കൊല്ലംപാറ > സ്വാതന്ത്ര്യത്തിനുശേഷം ഇന്ത്യ ഇത്രമാത്രം അപകടകരമായ അവസ്ഥയിലേക്ക് പോയിട്ടില്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം സ്വരാജ്. യുവതയുടെ ശക്തമായ രാഷ്‌ട്രീയ പ്രതിരോധത്തിന്റെ അനിവാര്യത കാലം ആവശ്യപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഡിവൈഎഫ്ഐ നേതാവായിരുന്ന കരിന്തളം കീഴ്‌മാലയിലെ കെ സുരേഷിന്റെ 15-ാം ചരമവാർഷികത്തോടനുബന്ധിച്ച് നീലേശ്വരം ബ്ലോക്ക് കമ്മിറ്റി കൊല്ലമ്പാറയിൽ സംഘടിപ്പിച്ച അനുസ്‌മരണയോഗം ഉദ്‌ഘാടനംചെയ്യുകയായിരുന്ന അദ്ദേഹം.
രാജ്യത്തിന്റെ വൈവിധ്യങ്ങൾ തകർന്നാൽ നാനാത്വമില്ല. ഹുന്ദുവും മുസ്ലിമും ക്രിസ്‌ത്യാനികളും മറ്റുമതസ്ഥരും അധിവസിക്കുന്ന ഇന്ത്യയെ മതേതരരാഷ്‌ട്രമായി കാണാനാണ് നാം ആഗ്രഹിക്കുന്നത്. എന്നാൽ നാനാത്വത്തിൽ ഏകത്വമുള്ള നമ്മുടെ രാജ്യത്തെ ഹിന്ദുരാഷ്‌ട്രമാക്കാനാണ് ആർഎസ്എസ് - സംഘപരിവാർ ശ്രമിക്കുന്നത്. മതനിരപേക്ഷ ഇന്ത്യ കെട്ടിപ്പടുക്കാനാണ് നമ്മുടെ ശ്രമം. രാജ്യത്തെ പൗരൻമാർക്ക് ഏതുമതത്തിലും വിശ്വസിക്കാം, അതനുസരിച്ച് ജീവിക്കാം. സ്വരാജ് പറഞ്ഞു. ബ്ലോക്ക് പ്രസിഡന്റ് എം വി ദീപേഷ് അധ്യക്ഷനായി.
സിപിഐ എം നീലേശ്വരം ഏരിയാസെക്രട്ടറി എം രാജൻ, ടി കെ രവി, കെ ലക്ഷ്‌മണൻ, പാറക്കോൽ രാജൻ, വി പ്രകാശൻ, കെ സനുമോഹൻ, അമൃത സുരേഷ്, പി അഖിലേഷ്, വി മുകേഷ്, സുജിത്ത് കുമാർ, സിനീഷ് കുമാർ, പി അഭിജിത്ത്, എം എ നിതിൻ, എൻ കെ ഭാസ്‌കരൻ എന്നിവർ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി എം വി രതീഷ് സ്വാഗതവും കെ വി അജിത് കുമാർ നന്ദിയും പറഞ്ഞു. രാവിലെ കീഴ്‌മാലയിലെ സ്‌മാരകസ്‌തൂപത്തിൽ സിഐടിയു ജില്ലാ ജനറൽസെക്രട്ടറി സാബു അബ്രഹാം പുഷ്‌പചക്രം അർപ്പിച്ചു. ബ്ലോക്ക് പ്രസിഡന്റ് എം വി ദീപേഷ് പതാക ഉയർത്തി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..