തിരുവനന്തപുരം> കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസമേഖലയെ തകർത്തുകൊണ്ട്, സംഘപരിവാർ തിട്ടൂരം നടപ്പാക്കാനുള്ള ധൃതിപിടിച്ച പദ്ധതികളാണ് ചാൻസിലർ പദവിയുള്ള ഗവർണറും അദ്ദേഹത്തിന്റെ നോമിനികളായ വൈസ് ചാൻസിലർമാരും സർവ്വകലാശാലകളിൽ നടപ്പാക്കാൻ ശ്രമിക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം സ്വരാജ്.
കേരളത്തെ തകർക്കാനുള്ള സംഘപരിവാറിന്റെ ഇത്തരം പ്രതിലോമപ്രവർത്തനങ്ങളെ പരാജയപ്പെടുത്താനുള്ള ജനകീയസമരങ്ങൾ സംസ്ഥാനത്തെ എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും ഉയർന്നുവരുമെന്നും സ്വരാജ് പറഞ്ഞു. കേരളസർവകലാശാല കാര്യവട്ടം ക്യാമ്പസിൽ വിദ്യാഭ്യാസ സംരക്ഷണ സമിതി സംഘടിപ്പിച്ച ഉന്നതവിദ്യാഭ്യാസ സംരക്ഷണ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സർവ്വകലാശാലകളുടെ ചാൻസിലർ എന്ന പദവി ഭരണഘടനവഴി ഗവർണറിൽ നിക്ഷിപ്തമായിട്ടുള്ള കടമയല്ല. ഉന്നതമായ ജനാധിപത്യ മൂല്യങ്ങൾ മുൻനിർത്തി കേരളം കനിഞ്ഞു നൽകിയ സൗമനസ്യമാണ്. നൽകിയ പദവി സ്വീകരിച്ച് കേരളത്തെ തന്നെ തകർക്കാനായി നില്ക്കുകയാണ് ഗവർണർ. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വിവിധ രംഗങ്ങളിൽ കേരളം കൈവരിച്ച പുരോഗതിയുടെ കാരണങ്ങൾക്ക് പിൻബലമായി പ്രവർത്തിക്കുന്നത് നമ്മുടെ വിദ്യാഭ്യാസ രംഗത്തെ വളർച്ചയാണ്.
വിദ്യാഭ്യാസ രംഗത്തെ ആക്രമിച്ച് കീഴ്പ്പെടുത്തുന്നതിലൂടെ കേരളത്തെ രാഷ്ട്രീയമായി വരുതിയിലാക്കാം എന്നാണ് സംഘപരിവാറും ചാൻസിലറായ ഗവർണറും കരുതുന്നത്. കേരളത്തെ ധൈഷണികമായും സാംസ്കാരികമായും തകർത്തുകൊണ്ട് വിഭജനത്തിന്റെ രാഷ്ട്രീയം വളർത്താനുള്ള വർഗ്ഗീയ സംഘടനകളുടെ നീക്കത്തെ ശക്തിയായി പ്രതിരോധിക്കുമെന്നും കേരളത്തിന്റെ വൈജ്ഞാനിക കേന്ദ്രങ്ങളെ തകർക്കാനനുവദിക്കില്ലെന്നും വിദ്യാഭ്യാസസംരക്ഷണകൂട്ടായ്മയ്ക്ക് അദ്ധ്യക്ഷത വഹിച്ച എഫ്‍യുടിഎ ജനറൽ സെക്രട്ടറി ഡോ. എസ് നസീബ് പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..