മയ്യഴി
വ്യക്തികളുടെ മനോവ്യാപാരത്തോടൊപ്പം സമൂഹത്തെക്കൂടി പ്രതിഫലിപ്പിക്കുന്ന എം മുകുന്ദന്റെ രചനകളിൽ കൃത്യമായ രാഷ്ട്രീയം ഉള്ളതിനാലാണ് അമ്പത് വർഷത്തിനിപ്പുറവും മയ്യഴിപ്പുഴയുടെ തീരങ്ങളിൽ ആഘോഷിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എം മുകുന്ദൻ എന്നും സാധാരണ ജനങ്ങളുടെ ജീവിതമാണ് യഥാതദമായി എഴുത്തിൽ പ്രതിഫലിപ്പിച്ചത്. അതിനാലാണ് മലയാളികളുടെ മനഃകണ്ണാടിയിൽ മായാതെ ഇന്നും അദ്ദേഹത്തിന്റെ എഴുത്തുകൾ നിലനിൽക്കുന്നത്. കേരള സാഹിത്യ അക്കാദമി ആഭിമുഖ്യത്തിൽ എം മുകുന്ദന്റെ ‘മയ്യഴിപ്പുഴയുടെ തീരങ്ങളിൽ' നോവലിന്റെ അമ്പതാം വാർഷിക സമ്മേളനം മയ്യഴി ഇ വത്സരാജ് സിൽവർ ജൂബിലി ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
മയ്യഴിപ്പുഴയുടെ തീരങ്ങളിൽ പുസ്തകം പുറത്തിറങ്ങിയ കാലത്ത് അരാഷട്രീയവാദത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന വിമർശനം ഉണ്ടായിട്ടുണ്ട്. എന്നാൽ, ദാസന്റെ അസ്തിത്വവാദ ദർശനത്തോടൊപ്പം സമൂഹത്തിന്റെ രാഷ്ട്രീയം കൂടി തിരിച്ചറിയുന്നതിലൂടെയാണ് നോവൽ കാലാതീതമായത്. അമ്പതുവർഷങ്ങൾ കഴിയുന്ന സന്ദർഭത്തിലും ആ കൃതിക്ക് പുതിയ പതിപ്പുകളിറങ്ങുന്നു. പുതിയ തലമുറകൾ അതിനെ ഏറ്റെടുക്കുന്നു. മലയാളികൾ ഉള്ളിടങ്ങളിലെല്ലാം ആഘോഷിക്കപ്പെടുന്നു.
‘കേശവന്റെ വിലാപങ്ങൾ’ എന്ന പുസ്തകത്തിൽ താനടങ്ങിയ പ്രസ്ഥാനത്തെയാണ് പരിഹസിക്കുന്നത്. ഒരു നാട് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ഗാഢമായി ആശ്ലേഷിക്കുന്നത് ആ രചനയിൽ കാണാം. ഇ എം എസിനെപ്പോലുള്ള ഒരു നേതാവിനോടുള്ള മലയാളിയുടെ സ്‌നേഹത്തിന്റെ അടയാളങ്ങളും പുസ്തകത്തിൽ ദൃശ്യമാണ്. അതൊരു കറുത്ത പരിഹാസമാണെന്ന വിമർശനമുണ്ടായിട്ടുണ്ട്. അങ്ങനെ ആണെങ്കിൽതന്നെ അത്തരം കൃതികൾ എഴുതാനുള്ള എം മുകുന്ദന്റെ സ്വാതന്ത്ര്യത്തെ മാനിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിന്റെ പല ഭാഗങ്ങളിൽ ഉജ്വലങ്ങളായ കർഷക സമരങ്ങളും സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട പോരാട്ടങ്ങളും നടന്നിട്ടുണ്ട്. എന്നാൽ, മലയാള സാഹിത്യത്തിൽ ആ പോരാട്ടങ്ങളെ അടിസ്ഥാനമാക്കിയ രചനകളൊന്നും ഉണ്ടായിട്ടില്ല. ഇതാണു പൊതുവിൽ വിപ്ലവ പോരാട്ടങ്ങളോട് മലയാള സാഹിത്യകാർക്കുള്ള സമീപനം.
എന്നാൽ, അടിമുടി രാഷ്ട്രീയക്കാരനല്ലാത്ത എം മുകുന്ദൻ, തന്റെ നാടിന്റെ, - മയ്യഴിയുടെ - രാഷ്ട്രീയ സമരത്തെ പശ്ചാത്തലത്തിൽവച്ചുകൊണ്ടും അതിനെ കൃത്യമായി അടയാളപ്പെടുത്തിക്കൊണ്ടും നോവൽ രചിച്ചു. എം മുകുന്ദൻ ഇപ്പോഴും സാധാരണ ജനങ്ങൾക്കുവേണ്ടി എഴുതിക്കൊണ്ടിരിക്കുകയാണെന്നും മുഖ്യ
മന്ത്രി പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..