മലപ്പുറം
പലസ്‌തീനിൽ ഇസ്രയേൽ നടത്തുന്ന വംശഹത്യയെ മതവിഷയമായി വ്യാഖ്യാനിക്കുന്നത് അസംബന്ധമാണെന്നും അവിടെ നടക്കുന്നത് ആയുധക്കച്ചവടം ലക്ഷ്യമാക്കിയ അമേരിക്കയുടെ പിന്തുണയോടെയുള്ള ഉന്മൂലനമാണെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം സ്വരാജ് പറഞ്ഞു. പലസ്‌തീനിലെ ഇസ്രയേൽ അധിനിവേശത്തിനെതിരെ സിപിഐ എം ടൗൺ ഹാളിൽ സംഘടിപ്പിച്ച യുദ്ധവിരുദ്ധ റാലി ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
ഇസ്രയേൽ അധിനിവേശത്തിനെതിരെ ഏറ്റവും വലിയ പ്രക്ഷോഭം നടക്കുന്നത് നെതന്യാഹുവിന്റെ വസതിക്ക് മുന്നിലാണ്. ഏഴര ലക്ഷം ജൂതരാണ് യുദ്ധവിരുദ്ധ റാലിയിൽ പങ്കെടുത്തത്. അമേരിക്കയിലും സമാന പ്രക്ഷോഭം നടക്കുന്നു. ഞങ്ങളുടെ പേരിലുള്ള വംശഹത്യ അവസാനിപ്പിക്കണമെന്നാണ് അവരുടെ ആവശ്യം.
സിപിഐ എം പലസ്‌തീൻ ഐക്യദാർഢ്യ റാലി നടത്തിയപ്പോൾ അത് തെരഞ്ഞെടുപ്പിൽ വോട്ട് കിട്ടാനാണെന്ന് വിമർശിച്ചവരുണ്ട്. ഇപ്പോഴുേം സിപിഐ എം ഐക്യദാർഢ്യ റാലികൾ നടത്തുന്നു. എന്നാൽ, തെരഞ്ഞെടുപ്പ് കാലത്ത് പരിപാടി നടത്തിയ പലരെയും ഇന്ന് കാണാനില്ല.
പലസ്‌തീൻ അധിനിവേശത്തിനുപിന്നിൽ സാമ്രാജ്യത്വ താൽപ്പര്യംമാത്രമാണ്. ദേശീയ വരുമാനത്തിന്റെ ഗണ്യമായ പങ്കും ആയുധ നിർമാണത്തിന് നീക്കിവെക്കുന്ന രാജ്യമാണ് അമേരിക്ക. ലോകമാകെ സംഘർഷമുണ്ടാകണം എന്നാണ് അവർ ആഗ്രഹിക്കുന്നത്. പലസ്തീനിൽ അമേരിക്കൻ സൈന്യത്തിന്റെ പിന്തുണയോടെ വംശഹത്യയാണ് നടക്കുന്നത്. അരലക്ഷം പേർ ഇതിനകം കൊല്ലപ്പെട്ടു. അഭയാർഥി ക്യാമ്പുകളും ആശുപത്രികളും ആക്രമിക്കപ്പെടുന്നു.
ഇസ്രയേൽ എന്ന രാജ്യം സാമ്രാജ്യത്വത്തിന്റെ സൃഷ്ടിയാണ്. ആ രാജ്യത്തെ അംഗീകരിക്കാൻ സ്വാതന്ത്ര്യാനന്തര ഇന്ത്യ തയ്യാറായിരുന്നില്ല. അവിടേക്ക് അംബാസിഡറെ അയച്ചിരുന്നില്ല. അതിൽ മാറ്റംവന്നത് നരസിംഹ റാവുവിന്റെ ഭരണത്തിലാണ്. ഇന്ന് ഇസ്രയേലിനെ പിന്തുണയ്‌ക്കുന്ന ഏക മൂന്നാം ലോക രാജ്യമാണ് ഇന്ത്യ. അവർക്ക് ആയുധം നൽകി സഹായിക്കാനും ഇന്ത്യക്ക് മടിയില്ല. സംഘപരിവാർ നിയന്ത്രിക്കുന്ന ഭരണകൂടം ഈ നിലപാടെടുത്തതിൽ അതിശയിക്കാനില്ല. ഹിറ്റ്‌ലറെയും മുസോളിനിയെയും പിന്തുണച്ചവരാണവരെന്നും സ്വരാജ് പറഞ്ഞു.
സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റംഗം വി എം ഷൗക്കത്ത്, വി പി അനിൽ, പി കെ ഖലിമുദ്ദീൻ, പി കെ അബ്ദുള്ള നവാസ് എന്നിവർ സംസാരിച്ചു. ഏരിയാ സെക്രട്ടറി കെ മജ്‌നു സ്വാഗതവും ജില്ലാ സെക്രട്ടറിയറ്റംഗം കെ പി സുമതി നന്ദിയും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..