കൊച്ചി
സ്‌നേഹത്തിന്റെ, നന്ദിയുടെ നിറവുണ്ടായിരുന്നു ആ പിറന്നാൾ ആശംസകൾക്ക്. ഹൃദയത്തിൽനിന്നുള്ള വാക്കുകളെ ചെറുപുഞ്ചിരിയോടെ മനസ്സോടുചേർത്ത് മലയാളത്തിന്റെ മഹാസുകൃതം. പിന്നാലെ പിറന്നാൾ സമ്മാനമായി സ്‌ക്രീനിൽ തെളിഞ്ഞു ‘മനോരഥങ്ങളുടെ’ ദൃശ്യങ്ങൾ. എം ടിയുടെ മിഴികൾ തിളങ്ങി. കാലാതിവർത്തിയായ സൃഷ്ടികൾ സമ്മാനിച്ച് സാഹിത്യത്തിന്റെയും സിനിമയുടെയും വിസ്‌മയലോകത്തേക്ക് നയിച്ച എം ടി വാസുദേവൻനായരുടെ 91–-ാം പിറന്നാൾ ആഘോഷിച്ച് ആരാധകർ. എം ടിയുടെ ഒമ്പത് കഥകളുടെ ചലച്ചിത്രാവിഷ്‌കാരമായ മനോരഥങ്ങളുടെ ട്രെയ്‌ലർ റിലീസ് അദ്ദേഹത്തിനുള്ള പിറന്നാൾസമ്മാനമായി.
കൊച്ചിയിൽ എം ടിയുടെ സാന്നിധ്യത്തിലായിരുന്നു റിലീസ്. മലയാളത്തിന്റെ പ്രിയ നടൻ മമ്മൂട്ടി ഉൾപ്പെടെയുള്ള താരങ്ങളുടെയും സംവിധായകരുടെയും സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖരുടെയും സാന്നിധ്യത്തിൽ എം ടി പിറന്നാൾ കേക്ക് മുറിച്ചു. മധു, മമ്മൂട്ടി, മോഹൻലാൽ, മന്ത്രി പി രാജീവ്, മനോരഥങ്ങൾ സംവിധാനംചെയ്‌ത പ്രിയദർശൻ, ജയരാജ്, സിബി മലയിൽ, ബി ഉണ്ണിക്കൃഷ്‌ണൻ, രഞ്‌ജിത്ത്, ശ്യാമപ്രസാദ്, സന്തോഷ് ശിവൻ, മഹേഷ് നാരായണൻ, രതീഷ് അമ്പാട്ട്, താരങ്ങളായ ബിജു മേനോൻ, ഇന്ദ്രജിത്ത്, ആസിഫലി, സീ എന്റർടെയ്‌ൻമെന്റ് സിഇഒ പുനീത് ഗോയങ്ക തുടങ്ങിയവർ ആശംസകൾ നേർന്നു.
സീ ഫൈവ് ഒടിടി പ്ലാറ്റ്‌ഫോമിലൂടെയാണ് ചിത്രം ആഗസ്‌തിൽ പ്രേക്ഷകരിലേക്ക് എത്തുക. ഓളവും തീരവും, ശിലാലിഖിതം, കഡുഗണ്ണാവ–- ഒരു യാത്രക്കുറിപ്പ്, ഷെർലക്ക്, അഭയംതേടി, വീണ്ടും, സ്വർഗം തുറക്കുന്ന സമയം, കാഴ്ച, കടൽക്കാറ്റ്, വിൽപ്പന തുടങ്ങിയ സിനിമകളാണ് ചിത്രസഞ്ചയത്തിൽ.
ഭാഗ്യം : മോഹൻലാൽ
എം ടിയുടെ കഥാപാത്രങ്ങളായി അഭിനയിക്കാൻ കഴിഞ്ഞത് ഭാഗ്യമെന്ന് മോഹൻലാൽ പറഞ്ഞു. എം ടിയുടെ ഒമ്പത് കഥകളുടെ ഒമ്പത് സിനിമകളാണ് മനോരഥങ്ങൾ. ഇതിൽ ഓളവും തീരവുമെന്ന സിനിമയിലാണ് താൻ അഭിനയിച്ചിരിക്കുന്നതെന്നും ഒത്തിരി പ്രത്യേകത ഈ ചിത്രത്തിനുണ്ടെന്നും ലാൽ ആശംസാസന്ദേശത്തിൽ പറഞ്ഞു.
അത്ഭുതം : -മമ്മൂട്ടി
എം ടിയുടെ ചെറുപ്പം അത്ഭുതപ്പെടുത്തുന്നുവെന്ന് മമ്മൂട്ടി. എല്ലാ കാര്യങ്ങളെയും കുറിച്ചുള്ള ഏറ്റവും പുതിയ അറിവുകളാണ് എം ടിയുടെ ചെറുപ്പം. തിരക്കഥയ്‌ക്ക് സാഹിത്യരൂപമുണ്ടാക്കിയത് എം ടിയാണ്. അദ്ദേഹത്തിന് ഒരിക്കലും പ്രായമാകുന്നില്ല– -മമ്മൂട്ടി പറഞ്ഞു.
കുടുംബാംഗം : മധു
എം ടി കുടുംബാംഗമാണെന്ന് മധു. നേരിട്ട് കാണുംമുമ്പേ അദ്ദേഹത്തിന്റെ ആരാധകനായിരുന്നു. ധാരാളം കൃതികൾ ഇനിയും അദ്ദേഹത്തിൽനിന്നും കിട്ടാനുണ്ട്.
ലോകസാഹിത്യത്തിന് മലയാളം നൽകിയ
സംഭാവന : പി രാജീവ്
ലോകസാഹിത്യത്തിന് മലയാളം നൽകിയ മഹത്തായ സംഭാവനയാണ് എം ടിയെന്ന് മന്ത്രി പി രാജീവ്. വാക്കുകളെയും വിശേഷണങ്ങളെയും അപ്രസക്തമാക്കുന്നതാണ് അദ്ദേഹത്തിന്റെ വ്യക്തിത്വം. എം ടി എഴുത്തിൽ ചെറുപ്പമാണ്. നിരന്തരം നവീകരിച്ച് എഴുതാൻ കഴിയുന്നുവെന്നതാണ് മഹത്വം– -മന്ത്രി പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..