22 December Sunday

എം എം ലോറൻസിന്റെ മൃതദേഹം; കളമശേരി മെഡിക്കൽ കോളേജിന്‌ തീരുമാനിക്കാം

വെബ് ഡെസ്‌ക്‌Updated: Tuesday Sep 24, 2024

കൊച്ചി > അന്തരിച്ച സിപിഐ എം നേതാവ്‌ എം എം ലോറൻസിന്റെ മൃതദേഹം എന്തുചെയ്യണമെന്നതിൽ ഇനി അന്തിമതീരുമാനം എടുക്കേണ്ടത്‌ എറണാകുളം ഗവ. മെഡിക്കൽ കോളേജ്‌ അധികൃതർ. 1957ലെ കേരള അനാട്ടമി നിയമത്തിലെ വ്യവസ്ഥപ്രകാരം തീരുമാനമെടുക്കാനാണ്‌ മെഡിക്കൽ കോളേജ്‌ അധികൃതരോട്‌ ഹൈക്കോടതി നിർദേശിച്ചത്‌.

എം എം ലോറൻസിന്റെ ആഗ്രഹപ്രകാരം മൃതദേഹം വൈദ്യശാസ്‌ത്ര പഠനത്തിന്‌ വിട്ടുനൽകുന്നത്‌ ചോദ്യംചെയ്ത്‌ മക്കളിലൊരാൾ സമർപ്പിച്ച ഹർജി തീർപ്പാക്കിയാണ്‌ ഹൈക്കോടതി ഉത്തരവ്‌. അന്ത്യോപചാരം പൂർത്തിയാക്കിയ മൃതദേഹം ഹൈക്കോടതി നിർദേശപ്രകാരം മെഡിക്കൽ കോളേജ്‌ ഏറ്റെടുത്ത്‌ സൂക്ഷിച്ചിരിക്കുകയാണ്‌.

എം എം ലോറൻസിന്റെ ആഗ്രഹപ്രകാരം മൃതദേഹം മെഡിക്കൽ കോളേജിന്‌ കൈമാറാൻ മക്കളായ അഡ്വ. എം എൽ സജീവൻ, സുജാത ബോബൻ എന്നിവർ നടപടി പൂർത്തിയാക്കിയിരുന്നു. എന്നാൽ, മൃതദേഹം പള്ളിയിൽ സംസ്കരിക്കണമെന്നും അതിന്‌ ഇടവക വികാരിക്ക്‌ പൊലീസ്‌ സംരക്ഷണം നൽകണമെന്നും ആവശ്യപ്പെട്ട്‌ ഇളയമകൾ ആശ ഹൈക്കോടതിയിലെത്തി. ഇതോടെയാണ്‌ തർക്കമുയർന്നത്‌. അടിയന്തരപ്രാധാന്യത്തോടെ കേസ്‌ പരിഗണിച്ച കോടതി, ആശയുടെ ആവശ്യം അംഗീകരിക്കാതെ ഹർജി തീർപ്പാക്കി. മൃതദേഹം മെഡിക്കൽ കോളേജിൽ സൂക്ഷിക്കണമെന്നും ഉത്തരവാദപ്പെട്ട ഓഫീസർ നിയമാനുസൃതം അന്തിമതീരുമാനം എടുക്കണമെന്നും ജസ്റ്റിസ്‌ വി ജി അരുൺ നിർദേശിച്ചു. അനാട്ടമി നിയമത്തിലെ 4 (എ) വകുപ്പുപ്രകാരം, മരിച്ചയാൾ ഇതുസംബന്ധിച്ച്‌ മുൻകൂട്ടി തയ്യാറാക്കിയിട്ടുള്ള രേഖാമൂലമുള്ള വ്യവസ്ഥ നിർബന്ധമില്ലെന്നും മരണശയ്യയിൽ അദ്ദേഹം ഈ ആഗ്രഹം പറഞ്ഞതായി രണ്ടോ അതിലധികമോ ആളുകൾ സാക്ഷ്യപ്പെടുത്തിയാൽ മതിയെന്നും കോടതി നിരീക്ഷിച്ചു.  

മൃതദേഹം വൈദ്യശാസ്‌ത്രപഠനത്തിന്‌ നൽകണമെന്ന്‌ ഒപ്പം താമസിച്ചിരുന്ന തങ്ങളോട്‌ അച്ഛൻ പറഞ്ഞതായി മെഡിക്കൽ കോളേജിന്‌ സത്യവാങ്മൂലം നൽകിയിട്ടുണ്ടെന്ന്‌ മക്കളായ സജീവനും സുജാതയും കോടതിയെ അറിയിച്ചു. മകൾ ആശ മെഡിക്കൽ കോളേജിന്‌ നൽകിയിട്ടുള്ള പരാതികൂടി പരിഗണിച്ചാകും ബന്ധപ്പെട്ട ഓഫീസർ തീരുമാനമെടുക്കുക. അതിന്‌ പ്രത്യേക സമയപരിധി നിശ്ചയിച്ചിട്ടില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top