, ടി ജെ വിനോദ്‌, എംപിമാരായ പി പി സുനീർ, ഫ്രാൻസിസ്‌ ജോർജ്‌, കലക്ടർ എൻ എസ് കെ ഉമേഷ്, മേയർ എം അനിൽകുമാർ, കെ വി തോമസ്‌, പി സി ചാക്കോ, ലതിക സുഭാഷ്‌, തമ്പാൻ തോമസ്‌, ജോസ്‌ തെറ്റയിൽ, കെ വി അബ്ദുൾഖാദർ, പി രാജു, കെ എം ദിനകരൻ, മുഹമ്മദ്‌ ഷിയാസ്‌, കെ പി രാജേന്ദ്രൻ, കെ ഇ ഇസ്‌മയിൽ, ഡോ. ജോസ്‌ചാക്കോ പെരിയപ്പുറം, സെബാസ്റ്റ്യൻ പോൾ, കെ എം ഐ മേത്തർ, സുനിൽ പി ഇളയിടം, വീക്ഷണം എംഡി ജയ്‌സൺ ജോസഫ്, പി സി തോമസ്‌, സംവിധായകൻ ബി ഉണ്ണിക്കൃഷ്‌ണൻ, സിമി റോസ്‌ബെൽ ജോൺ, ഡിവൈഎഫ്‌ഐ നേതാക്കളായ മീനു സുകുമാരൻ, അനീഷ്‌ എം മാത്യു, എ ആർ രഞ്‌ജിത്, കെ പി ജയകുമാർ തുടങ്ങിയവരും അന്ത്യാഞ്‌ജലി അർപ്പിച്ചു.


ഇടപ്പള്ളി സ്‌റ്റേഷൻ ആക്രമണത്തിൽ കൊല്ലപ്പെട്ട കോൺസ്റ്റബിൾ കെ ജെ മാത്യുവിന്റെ മകൻ ജോസ്‌ കെ മാത്യു, കൊച്ചി ബിഷപ് ജോസഫ്‌ കരിയിൽ, വരാപ്പുഴ അതിരൂപത സഹായമെത്രാൻ ആന്റണി വാലുങ്കൽ എന്നിവരും അന്ത്യാഞ്‌ജലി അർപ്പിച്ചു.

 

 

 

 

സ്‌നേഹത്തണൽ മാഞ്ഞു,
അവർ വിതുമ്പി
സ്വന്തം ലേഖകൻ
കൊച്ചി
കരുതലിന്റെ സ്‌നേഹത്തണലായിരുന്നു റാഹേലിനും കർമലിക്കും എം എം ലോറൻസ്‌. അത്‌ എന്നന്നേക്കുമായി മാഞ്ഞതറിഞ്ഞപ്പോൾ ഇരുവരുടെയും മനസ്സുവിങ്ങി. പ്രിയപ്പെട്ട ലോറൻസ്‌ചേട്ടന്‌ അന്ത്യചുംബനം നൽകിയപ്പോൾ നിയന്ത്രണംവിട്ട്‌ അവർ നിലവിളിച്ചു. കരച്ചിലടക്കി ലോറൻസിന്‌ അരികിലിരുന്നപ്പോൾ ഇരുവരുടെയും
മനസ്സേറെ പിറകോട്ടുപോയി. ഇതുപോലെ കരഞ്ഞുതളർന്ന മറ്റൊരുദിനം ഓർമയിൽ തെളിഞ്ഞു; അമ്മയെ നഷ്ടമായ ആ ദിവസം.
‘‘ചെല്ലാനത്താണ്‌ ഞങ്ങളുടെ വീട്‌. തീരെ ചെറുപ്പത്തിലാണ്‌ അമ്മ മരിക്കുന്നത്‌. എനിക്കന്ന്‌ ഒമ്പത്‌ വയസ്സ്‌. കഷ്ടപ്പാടായിരുന്നു വീട്ടിൽ. ഞങ്ങൾ മൂന്ന്‌ ആണും രണ്ട്‌ പെണ്ണുമാണ്‌. ഞങ്ങളുടെ സങ്കടവും കഷ്ടപ്പാടുമെല്ലാം ലോറൻസ്‌ചേട്ടന്റെ ഭാര്യ ജോണ ചേച്ചിക്ക്‌ അറിയാമായിരുന്നു. അവർ അക്കാര്യങ്ങൾ ലോറൻസ്‌ചേട്ടനോട്‌ പറഞ്ഞു. ചേട്ടൻ ഞങ്ങളെ വീട്ടിലേക്കുകൂട്ടി. സ്വന്തം മക്കളെപ്പോലെ വളർത്തി. ചേട്ടന്റെ മക്കൾ ഞങ്ങളുടെ സഹോദരങ്ങളായി. വലിയകാര്യമായിരുന്നു ഞങ്ങളെ. പാർടിക്കാര്യങ്ങളൊക്കെ പറയുമായിരുന്നു. സമരത്തിൽ പങ്കെടുത്തതും പൊലീസിന്റെ അടികൊണ്ടതുമെല്ലാം. 19 വയസ്സുവരെ ലോറൻസ്‌ചേട്ടന്റെ വീട്ടിൽ നിന്നു’’–-റാഹേൽ പറഞ്ഞു. കല്യാണം കഴിഞ്ഞശേഷം റാഹേൽ മാരാരിക്കുളത്തും കർമലി പള്ളിത്തോടുമാണ്‌  താമസിക്കുന്നത്‌. ‘‘ലോറൻസ്‌ചേട്ടന്റെ കാര്യങ്ങളൊക്കെ അറിയുന്നുണ്ടായിരുന്നു. മക്കളെ ഇടയ്‌ക്ക്‌ വിളിക്കും. വയ്യെന്നറിഞ്ഞപ്പോൾ കാണാൻ വന്നിരുന്നു. അപ്പോൾ ചേട്ടൻ ആശുപത്രിയിലായിരുന്നു. ഞങ്ങൾക്ക്‌ ജീവൻ നഷ്ടമായ സങ്കടമാ’’–- റാഹേലും കർമലിയും പറഞ്ഞുനിർത്തുമ്പോൾ കണ്ണ്‌ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top