27 December Friday

വൈദ്യുത മേഖലയിൽ വൻ പുരോഗതി: മന്ത്രി എം എം മണി

വെബ് ഡെസ്‌ക്‌Updated: Monday Jun 11, 2018


നെടുങ്കണ്ടം
എൽഡിഎഫ് സർക്കാർ അധികാരമേറ്റ് രണ്ടുവർഷത്തിനിടെ വൈദ്യുതി  ഉൽപാദന വിതരണരംഗത്തും പാരമ്പര്യേതര ഊർജ ഉൽപാദനത്തിലും വൻ പുരോഗതി കൈവരിച്ചതായി മന്ത്രി എം എം മണി നെടുങ്കണ്ടത്ത്‌ വാർത്താസമ്മേളനത്തിൽ പറഞ്ഞു.  ഉൽപാദന‐പ്രസരണ‐ വിതരണ രംഗങ്ങളിൽ വൻ പുരോഗതിയാണ‌് ഉണ്ടായത‌്. രണ്ടു വർഷംകൊണ്ട് 140 മെഗാവാട്ട് വൈദ്യുതി അധികം ഉൽപാദിപ്പിക്കാനായി. കഴിഞ്ഞ യുഡിഎഫ് സർക്കാർ 85 മെഗാവാട്ടായിരുന്നു അഞ്ചുവർഷം കൊണ്ട് ഉൽപാദിപ്പിച്ചത്. സംസ്ഥാനത്തെ ഏക ആദിവാസി പഞ്ചായത്തായ ഇടമലക്കുടിയിലുൾപ്പെടെ കേരളമെങ്ങും സമ്പൂർണ  വൈദ്യുതീകരണം യാഥാർഥ്യമാക്കി. 1,51,076 വീടുകൾ വൈദ്യുതീകരിച്ചു. എല്ലാ ബിപിഎൽ കുടുംബങ്ങൾക്കും വീട് വയറിങ‌് സൗജന്യമാക്കി. കടുത്തവേനലിലും പവർകട്ടും ലോഡ് ഷെഡിങ്ങും ഒഴിവാക്കി. ആകെ 21.1 മെഗാവാട്ട് ശേഷിയുള്ള നാല‌് ചെറുകിട പദ്ധതിയും രണ്ട് സൂഷ്മ പദ്ധതികളും കമീഷൻ ചെയ്തു.

മുൻ സർക്കാരിന്റെ കാലത്ത് മുടങ്ങിക്കിടന്ന മൊത്തം 106 മെഗാവാട്ട് ശേഷിവരുന്ന മൂന്ന്‌ ജല വൈദ്യുത പദ്ധതികളുടെ നിർമാണം പുനഃരാരംഭിച്ചു. പഴക്കംചെന്ന ജല വൈദ്യുതീകരണ പദ്ധതികളായ ഇടുക്കി ഒന്നാംഘട്ടം, പൊരിങ്ങൽകുത്ത്, ഷോളയാർ, കുറ്റ്യാടി പദ്ധതികളുടെ ശേഷി വർധിപ്പിക്കൽ ലക്ഷ്യമിട്ട് പുനരുദ്ധാരണ പ്രക്രിയ നടക്കുന്നു.
വൈദ്യുതി വകുപ്പിനുകീഴിൽ നടക്കുന്ന അഞ്ച് പ്രധാന പദ്ധതികൾ ഒന്നിച്ചുചേർത്ത് ഊർജ കേരള മിഷൻ എന്നപേരിൽ നടപ്പാക്കുകയാണ്. ഇതിന്റെ ഉദ്‌ഘാടനം 14 ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി നിർവഹിക്കും. സോളാർ, എൽഇഡി ബൾബ്, വിതരണ ശൃംഖല,  പ്രസരണ മേഖല‐ട്രാൻസ് ഗ്രിഡ്, അപകട രഹിത പദ്ധതി‐ ഇ സേഫ് എന്നിവയാണ് നടപ്പിലാക്കുക.

തൊഴിൽരഹിതർക്ക് കൈത്താങ്ങായി കെഎസ്ഇബി മസ്തൂർമാരുടെ റാങ്ക് ലിസ്റ്റിൽ നിന്നും പരമാവധി നിയമനം, 2017 ഡിസംബർ 31 വരെയുള്ള ഒഴിവുകൾ കണക്കാക്കി 1010 പേർക്ക്് നിയമന ശുപാർശ, കാഷ്യർ തസ്തികയിലും ഇരുന്നൂറിലധികം നിയമനം, അസി. എൻജിനിയർ, സബ് എൻജിനിയർ തുടങ്ങി മറ്റ് തസ്തികകളും ചേർത്ത് 1291 പേർക്ക് നിയമനം നൽകി. രണ്ടുവർഷത്തിനുള്ളിൽ എൽഡിഎഫ് സർക്കാർ വൈദ്യുതി വകുപ്പിൽ മാത്രം 2500 സ്ഥിര നിയമനം നൽകി. വൈദ്യുതി ബിൽ എവിടെയും എപ്പോഴും അടയ്ക്കാൻ സൗകര്യം ഉണ്ടാക്കി.  ബിൽ അടയ്ക്കാൻ മൊബൈൽ ആപ്പും സാധ്യമാക്കി. പരാതികൾ സ്വീകരിക്കാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന 1912 നമ്പർ, വാട്സ് ആപ്പ് വഴിയും പരാതി നൽകാം. ബില്ലടയ്ക്കാൻ വെബ്സൈറ്റും. കണക്ഷൻ നടപടികൾ ലഘൂകരിച്ചു. 

2016‐17 ലെ ദേശീയ ഊർജ സംരക്ഷണ അവാർഡ് കേരളത്തിന് നേടാനായി. ചെറുകിട പദ്ധതികൾക്ക് ഊന്നൽ, കെഎസ്ഇബിയിലെ സ്ഥലംമാറ്റം ഓൺ ലൈനിലാക്കിയതുൾപ്പെടെ എടുത്തു പറയത്തക്ക നിരവധി നേട്ടങ്ങൾ കൈവരിക്കാൻ വകുപ്പിനായിട്ടുണ്ടെന്നും മന്ത്രി  എം എം മണി  പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top